എന്തുണ്ട് നമ്മുടെ കൈവശം.. ?
(റമദാൻ നിലാവ്_25)
•••┈✿❁✿•┈•••
ശവ്വാലിന്റെ പിറ കാണുന്നതോടെ ഈ പുണ്യമാസത്തിന് അവസാനമാകും. പിന്നെ ചെറിയ പെരുന്നാൾ ആഘോഷത്തിന് വേണ്ടിയുളള ഒരുക്കങ്ങൾ തുടങ്ങുകയായി. ഇനി ഒരിക്കൽ കൂടി പുണ്യമാസത്തെ സ്വീകരിക്കാനും വ്രതമനുഷ്ടിക്കാനും നമുക്കവസ രമുണ്ടാവുമോ? അറിയില്ല....
കഴിഞ്ഞ റമദാനിൽ നമ്മുടെ കൂടെയുണ്ടായിരുന്ന പലരും ഇന്നില്ല. ഈ റമദാനിലും പലരും വിട ചൊല്ലി. കർമങ്ങളുടെ ഫലമനുഭവിക്കുന്ന ലോകത്തേക്ക് അവർ യാത്ര പോയിരിക്കുന്നു. അല്ലാഹു അവർക്ക് അർഹമായ പ്രതിഫലം നൽകട്ടെ.. (ആമീൻ)
എന്തു നേടി?
•••┈✿❁✿•┈•••
ഈ റമദാനിലെ പിന്നിട്ട ദിനരാത്രങ്ങളിലേക്ക് തിരിഞ്ഞു നോക്കൂമ്പോൾ എന്താണ് നമുക്ക് അനുഭവപ്പെടുന്നത്? ലോകത്തെ വിശ്വാസികൾ ഏറെ ഭക്തിയോടെയും ആദരവോടെയുമായിരുന്നു വിശുദ്ധ മാസത്തെ വരവേറ്റത്. റമദാൻ കടന്നു വന്നപ്പോൾ നാം എടുത്ത തീരുമാനങ്ങളിൽ എന്തെല്ലാം പൂർത്തീകരിച്ചു?
ലോകത്തിനാകമാനം സന്മാർഗമായിക്കൊണ്ട് ഖുർആൻ അവതരിപ്പിക്കപ്പെട്ട മാസമാണ് റമദാൻ. ആ ക്വുർആൻ ഒരു തവണ ഓതിത്തീർത്തോ? ഈ റമദാനിൽ എത്ര നാം പാരായണം ചെയ്തു...?
തഖ്‌വ നേടുകയായിരുന്നു നോമ്പിന്റെ ലക്ഷ്യം.
ആ ലക്ഷ്യം സാക്ഷാൽക്കരിച്ചു കൊണ്ടാണോ ഈ റമദാനിനെ നാം യാത്ര അയക്കുന്നത്? ദേഹേഛകളെ അകറ്റി നിർത്തലായിരുന്നു വിശുദ്ധ റമദാനിന്റെ മറ്റൊരു പ്രത്യേകത. അവിടെ നമുക്ക് വിജയി ക്കാനായിട്ടുണ്ടോ?
നേടിയെടുത്ത തഖ്‌വയുടെ ആഴവും പരപ്പും നമുക്ക് തന്നെ ബോധ്യപ്പെടേണ്ടത് വരുന്ന ദിനങ്ങളിലാണ്. പട്ടിണിയുടെ വേദനയുമായി മാറി നിന്നവരുടെ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കാൻ നമുക്കായിട്ടുണ്ടോ? അവരെ പരിഗണിക്കാതെ മുന്നോട്ട് പോകുന്നതിനെ നമ്മുടെ മതം പ്രോത്സാഹിപ്പിച്ചിട്ടില്ലല്ലോ? നമ്മുടെ വിഭവങ്ങളിൽ അവർക്കുളള വിഹിതം നാം നൽകിയിരുന്നോ? നമ്മുടെ കൈകൾ നാം മറ്റുളളവർക്ക് നേരെ ആരുമറിയാതെ നീട്ടിയത് കാരണം അനേകം മനുഷ്യർ പുഞ്ചിരി തൂകിയിട്ടുണ്ടാവുമോ?
ഉറച്ച തീരുമാനം...
•••┈✿❁✿•┈•••
മുൻഗാമികൾ ഇപ്രകാരം പറഞ്ഞിട്ടുണ്ട്. 'കൂനൂ റബ്ബാനിയ്യീൻ, വലാ തകൂനൂ റമദാനിയ്യീൻ' അതെ, നാം റമദാനിന്റെ അടിമകളല്ല. അല്ലാഹുവിന്റെ അടിമകളാണ്. കാത്തിരിക്കുന്നത് പ്രലോഭനങ്ങളും പ്രകോപനങ്ങളുമാണ്. നേർവഴിയിൽ നിന്ന് തെറ്റിക്കാൻ പിശാചും അവന്റെ കൂട്ടാളികളും ചുറ്റും വട്ടമിട്ടു പറക്കും. നാം പിടി കൊടുക്കരുത്. കുതറി മാറാനും ലക്ഷ്യമറിഞ്ഞ് മുന്നോട്ട് പോകാനും നമുക്കാവണം. തിന്മകളുടെ കവാടങ്ങളിലൂടെ ഞാൻ പ്രവേശിക്കില്ലെന്ന ഉറച്ച തീരുമാനം നമുക്കുണ്ടാവണം.
തിരിഞ്ഞു നോക്കുക
•••┈✿❁✿•┈•••
തിരിഞ്ഞു നോക്കുമ്പോൾ വല്ല പോരായ്മയും തോന്നുന്നുണ്ടെങ്കിൽ ഇനി അവശേഷിക്കുന്ന ദിനങ്ങളെ ഉപയോഗിച്ച് പോരായ്മകൾ നികത്താൻ പരിശ്രമിക്കുക. മുൻഗാമികൾ ഇപ്രകാരം പ്രാർത്ഥിച്ചിരുന്നു. എന്റെ ആയുസിൽ ഏറ്റവും നല്ലത് അതിന്റെ അവസാന സമയമാക്കേണമേ, എന്റെ പ്രവർത്തനങ്ങളിൽ ഏറ്റവും നല്ലത് അതിന്റെ അവസാനത്തെത് ആക്കേണമെ, എന്റെ ദിവസങ്ങളിൽ ഏറ്റവും നല്ലത് നിന്നെ കണ്ടു മുട്ടുന്ന ദിവസമാക്കേണമെ...
മഹാപണ്ഡിതനായ മുഹമ്മദ് ബ്നു സീരിൻ മരണാസന്നനായപ്പോൾ അദ്ദേഹം കരയുന്നത് കണ്ട് കൂടെയുളളവർ ചോദിക്കുന്നുണ്ട്, എന്തിനാണ് താങ്കൾ കരയുന്നത്? അദ്ദേഹത്തിന്റെ മറുപടി ഇപ്രകാരമായിരുന്നു. കഴിഞ്ഞു പോയ ദിവസങ്ങളിൽ ഞാൻ വീഴ്ച്ച വരുത്തി. ഉന്നതമായ സ്വർഗത്തിന് വേണ്ടിയുളള എന്റെ പ്രവർത്തനങ്ങൾ കുറവാണ്. കത്തിജ്വലിക്കുന്ന നരകത്തിൽ നിന്ന് എന്നെ രക്ഷപ്പെടുത്താൻ എന്താണുളളത് ? എന്നോർത്തിട്ടാണ് ഞാൻ കരയുന്നത്. നമ്മളും ആലോചിക്കുക. എന്തുണ്ട് നമ്മുടെ കൈവശം.. ?
അല്ലാഹു അനുഗ്രഹിക്കട്ടെ...
സ്നേഹപൂ൪വ്വം
സമീ൪ മുണ്ടേരി
00 Comments