മറ്റുളളവരെ വിലയിരുത്തും മുമ്പേ....!!!
➖🔶🔶➖
കാര്യങ്ങളെ പ്രത്യക്ഷമായി വിലയിരുത്താനാണ് നമ്മൾ കൽപ്പിക്കപ്പെട്ടിട്ടുളളത്. എന്നാൽ പുറമെ കാണുന്ന കാര്യങ്ങളിൽ നാം വഞ്ചിതരാവരുത്. ചില മനുഷ്യരുണ്ട്. അവർ പാപങ്ങൾ ചെയ്യുന്നവരാണ്. എന്നാൽ അവർ അല്ലാഹുവിനെയും റസൂലിനെയും സ്നേഹിക്കുന്നുമുണ്ട്. ജനങ്ങളുടെ കണ്ണിൽ നല്ലവരായി തോന്നുന്ന ചിലർ യഥാർത്ഥത്തിൽ മതം വിറ്റ് ജീവിക്കുന്നവരായിരിക്കാം.
പാപം ചെയ്യുന്നവർ...
തെറ്റു ചെയ്യുന്നവരെ അവരുടെ ഇച്ഛകൾ അതിജയിച്ചിരിക്കുകയാണ്. പിശാച് അവരെ കീഴ്പെടുത്തിയിരിക്കുന്നു. ഉമർ (റ) വിൽ നിന്ന് നിവേദനം; നബി (സ്വ) കാലത്ത് അബ്ദുല്ല എന്നു പേരുളള ഒരു മനുഷ്യനുണ്ടായിരുന്നു. കഴുത എന്നായിരുന്നു അദ്ദേഹത്തെ ജനങ്ങളിൽ ചിലർ വിളിച്ചരുന്നത്. നന്നായി തമാശ പറയുകയും നബി തിരുമേനിയെ ചിരിപ്പിക്കുകയും ചെയ്തിരുന്ന അദ്ദേഹം മദ്യപിക്കുമായിരുന്നു. മദ്യപാനിക്കുളള ശിക്ഷ അയാളുടെ മേൽ നടപ്പാ ക്കിയപ്പോൾ ഒരാൾ പറഞ്ഞു; അല്ലാഹുവെ, നീ അവനെ ശപിക്കൂ. അപ്പോൾ നബി (സ്വ) പറഞ്ഞു; നിങ്ങൾ അവനെ ശപിക്കരുത്. അല്ലാഹുവാണ് സത്യം. ഇദ്ദേഹം അല്ലാഹുവിനെയും റസൂലിനെയും സ്നേഹിക്കുന്നു എന്ന് എനിക്കറിയാം.
വിലയിരുത്തും മുമ്പേ അറിയുക.
ഹൃദയത്തിന്റെ രഹസ്യങ്ങൾ അല്ലാഹുവിന് മാത്രമേ അറിയൂ. ഹിജാബ് ധരിക്കാത്ത സ്ത്രീകളെല്ലാം വേശ്യകളല്ല. സംഗീതം കേൾക്കുന്നവരെല്ലാം ക്വുർആനിനെ വെറുക്കുന്നവരല്ല. നമസ്കാര ശേഷം വേഗം എഴുന്നേറ്റ് പോകുന്നവരെല്ലാം ദിക്ർ ചൊല്ലാത്തവരല്ല. മതപഠന സദസുകളിൽ പങ്കെടുക്കാത്തവരെല്ലാം അറിവ് ആഗ്രഹിക്കാത്തവരല്ല. സ്വദഖ നൽകാത്തവരെല്ലാം പിശുക്കന്മാരല്ല... താടി വളർത്താത്തവരെല്ലാം സുന്നത്തിനെ പരിഹസിക്കുന്നവരല്ല.
മുകളിലെ വരികൾ തെറ്റുകളെ ന്യായീകരിക്കാനല്ല... പാപങ്ങളെ നിസാരമായി കാണാനുമല്ല. എന്നാൽ ഒന്ന് ഓർക്കുക, അവരെ അല്ലാഹുവിലേക്ക് കൈ പിടിച്ചു നടത്തുക എന്നതാണ് നമ്മുടെ കടമ... !!! അല്ലാഹു അനുഗ്രഹിക്കട്ടെ...
സ്നേഹപൂർവ്വം
സമീർ മുണ്ടേരി.
00 Comments