രക്ഷയാഗ്രഹിക്കുന്നവരോട്...
(PART_ 01)
┈┈•✿❁✿•••┈
നബി (സ്വ) പറഞ്ഞു: എല്ലാ മനുഷ്യരും രാവിലെ പുറപ്പെടും. എന്നിട്ട് സ്വന്തത്തെ വിൽക്കും. ഒന്നുകിൽ ശിക്ഷയിൽ നിന്ന് സ്വന്തത്തെ മോചിപ്പിക്കും. അല്ലെങ്കിൽ ശിക്ഷയിൽ കൊണ്ടു പോയി തളളും. (മുസ്ലിം) മുഹമ്മദ്ബനു കഅബ് അൽ ക്വുറളി
(റഹി) പറഞ്ഞു: ഈ ദുനിയാവ് ഒരു അങ്ങാടിയാകുന്നു. ചിലർ അതിൽ നിന്നു പരലോകത്തേക്ക് ഉപകാരമുളളതുമായി പുറത്തു പോകുന്നു. മറ്റു ചിലർ ഉപദ്രവമുളളതുമായി പുറത്തു പോകുന്നു. എത്രയോ മനുഷ്യരെ ദുനിയാവ് വഞ്ചിച്ചിരിക്കുന്നു. അവരുടെ മരണം വന്നെത്തുന്നത് വരെ.
നമ്മൾ?
┈┈•✿❁✿•••┈
പ്രിയപ്പെട്ടവരെ, മരണം നമ്മെയും പിടികൂടി ഈ ലോകത്ത് നിന്ന് നാം യാത്ര പോകുമ്പോൾ ഉപകാരമുളളതുമായിട്ടാണോ നമ്മുടെ യാത്രയെന്ന് ഗൌരവമായി ആലോചിക്കണം. രണ്ടു വിഭാഗം മനുഷ്യരുണ്ട്. ഭാഗ്യം നേടുന്നവരും ദൌർഭാഗ്യവാന്മാരും. നമ്മൾ രണ്ടിലൊരാളാണ്.
അല്ലാഹു പറഞ്ഞത് നോക്കൂ. അപ്പോള്‍ അവരുടെ കൂട്ടത്തില്‍ നിര്‍ഭാഗ്യവാനും സൗഭാഗ്യവാനുമുണ്ടാകും. എന്നാല്‍ നിര്‍ഭാഗ്യമടഞ്ഞവരാകട്ടെ അവര്‍ നരകത്തിലായിരിക്കും. അവര്‍ക്കവിടെ നെടുവീര്‍പ്പും
തേങ്ങിക്കരച്ചിലുമാണുണ്ടായിരിക്കുക….എന്നാല്‍ സൗഭാഗ്യം സിദ്ധിച്ചവരാകട്ടെ, അവര്‍ സ്വര്‍ഗത്തിലായിരിക്കും.
ആകാശങ്ങളും ഭൂമിയും നിലനില്‍ക്കുന്നിടത്തോളം അവരതില്‍ നിത്യവാസികളായിരിക്കും.(സൂറത്തു ഹൂദ്)
നമ്മൾ ഇതിൽ രണ്ടിലൊരു വിഭാഗത്തിലാണ്. സൌഭാഗ്യവാനാണോ? അതോ ദൌർഭാഗ്യവാനാണോ?
രക്ഷയുടെ വഴി...
┈┈•✿❁✿•••┈
സൌഭാഗ്യമാണ് നാം കൊതിക്കുന്നത്. രക്ഷാഗ്രഹിക്കുന്നവർ അതിനുളള മാർഗത്തിലൂടെ സഞ്ചരിക്കണം.
കപ്പലൊരിക്കലും കരയിലൂടെ സഞ്ചരിക്കാറില്ല. അതു പോലെ രക്ഷയാഗ്രഹിക്കുന്നവർ വഴി തെരഞ്ഞെടുക്കുമ്പോൾ
രക്ഷയുടെ വഴിയാണെന്ന് ഉറപ്പു വരുത്തുക. ഈ ലോകത്ത് രക്ഷപ്പെടാനുളള പല വഴികളും നമ്മുടെ മുന്നിലുണ്ട്.
എന്നാൽ പരലോകത്തോ? എങ്ങനെയാണ് എന്റെ റബ്ബിന്റെ മുമ്പിൽ വിജയിയായി
നിൽക്കാൻ സാധിക്കുക എന്ന് ചിന്തിച്ചിട്ടുണ്ടോ? '
മഹനായ ഉഖ്ബത്തു ബ്നു ആമിർ (റ) നബി യോട് ചോദിച്ചു നബിയെ, എന്താണ് രക്ഷ? അപ്പോൾ നബി (സ്വ) പറഞ്ഞു:
നീ നിന്റെ നാവിനെ പിടിച്ചു വെക്കുക, നിന്റെ വീടു വീശാലമാക്കുക. നിന്റെ പാപങ്ങളെക്കുറിച്ചു ആലോചിച്ചു
കരയുക. (തിർമുദി)
രക്ഷയുടെ വഴിയായി നബി (സ്വ) പഠിപ്പിച്ച ഈ മൂന്ന് കാര്യങ്ങളെക്കുറിച്ച് നമുക്കു വിവരിച്ചു തുടങ്ങാം
തുടരും..... അല്ലാഹു അനുഗ്രഹിക്കട്ടെ...
സ്നേഹ പൂർവ്വം
സമീർ മുണ്ടേരി
ജുബൈൽ
00 Comments