ചില സങ്കടങ്ങൾ നിങ്ങളുമായി പങ്കുവെക്കുകയാണ്. നമ്മുടെ ഇടയിൽ ജീവിക്കുന്ന പച്ചയായ മനുഷ്യർ പങ്കുവെച്ച വേദനകൾ. എന്റെ ഭാര്യ ഒന്ന് നന്നായെങ്കിൽ... അവൾ ക്കെന്നെ വലിയ ഇഷ്ടമാണ്, എന്നോട് അവൾ കാണിക്കുന്ന സ്നേഹം പലപ്പോഴും എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. പക്ഷെ, മത വിഷയങ്ങളിൽ അവൾ താൽപര്യം കാണിക്കുന്നില്ല, നമസ്കാരം അടക്കമുളള ആരാധനകളിൽ അവൾ ഒരുപാട് പിന്നിലാണ്. ആ കാര്യത്തിൽ ഞങ്ങൾ തമ്മിൽ തർക്കമുണ്ടാകും. പിണങ്ങും. അവളിപ്പോൾ പിണങ്ങി വീട്ടിൽ പോയിരിക്കുകയാണ്. എനിക്കവളെ തിരിച്ചു വേണം. ഞാൻ അല്ലാഹുവോട് നിരന്തരം പ്രാർത്ഥിക്കുന്നു. അല്ലാഹു പ്രാർത്ഥന കേൾക്കുമെന്ന് എനിക്കു റപ്പുണ്ട്. ഇതൊരു സഹോദരന്റെ സങ്കടമാണ്....
ഒരു സഹോദരിയുടെ വേദന നിറഞ്ഞ വാക്കുകൾ ഇങ്ങനെയായിരുന്നു. പരിശുദ്ധ റമദാനിന്റെ പകലിൽ ഭർത്താവ് എന്നോട് ഭക്ഷണം ആവശ്യപ്പെടുന്നു. ഞാനെന്ത് ചെയ്യും?അദ്ദേഹത്തിന് ആരോഗ്യം ഉണ്ട്. നോമ്പ് നോൽക്കുന്നില്ല. ഭക്ഷണം കൊടുത്താൽ ഞാൻ കുറ്റക്കാരിയായി മാറുമോ?
എന്റെ ഭർത്താവ് എല്ലാം കൊണ്ടും നല്ലവനാണ്. അദ്ദേഹം ജമാഅത്ത് നമസ്കാരങ്ങളിൽ പങ്കെടുക്കുന്നില്ലെന്നാണ് എന്റെ സങ്കടം. സുബഹ് ജമാഅത്ത് ഭർത്താവ് ഒഴിവാക്കുന്നു. വീട്ടിൽ വെച്ച് അദ്ദേഹം നമസ്കരിക്കുന്നുണ്ട്...
പരിഭവങ്ങളുടെ കദന കഥകൾ
എനിക്ക് വസ്ത്രം ലഭിക്കുന്നില്ല, എന്നെ പരിഗണിക്കുന്നില്ല, എന്നെ സ്നേഹിക്കുന്നില്ല എന്നോടുളള കടമകൾ നിർവഹിക്കുന്നില്ല... ഇതൊന്നുമല്ല ഒരു പറ്റം ഭാര്യമാരുടെ, ഭർത്താക്കന്മാരുടെ പരാതികൾ. മറിച്ച് അവൾ, അദ്ദേഹം ഇങ്ങനെ ജീവിച്ചാൽ നരകത്തിൽ പോവില്ലേ? ഈ ലോകത്ത് എന്നെ സ്നേഹിക്കുന്നതു പോലെ പരലോകത്തും എന്റെ കൂട്ടിന് എന്റെ ഇണയുണ്ടാകണം എന്നാണ് ഈ പരിഭവങ്ങൾ വിളിച്ചു പറയുന്നത്. ആ പരിഭവങ്ങൾക്കുളള അടിസ്ഥാനം വിശുദ്ധ ക്വുർആനിന്റെ കൽപ്പന തന്നെ യാണ്. സത്യവിശ്വാസികളേ, സ്വദേഹങ്ങളെയും നിങ്ങളുടെ ബന്ധുക്കളെയും, മനുഷ്യരും കല്ലുകളും ഇന്ധനമായിട്ടുള്ള നരകാഗ്നിയില്‍ നിന്ന് നിങ്ങള്‍ കാത്തുരക്ഷിക്കുക. (ഖു൪ആന്‍ :66/6)
ഈ ആയത്തിനെ വിശദീകരിച്ചു കൊണ്ട് തഫ്സീറു സഅദിയിൽ ഇങ്ങനെ വായിക്കാം. അല്ലാഹുവിന്റെ കല്‍പനകള്‍ സ്വീകരിപ്പിച്ചും ദീനും മര്യാദകളും പഠിപ്പിച്ചും മക്കളെയും കുടുംബത്തെയും നരകത്തില്‍ നിന്നും രക്ഷിക്കൂ. അല്ലാഹുവിന്റെ കല്‍പനകള്‍ നിര്‍വഹിക്കുകയും തന്റെ കീഴിലും രക്ഷാകര്‍തൃത്വത്തിലും കൈകാര്യത്തിലും ഉള്ളവരെ അത് നിര്‍വഹിപ്പിക്കുകയും ചെയ്യാതെ ഒരടിമ രക്ഷപ്പെടുകയില്ല. (തഫ്സീറുസ്സഅ്ദി)
സ്വന്തത്തോട് ചോദിക്കൂ....
നാം അവർക്ക് വേണ്ടപ്പെട്ടവരാണ്. നമ്മെ അവർക്കും അവരെ നമുക്കും ഇഷ്ടമാണ്. നമ്മുടെ വിഷയത്തിൽ നമ്മുടെ ജീവിത പങ്കാളി സങ്കടപ്പെടുന്നുണ്ടോ? മതപരമായ മേഖലയിലെ ന്യൂനതകൾ കൊണ്ട് അവരുടെ ഉളള് നീറുന്നുണ്ടോ?നമ്മുടെ ജീവിത പങ്കാളിക്ക് കൺകുളിർമ കൊടുക്കേണ്ടത്
നമ്മുടെ ബാധ്യതയാണ്. ശൈഖ് ഇബ്നു ബാസ് (റഹി) പറഞ്ഞു : തന്റെ ഭാര്യ അല്ലാഹുവിന് വഴിപ്പെട്ട് ജീവിക്കുന്നതായി ഭര്‍ത്താവ് കണ്ടാല്‍ അത് അവന്റെ കണ്ണിന് കുളിര്‍മയാകും. ഇപ്രകാരം തന്നെ ഭര്‍ത്താവ് അല്ലാഹുവിന് വഴിപ്പെട്ട് ജീവിക്കുന്നതായി ഭാര്യ കണ്ടാല്‍, അവള്‍ ഒരു സത്യവിശ്വാസിനിയാണെങ്കില്‍ അത്കൊണ്ട് അവളുടെ കണ്ണിന് കുളിര്‍മയാകും.
നബി (സ്വ) വിശുദ്ധ റമദാനിൽ തന്റെ ഉടുമുണ്ട് മുറുക്കി ഉടുക്കുകുയും തന്റെ കൂടുംബാംഗങ്ങളെ ആരാധനാ കാര്യങ്ങൾക്ക് വേണ്ടി വിളിച്ചുണർത്തുകയും ചെയ്യുമായിരുന്നു എന്ന് ഹദീസുകൾ പഠിപ്പിക്കുന്നുണ്ട്.
ഒരു വിശ്വാസി നിർബന്ധമായും ചെയ്യേണ്ട ആരാധനകൾ പോലും ഉപേക്ഷിച്ച് എങ്ങനെയാണ് നല്ല ഭാര്യയും ഭർത്താവുമായി സമാധാനത്തോടെ ജീവിക്കാൻ സാധിക്കുക? കുടുംബ ജീവിതത്തിൽ മത വിഷയങ്ങൾക്ക് നൽകേണ്ട സ്ഥാനം നൽകി ജീവിതത്തെ ക്രമീകരിച്ചു നോക്കൂ... അവളെയും കൂട്ടി തഹജ്ജുദ് നമസ്കരിക്കാൻ പരിശ്രമിക്കൂ. ജുമുഅക്ക് ഭർത്താവിന്റെ കൂടെ പളളിയിലേക്ക് പോയി നോക്കൂ. പ്രാഭാത പ്രദോഷ പ്രാർത്ഥനകൾ നിർവഹിച്ചോ എന്ന് പരസ്പരം ചോദിച്ചു നോക്കൂ ക്വുർആൻ പാരയണം എവിടെ എത്തി എന്നു അന്വേഷിച്ചു നോക്കൂ. ഓരോ ദിവസവും നാം നേടുന്ന മതപരമായ അറിവുകൾ പരസ്പരം കൈമാറി നോക്കൂ... കൂടുംബം മധുരമുളളതാകും. ഇണകൾക്ക് സമാധാനവും സന്തോഷവും സമ്മാനിക്കാനും കഴിയും.
അല്ലാഹു അനുഗ്രഹിക്കട്ടെ....
00 Comments