ഏതവസ്ഥയിലും അല്ലാഹുവിനെ സ്മരിക്കുക (ഭാഗം- മൂന്ന്)
അല്ലാഹുവിനെ സ്നേഹിക്കുന്നവരുടെയും അല്ലാഹുവിന്റെ സ്നേഹം ലഭിച്ചവരുടെയും അടയാളമാണ് ദിക്റുളളാഹ്. നബി (സ്വ) പറഞ്ഞു: അല്ലാഹു പറയുന്നു: എന്റെ അടിമ എന്നെ സ്മരിക്കുകയും എന്റെ കാരണത്താൽ അവന്റെ ചുണ്ടുകൾ അനങ്ങുകയും ചെയ്യുന്നിടത്തോളം ഞാൻ അവന്റെ കൂടെയായിരിക്കും. (അഹമദ്) ദിക്റുകറുകളുടെ കൂട്ടുകാരൻ അല്ലാഹുവിന്റെ അടുക്കൽ സ്മരിക്കപ്പെടും. അവന് പാപമോചനവും വമ്പിച്ച പ്രതിഫലവും ലഭിക്കും.
അല്ലാഹു പറഞ്ഞു: സത്യവിശ്വാസികളേ,നിങ്ങള്‍ അല്ലാഹുവെ ധാരാളമായി അനുസ്മരിക്കുകയും, രാവിലേയും വൈകുന്നേരവും അവനെ പ്രകീര്‍ത്തിക്കുക യും ചെയ്യുവിന്‍. (ഖു൪ആന്‍ : 33/41-42)
ധാരാളമായി അല്ലാഹുവെ ഓര്‍മിക്കുന്നവരായ പുരുഷന്‍മാര്‍, സ്ത്രീകള്‍- ഇവര്‍ക്ക് തീര്‍ച്ചയായും അല്ലാഹു പാപമോചനവും മഹത്തായ പ്രതിഫലവും ഒരുക്കിവെച്ചിരിക്കുന്നു. (അഹ്സാബ് : 35)
ദികറുകൾ ചൊല്ലുന്നവർക്ക് ഈ ലോകത്തു വെച്ച് ലഭിക്കുന്ന പ്രതിഫലമാണ് അല്ലാഹു അവരെ സ്മരിക്കുക എന്നുളളത്. എന്നാൽ പരലോകത്ത് വെച്ച് അവർക്ക് പാപമോചനവും അല്ലാഹുവിന്റെ തൃപ്തിയും ലഭിക്കും. അല്ലാഹു ക്വുർആനിലൂടെ കൽപ്പിക്കുന്നത് ദിക്റുകൾ ചൊല്ലാൻ മാത്രമല്ല, അധികരിപ്പിക്കാൻ കൂടിയാണ്. ഇതു കൊണ്ടാണ് ദിക്റുകൾ പ്രവർത്തനങ്ങളുടെ ആത്മാവാണ് എന്നു പറയുന്നത്. ഇസ്ലാമിലെ ഏറ്റവും പ്രധാനപ്പെട്ട സൽകർമ്മങ്ങളുടെ കൂടെ ദിക്റിനെക്കുറിച്ച് ക്വുർആനിൽ പരാമർശിക്കപ്പെട്ടിട്ടുണ്ട്. ഉദാഹരണമായി നമസ്കാര ത്തിന്റെ കൂടെ (ത്വാഹ -14) ഹജ്ജിന്റെ കൂടെ (ബക്വറ – 198)
ഇബ്നുല്‍ഖയ്യിം - റഹിമഹുല്ലാഹ് - പറഞ്ഞു: തീര്‍ച്ചയായും, വെള്ളിയും, ചെമ്പും, ഇവയല്ലാത്തതും, തുരുമ്പ് പിടിക്കുന്ന പോലെ, ഹൃദയവും തുരുമ്പ് പിടിക്കുമെന്നതില്‍ സംശയമേയില്ല. (അപ്പോള്‍ ) അതിന്‍റെ തിളക്കം ദിക്ക്റ് കൊണ്ടാകുന്നു.
ദിക്റുകൾ ജീവിതത്തിൽ പ്രവാർത്തികമാക്കാതിരിക്കുന്നത് അല്ലാഹുവിന്റെ തൌഫീഖ് തടയപ്പെട്ടതിന്റെ അടയാളമാണ്. അല്ലാഹു പറഞ്ഞു: അല്ലാഹുവെ മറന്നുകളഞ്ഞ ഒരു വിഭാഗത്തെ പോലെ നിങ്ങളാകരുത്. തന്‍മൂലം അല്ലാഹു അവര്‍ക്ക് അവരെ പറ്റി തന്നെ ഓര്‍മയില്ലാതാക്കി. അക്കൂട്ടര്‍ തന്നെയാകുന്നു ദുര്‍മാര്‍ഗികള്‍ (ഹശർ -19)
നബി (സ്വ) പറഞ്ഞു: “മുഫരിദുകൾ മുൻ കടന്നു”. സ്വഹാബികൾ ചോദിച്ചു: “ആരാണ് നബിയെ മുഫരിദുകൾ?” അദ്ദേഹം പറഞ്ഞു: “അല്ലാഹുവിനെ ധാരാളമായി സ്മരിക്കുന്ന പുരുഷന്മാരും സ്ത്രീകളും” (മുസ്ലിം)
ദിക്റുകൾ ചൊല്ലുന്നവർ ദുർബലരാണെങ്കിലും മുൻകടന്നവരാണ്. ദരിദ്രരാ ണെങ്കിലും യഥാർത്ഥത്തിൽ അവർ ധനികരാണ്.
ഒരിക്കൽ ദരിദ്രരായ ചില മുഹാജിറുകൾ നബി (സ്വ) യുടെ അടുക്കൽ വന്ന് പറഞ്ഞു: നബിയെ, സമ്പന്നർ ഉന്നതമായ പദവികൾ
കൊണ്ടു പോകുന്നു. നബി (സ്വ) ചോദിച്ചു. അതെങ്ങിനെയാണ്? അപ്പോൾ അവർ പറഞ്ഞു: ഞങ്ങൾ നമസ്കരിക്കുന്നതു പോലെ അവർ (സമ്പന്നർ) നമസ്കരിക്കുന്നു. ഞങ്ങൾ നോമ്പെടുക്കുന്നതു പോലെ അവരും നോമ്പെടുക്കുന്നു. എന്നാൽ അവർ ദാന ധർമ്മങ്ങൾ ചെയ്യുന്നു. ഞങ്ങൾക്കതിന് കഴിയുന്നില്ല. അവർ അടിമകളെ മോചിപ്പിക്കുന്നു. ഞങ്ങൾക്കതിന് കഴിയുന്നില്ല. അപ്പോൾ നബി (സ്വ) പറഞ്ഞു: ഞാൻ നിങ്ങൾക്ക് ഒരു കാര്യം അറിയിച്ചു തരട്ടെ? അതു മുഖേന നിങ്ങൾക്ക് നിങ്ങളുടെ മുൻഗാമികളുടെ പദിവികൾ നേടാം. നിങ്ങളുടെ പിൻഗാമികളെ മറികടക്കാം. നിങ്ങൾ ചെയ്യുന്നതു പോലെയുളള പ്രവർത്തി ചെയ്തവരല്ലാതെ ഒരാളും നിങ്ങളെക്കാൾ ശ്രേഷ്ഠരായി ഉണ്ടാവുകയില്ല. അവർ പറഞ്ഞു: അതെ. അദ്ദേഹം പറഞ്ഞു: നിങ്ങൾ എല്ലാ നമസ്കാര ശേഷവും മുപ്പത്തി മൂന്ന് തവണ തസ്ബീഹും തക്ബീറും തഹ്മീദും ചൊല്ലുക (ബുഖാരി)
തൌഹീദിനും നിർബന്ധ കർമ്മങ്ങൾക്കും ശേഷം ഒരു വിശ്വാസിയുടെ പരലോകത്തേക്കുളള വിഭവമാണ് അല്ലാഹുവിനെ സ്മരിക്കൽ. അത് അവന്റെ മൂലധനവും കർമ്മങ്ങളുടെ അലങ്കാരവുമാണ്. സ്വർഗ പ്രവേശനത്തിനുളള മാർഗവും അതിൽ ഉന്നത പദവി ലഭിക്കാനുളള കാരണവുമാണ്. ദിക്റിന്റെ കാര്യത്തിൽ അശ്രദ്ധ കാണിച്ചതിനെക്കുറിച്ചുളള ഖേദത്തേക്കാൾ വലിയൊരു ഖേദം വിശ്വാസിക്ക് പരലോകത്ത് ഉണ്ടാവുകയില്ല. അതു കൊണ്ട് തന്നെ നമ്മുടെ നാവിനെ ദിക്റുകൾ ചൊല്ലാൻ കീഴ്പ്പെടുത്തുക.
ദിക്റിന് പല ഇനങ്ങളുമുണ്ട്. അതിലെ ഏറ്റവും വലിയ ഇനം ക്വുർആൻ പാരായണം ആണ്. പിന്നെ തസ്ബീഹ്, തഹ്മീദ്, തഹ്ലീൽ, തക്ബീർ, ഇസ്തിഗ്ഫാർ എന്നിവയാണ്. അതു പൊലെ നബി (സ്വ) യുടെ പേരിലുളള സ്വലാത്ത് വിശ്വാ സികൾ ഗൌരവ്വത്തിൽ കാണേണ്ട ഒരു ദിക്റാണ്. നബി (സ്വ) യുടെ പേരു കേൾക്കുമ്പോൾ സ്വലാത്തു ചൊല്ലണം. വെളളിയാഴ്ച്ച സ്വലാത്ത് അധിക രിപ്പിക്കണം. ബാങ്കിനു ശേഷവും നമസ്കാരത്തിലെ തശഹുദുകളിലും നബി (സ്വ) യുടെ പേരിൽ സ്വലാത്ത് ചൊല്ലാൻ പഠിപ്പിച്ചത് കാണാം.
പ്രിയപ്പെട്ടവരെ, നിത്യ ജീവിതത്തിൽ ചൊല്ലേണ്ട ധാരാളം ദിക്റുകളും ദുആകളും നമുക്ക് നബി (സ്വ) യുടെ തിരു വചനങ്ങളിൽ കാണാം. പ്രഭാത പ്രദോഷ പ്രാർത്ഥനകൾ, ഉറങ്ങുമ്പോഴും ഉറക്കമുണരുമ്പോഴും, വസ്ത്രം ധരിക്കുമ്പോൾ, ഭക്ഷണം കഴിക്കുമ്പോൾ തുടങ്ങി അനേകം സന്ദർഭങ്ങളിലെ ദിക്റുകളും ദുആകളും പഠിക്കുകയും പ്രാവർത്തികമാക്കുകയും ചെയ്യണം.
മുജാഹിദ് (റഹി) പറഞ്ഞു: അല്ലാഹുവിനെ ധാരാളമായ സ്മരിക്കുന്ന സ്ത്രീ പുരുഷന്മാർ എന്ന പദവി ലഭിക്കണമെങ്കിൽ നിൽക്കുമ്പോളും ഇരിക്കുമ്പോഴും കിടക്കു മ്പോഴുമെല്ലാം അല്ലാഹുവിനെ സ്മരിക്കണം.
മുആദ് ബ്നു ജബല്‍ (റ)പറഞ്ഞു: അല്ലാഹുവിന്റെ ശിക്ഷയില്‍ നിന്ന് രക്ഷപ്പെടാ ന്‍ ദിക്റിനേക്കാള്‍ നല്ല മറ്റൊന്നില്ല .
ഇബ്നു തൈയ്മിയ്യ (റ) പറഞ്ഞു: 'ഒരു മത്സ്യത്തിനു വെള്ളം എത്രത്തോളം അടിസ്ഥാനപരമായ ആവശ്യമാണോ, അതുപോലെയാണ് വിശ്വാസിയുടെ മനസ്സിന് ദിക്റ്.'
പ്രിയപ്പെട്ടവരെ, ദിക്റുകളിലൂടെ അല്ലാഹുവിലേക്ക് നാം അടുക്കുക, എങ്കിൽ അല്ലാഹു നമ്മെ ഓർക്കും, പാപമോചനവും വിജയവും കരസ്ഥമാക്കാൻ സാധി ക്കും, മനസ്സുകൾ ശാന്തമായിത്തീരും, പിശാചിന്റെ ആക്രമണത്തിൽ നിന്ന് സുരക്ഷിതനായിത്തീരും പരലോകത്ത് തണൽ ലഭിക്കും തുടങ്ങി ധാരാളം നേട്ടങ്ങൾ നമ്മെ കാത്തിരിക്കുന്നുണ്ട്. എല്ലാത്തിനുമപ്പുറം നമ്മുടെ ഹൃദയങ്ങൾ ശാന്തമാകുന്നത് അല്ലാഹുവിനെക്കുറിച്ചുളള സ്മരണ കൊണ്ടു മാത്രമാണ്.
അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ...
സ്നേഹ പൂർവ്വം
സമീർ മുണ്ടേരി
00 Comments