നന്മയുടെ വസന്തകാലം...
┈•✿❁✿•••┈
റമദാൻ... നന്മകൾ പെയ്തിറങ്ങിയ വസന്ത മാസം. ആയിരം മാസങ്ങളെക്കാൾ ശ്രേഷ്ഠതയുളള ലൈലത്തുൽ ഖദ്റിന്റെ
ഒരു രാത്രി കൊണ്ട് ധന്യമായ മാസം. ആയിരത്തിലധികം ശത്രുക്കളെ, ആദർശത്തിന്റെ കരുത്തു കൊണ്ട് പരാജയപ്പെടുത്തിയ ബദറിന്റെ സുന്ദര സ്മരണകൾ സമ്മാനിച്ച റമദാൻ, പ്രതിഫലം ആഗ്രഹിച്ചു നോമ്പു നോൽക്കുന്നവർക്കും രാത്രി നമസ്കരിക്കുന്നവർക്കും അവരുടെ മുൻപാപങ്ങൾ പൊറുത്തു കൊടുക്കുമെന്ന്
സന്തോഷ വാർത്ത അറിയിക്കപ്പെട്ട വിശുദ്ധ മാസം. സ്വർഗത്തിന്റെ കവാടങ്ങൾ മലർക്കെ തുറന്നിടുമെന്നും
നരക കവാടങ്ങൾ കൊട്ടിയടക്കപ്പെടുമെന്നും മനുഷ്യരെ തെറ്റിലേക്ക് നയിക്കുന്ന പിശാചിനെ ബന്ധിപ്പിക്കുമെന്നും അറിയിച്ചു തന്ന മാസം. കഴിഞ്ഞു പോയവരും വരാനിരിക്കുന്നവരുമായ മുഴുവൻ ജനങ്ങളെയും വഴി കാണിക്കാൻ വേണ്ടി
അല്ലാഹു അവതരിപ്പിച്ച വേദഗ്രന്ഥങ്ങളായ തൌറാത്തും, ഇഞ്ചീലും ക്വുർആനും അല്ലാഹു അവതരിപ്പിച്ച മാസം.
അതെ, ശ്രേഷ്ഠതകൾ ഏറെയുളള വിശുദ്ധ മാസമാണ് റമദാൻ...
നാം എന്തു നേടും?
┈•✿❁✿•••┈
ലാഭവും നഷ്ടവും കണക്കാക്കി മുന്നോട്ട് നീങ്ങുന്ന നമ്മൾ പുണ്യം വാരിക്കോരാൻ സാധിക്കുന്ന വിശുദ്ധ മാസത്തിൽ എന്തു നേടും? ക്വുർആൻ പാരായണം എത്ര തവണ പൂർത്തിയാക്കും? രാത്രി നമസ്കാരത്തിന്റെ സാധ്യതകൾ എന്ത്? പളളികളിൽ പോയി മഅ്മൂമായി നമസ്കരിക്കാൻ സാധിക്കില്ലല്ലോ? എത്ര ആയത്തുകൾ ഓതി നമസ്കരിക്കാൻ നമുക്ക് കഴിയും?
പലരുടെയും ആയുസിലെ ഏറ്റവും നീളം കുറഞ്ഞ തറാവീഹ് നമസ്കാരമായി ഈ റമദാൻ മാറുമോ? ദാനധർമ്മങ്ങളുടെ അളവു ഈ റമദാനിൽ കുറയുമോ? കൊടുക്കാനുളള പണം കൈയ്യിലുണ്ടായിട്ടും നാളെയെക്കുറിച്ച് ആലോചിച്ച് കൈകൾ പിറകോട്ട് വലിച്ചു നടക്കുന്നവരാകുമോ നമ്മൾ?
അറിയുക, പഠിക്കുക
┈•✿❁✿•••┈
വിധികളും വിലക്കുകളും നമുക്കുളളതാണ്. അവ അറിഞ്ഞാണ് പ്രവർത്തികൾ ചെയ്യേണ്ടത്. നോമ്പിനും വിധികളും വിലക്കുകളുമുണ്ട്. അടുത്ത കുറിപ്പിൽ അത്തരം കാര്യങ്ങളിലേക്ക് നമുക്ക് പ്രവേശിക്കാം.
നന്മയാഗ്രഹിക്കുന്നവരെ....
┈•✿❁✿•••┈
വിളിച്ചു പറയുന്ന ഒരാൾ വിളിച്ചു പറയും.. നന്മ ചെയ്യുന്നവരെ, നന്മകൾ നിങ്ങൾ തുടരുക.
തിന്മ പ്രവർത്തിക്കുന്നവരെ, കുറക്കുക.’ പ്രിയരെ, വിളിച്ചു പറയുന്നവരുടെ
വിളികൾക്ക് ഉത്തരമേകാൻ ശ്രമിക്കുക. നന്മകൾ ചെയ്തു മുന്നേറാം. തിന്മകളോട് അകലം പാലിക്കാം.
നോമ്പിന്റെ ലക്ഷ്യമായ തഖവ നേടിയെടുത്തു റബ്ബിന്റെ തൃപ്തിയും റയ്യാനെന്ന
സ്വർഗകവാടത്തിലൂടെ സ്വർഗ പ്രവേശനവും നേടിയെടുക്കാം
അല്ലാഹു അനുഗ്രഹിക്കട്ടെ...
സ്നേഹ പൂർവ്വം
സമീർ മുണ്ടേരി
ജുബൈൽ
00 Comments