ഹൌറിൽ നിന്നും കൌറിലേക്കോ?
(റമദാൻ നിലാവ്: 23)
നബി (സ്വ) യുടെ ഒരു പ്രാർത്ഥന നോക്കൂ..
اللَّهمَّ إنِّي أعوذُ بكَ...... مِن الحَوْرِ بَعدَ الكَوْرِ
അല്ലാഹുവേ, നന്മകൾ ചെയ്ത ശേഷം തിന്മകളിലേക്ക് മടങ്ങുന്നതിൽ നിന്ന് ഞാൻ നിന്നോട് കാവൽ തേടുന്നു. ഈ പ്രാർത്ഥന ഗൌരവ്വമായി വായിക്കപ്പെടേണ്ട സന്ദർഭ ത്തിലൂടെയാണ് നാം മുന്നോട്ടു പോകുന്നത്.
റമദാനിൻ പിറ കണ്ടതു മുതൾ നന്മയിലൂടെയുളള യാത്രയിലായിരുന്നു നാം. ക്വുർആൻ പാരായണം, രാത്രി നമസ്കാരം, സ്വദഖയും സകാത്തും, ദിക്റുകളും ദുആകളും... അങ്ങനെ തിരിഞ്ഞു നോക്കുമ്പോൾ സന്തോഷമേകുന്ന ദിന രാത്രങ്ങൾ...
റമദാൻ വിട പറയുകയാണ്. ഇനി ഏതാനും ദിവസങ്ങൾ മാത്രം. ഇവിടെയാണ് മുകളി ലെ പ്രാർത്ഥന പ്രസക്തമാവുന്നത്. നന്മയിൽ നിന്ന് തിന്മയിലേക്ക് മടങ്ങുന്നതിനെ നാം ഭയപ്പെടണം. അല്ലാഹുവോട് കാവൽ ചോദിക്കണം.
ഭയവും പ്രതീക്ഷയും...
•••┈✿❁✿•┈•••
ധാരാളം നന്മകൾ ഞാൻ ചെയ്തിട്ടുണ്ട് എന്ന അഹങ്കാരമല്ല നമ്മെ നയിക്കേണ്ടത്. റബ്ബേ ഈ നന്മകൾ തുടരാനുളള തൌഫിഖ് നൽകണെ എന്ന പ്രാർത്ഥനയും ചെയ്യുന്ന നന്മകൾ റബ്ബ് സ്വീകരിക്കുമെന്ന പ്രതീക്ഷയുമാണ് നമുക്ക് വേണ്ടത്.
വിശ്വാസികളുടെ ഒരു ഗുണത്തെക്കുറിച്ച് അല്ലാഹു ഇപ്രകാരം പരിചയപ്പെടുത്തി. തീർച്ച യായും തങ്ങളുടെ രക്ഷിതാവിനെപ്പറ്റിയുളള ഭയത്താൽ നടുങ്ങുന്നവരാണവർ. (മുഅ്മിനൂൻ- 57)
ഈ ആയത്തിനെ വിശദീകരിച്ചു കൊണ്ട് മുഫസ്സിറുകൾ പറഞ്ഞത് അവർക്ക് ഇഹ്സാനും ഈമാനും അമലു സ്വാലിഹും ഉളളതോടൊപ്പം അല്ലാഹുവിനെക്കുറിച്ചുളള ഭയമായിരുന്നു. കർമ്മങ്ങൾ സ്വീകരിക്കുമോ എന്ന പേടിയായിരുന്നു.
മഹാനായ ഇബനു മസ്ഊദ് (റ) റമദാനിലെ അവസാനത്തെ രാത്രിയിൽ പുറത്തിറ ങ്ങി വിളിച്ചു പറയും. “ഈ രാത്രിയിൽ കർമ്മങ്ങൾ സ്വീകരിക്കപ്പെട്ടവന് ആശംസകൾ, ഈ രാത്രിയിൽ നിഷേധിക്കപ്പെട്ടവന് അനുശോചനങ്ങൾ.”
ഫദാലത്ത്ബ്നു ഉബൈദ് (റഹി) പറഞ്ഞു: “എന്റെ ഒരു അണുമണി തൂക്കം നന്മ അല്ലാഹു സ്വീകരിച്ചു എന്ന് അറിയുന്നതാണ് ദുനിയാവും അതിലുളളതിനേക്കാളും എനിക്കിഷ്ടം.”
ജീവിതത്തിൽ അല്ലാഹുവിനെ ഭയപ്പെടുകയും കർമ്മങ്ങൾ സ്വീകരിക്കണെ എന്ന പ്രാർ ത്ഥനയും പ്രതീക്ഷയുമായി ജീവിക്കുക.
ആരാധനകൾ അവസാനിപ്പിക്കരുത്.
•••┈✿❁✿•┈•••
റമദാനിൽ മാത്രമായി വളരെക്കുറച്ച് ആരാധനകളെ ഇസ്ലാം പഠിപ്പിക്കുന്നുളളൂ. നിർബ ന്ധ നോമ്പ്, ലൈലത്തുൽ ഖദ്റിനെ പ്രതീക്ഷിക്കൽ, സകാത്തുൽ ഫിതർ...
റമദാനിൽ നാം ചെയ്യുന്ന ആരാധനകളിലധികവും റമദാനിലും അല്ലാത്ത കാലത്തും നിർവഹിക്കേണ്ടവയാണ്. അതു കൊണ്ട് ആരാധനകൾ അവസാനിപ്പിക്കരുത്. അല്ലാഹു നമ്മോട് കൽപ്പിക്കുന്നത് മരണം വരെ ആരാധനകളിൽ മുഴുകാനാണ്. (ഹിജ്ർ- 99)
ഈ ആയത്തിനെ വിശദീകരിച്ചു കൊണ്ട് ഹസനുൽ ബസ്വരി (റഹി) പറഞ്ഞത്: “വിശ്വാസിയുടെ കർമ്മങ്ങൾക്ക് മരണമല്ലാതെ ഒരു അവധി അല്ലാഹു നിശ്ചിയി ച്ചിട്ടില്ല.” ക്വുർആൻ പാരായണവും, നമസ്കാരവും സ്വദഖയുമടങ്ങുന്ന നന്മകളോട് റമദാ നിൽ നാം കാണിച്ച താൽപര്യം തുടരുക.
പര്യവസാനം നന്നാക്കുക.
•••┈✿❁✿•┈•••
മനുഷ്യന്റെ പര്യവസാനം റമദാൻ അവസാനിക്കലല്ല. മരണമാണ്. മരണമാകുന്ന പര്യവസാനമാണ് നാം നന്നാക്കേണ്ടത്. ആയിശ (റ) ഉദ്ധരിക്കുന്ന ഹദീസിൽ കാണാം. നബി (സ്വ) പറഞ്ഞു നിശ്ചയമായും പ്രവർത്തനങ്ങൾ പര്യവസാനങ്ങൾക്കനുസരിച്ചാണ് (ഹദീസ്)
എപ്പോഴാണ് മരണമെന്ന് അറിയാത്ത നാം നന്മകൾ ചെയ്തു കൊണ്ടിരിക്കുക. അല്ലാഹു നന്മകൾക്കുളള വാതിലുകൾ നമ്മുടെയെല്ലാം മുന്നിൽ തുറന്നു വെച്ചിട്ടുണ്ട്. നബി (സ്വ) പറഞ്ഞത് നോക്കൂ, അല്ലാഹു ഒരു അടിക്ക് നന്മ ഉദ്ദേശിച്ചാൽ മരണത്തിന് മുമ്പ് സൽ കർമ്മങ്ങൾ ചെയ്യാനുളള അവസരമുണ്ടാക്കി കൊടുക്കും ആ അവസ്ഥയിൽ അവനെ പിടികൂടും. (ഹദീസ്) നന്മയുടെ വഴികളിലേക്കുളള വിളി കേൾക്കുമ്പോൾ പുറം തിരിഞ്ഞു നിൽക്കാതെ നന്മയിൽ തന്നെ മുന്നോട്ട് പോവുക.
അല്ലാഹു അനുഗ്രഹിക്കട്ടെ.
സ്നേഹപൂ൪വ്വം
സമീ൪ മുണ്ടേരി
08/05/2021
00 Comments