അവർക്കെതിരെയല്ല, അവർക്ക് വേണ്ടി....
വിധി സംസാരവുമായി ബന്ധിക്കപ്പെട്ടതാണ്. അതിനാൽ നീ മക്കൾക്കെതിരെ പ്രാർത്ഥിക്കരുത്. അതൊരു പക്ഷെ, പ്രാർത്ഥനക്ക് ഉത്തരം കിട്ടുന്ന സമയവുമായി യോജിച്ചു വന്നേക്കാം. ഉമർ (റ) കൈക്ക് തളർച്ച ബാധിച്ച ഒരു വൃദ്ധനെ കണ്ടു അദ്ദേഹം ചോദിച്ചു. താങ്കളുടെ കൈക്ക് എന്തു പറ്റിയതാണ്? അയാൾ പറഞ്ഞു; ജാഹിലിയ കാലത്ത് എന്റെ ഉപ്പ എനിക്കെ തിരെ പ്രാർത്ഥിച്ചതാണ്. അങ്ങനെ എന്റെ കൈ തളർന്നു പോയി. ഇതു കേട്ട ഉമർ (റ) പറഞ്ഞു; ജാഹിലിയ കാലത്തെ പ്രാർത്ഥനയുടെ അവസ്ഥ ഇതാണെങ്കിൽ ഇസ്ലാമിൽ എന്തായിരിക്കും?
നമ്മുടെ വാക്കുകൾ, പ്രാർത്ഥനകൾ.... ??
നാം നമ്മുടെ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുക, അവർക്കെതിരയല്ല. നമ്മുടെ മകൾ ഒരു പാത്രം പൊട്ടിച്ചാൽ നമ്മളിൽ ചിലർ പറയും അല്ലാഹു നിന്റെ ഹൃദയം പൊട്ടിക്കട്ടെ.... ഈ പ്രാർത്ഥന എങ്ങാനും ഉത്തരം കിട്ടുന്ന സമയവുമായി യോജിച്ചു വന്നാൽ എന്തായിരിക്കും അവസ്ഥ? ഒരു പത്രത്തിന്റെ വിലയാണോ നമ്മുടെ മകളുടെ ഹൃദയത്തിന് നാം നൽകിയിട്ടുളളത്? അല്ലാഹു നിനക്ക് നല്ലത് വരുത്തട്ടെ എന്ന് എന്തു കൊണ്ട് നമുക്ക് പറഞ്ഞു കൂടാ? മക്കൾ ശണ്ഠ കൂടിയാൽ ഒരു നിമിഷത്തെ ദേഷ്യത്തിൽ ഉമ്മ പറയും; അല്ലാഹു നിങ്ങളോട് പ്രതികാരം ചെയ്യട്ടെ. ഈ വാക്കുകൾ ഉത്തരം കിട്ടുന്ന സമയവുമായി യോജിച്ചു വന്നാൽ എന്തായിരിക്കും അവസ്ഥ? അല്ലാഹുവിന്റെ പ്രതികാരം നമ്മിൽ ആർക്കാണ് താങ്ങാൻ കഴിയുക? അല്ലാഹു നിങ്ങളുടെ ഹൃദയത്തെ നന്നാക്കട്ടെ എന്ന് എന്തു കൊണ്ട് പറഞ്ഞു കൂടാ? നീ ഒരിക്കലും നന്നാവില്ല എന്നതിന് പകരം അല്ലാഹു നിന്നെ നന്നാക്കട്ടെ എന്ന് എന്തു കൊണ്ട് പറഞ്ഞു കൂടാ? നിങ്ങൾ തുലഞ്ഞു പോകട്ടെ എന്നതിന് പകരം അല്ലാഹു നിങ്ങൾക്ക് നന്മ വരുത്തട്ടെ എന്ന് എന്തു കൊണ്ട് പറഞ്ഞു കൂടാ? പ്രിയപ്പെട്ടവരെ, നമ്മുടെ നാവ് കൊണ്ട് മക്കൾക്ക് നാശം വരുന്നതിന് മുമ്പേ നമ്മുടെ സംസാരം നന്നാക്കാം.
ജാബിറില്‍ (റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങള്‍ സ്വന്തത്തിനെതിരെ ശാപപ്രാ൪ത്ഥന നടത്തരുത്. നിങ്ങള്‍ നിങ്ങളുടെ മക്കള്‍ക്കെതിരെ പ്രാ൪ത്ഥിക്കരുത്. നിങ്ങളുടെ സമ്പത്തിനെതിരെയും പ്രാ൪ത്ഥിക്കരുത്. അല്ലാഹു പ്രാ൪ത്ഥന സ്വീകരിക്കാന്‍ ഇടയുള്ള സമയത്ത് നിങ്ങള്‍ ആ൪ക്കെതിരെയും പ്രാ൪ത്ഥന നടത്തരുത്(മുസ്ലിം)
00 Comments