അവൾക്ക് ജോലിയില്ല....!!!
സ്ത്രീയും പുരുഷനും റബ്ബിന്റെ അത്ഭുത സൃഷ്ടികൾ. പുരുഷനെ മണ്ണിൽ നിന്നും സ്ത്രീയെ പുരുഷനിൽ നിന്നും അല്ലാഹു സൃഷ്ടിച്ചു. പരസ്പരം ഇണയും തുണയുമായി നിശ്ചയിച്ചു. ശക്തമായ കരാറോടു കൂടി ഒരുമിച്ചു ജീവിക്കാനുളള അവസരം റബ്ബ് നൽകി... ആ ഒന്നിച്ചു ചേരൽ ദൃഷ്ടാന്തമെന്ന് ക്വുർആൻ.സ്നേഹിച്ചും ലാളിച്ചും പരസ്പരം അറിഞ്ഞും ജീവിക്കുന്ന നാളുകൾ. പതിയെ പതിയെ അകൽച്ചയുടെ വാതിലുകൾ തുറക്കുന്നു. പുരുഷന് പരാതികൾ ഏറെയുണ്ട് പറയാൻ അല്ലേ? അവൾ ശരിയല്ല, ജോലി ഒന്നും കൃത്യമായി ചെയ്യുന്നില്ല ഒരു സമാധാനവുമില്ല, പരിഭവങ്ങൾ ഏറെയുണ്ട്....
അവളോ, നിങ്ങളോ?
ഇനിയുളള വരികൾ പ്രിയപ്പെട്ട പുരുഷന്മാരോടാണ്. എന്താ നിങ്ങളുടെ ജോലി? എഞ്ചിനിയർ, ഡോക്ടർ, അധ്യാപകൻ. ഉത്തരങ്ങൾ പലതാണ്..
ഭാര്യ എന്തു ചെയ്യുന്നു.? അവൾക്ക് ജോലി ഒന്നുമില്ല, വീട്ടിൽ തന്നെയാണ്... പലരും പറയുന്ന മറുപടി ഇതല്ലേ?
ആരാണ് നിന്റെ വീട്ടിൽ കുട്ടികളെ രാവിലെ വിളിച്ചുണർത്തുന്നത്? ഭാര്യയാണ് അല്ലേ? ആരാണ് വീട്ടിൽ ആദ്യം ഉണരുത്? ഭാര്യയാണ് അല്ലേ? നീ ആറു മണിക്കാണെങ്കിൽ ഭാര്യ നാലര മണിക്ക് എഴുന്നേൽക്കും. ഭക്ഷണം ഒരുക്കും, കുട്ടികളെ കുളിപ്പിക്കും, വസ്ത്രം ധരിപ്പിക്കും. അവരെ സ്കൂളിൽ വിടും. നിനക്ക് ജോലിക്ക് പോകാനുളളതെല്ലാം ഒരുക്കിത്തരും. എന്നിട്ടും നീ പറയുന്നു അവൾക്ക് ജോലിയില്ല എന്ന്!
വൈകിട്ട് നിന്റെ വീട്ടിൽ എന്താണ് നടക്കുന്നത്.? ജോലി കഴിഞ്ഞെത്തിയ നീ വിശ്രമത്തിലാണ് അല്ലേ? രാവിലെ നേരെത്ത ഉണർന്നു ജോലി തുടങ്ങിയ ഭാര്യയോ? അവൾ കുട്ടികളെ പഠിപ്പിക്കുന്നു.
രാത്രിയിലേക്കുളള ഭക്ഷണം ഒരുക്കുന്നു. പാത്രങ്ങൾ കഴുകുന്നു, വീട് വൃത്തിയാക്കുന്നു. കുട്ടികൾക്ക് ഉറങ്ങാനുളള സൌകര്യങ്ങൾ ചെയ്തു കൊടുക്കുന്നു. എന്നിട്ടും നീ പറയുന്നു അവൾക്ക് ജോലിയില്ല എന്ന്!
നിനക്ക് ആഴ്ച്ചയിൽ അവധി ദിവസങ്ങളില്ലേ? ഉണ്ട്, ഒന്നോ രണ്ടോ ദിവസം അവധി ലഭിക്കുന്നു. നിന്റെ ഭാര്യക്കോ? ഇല്ല, അല്ലേ? ഒരു മാസം അവസാനിക്കുമ്പോൾ നിന്റെ അദ്ധ്വാനത്തിന് പ്രതിഫലം ലഭിക്കാറില്ലേ? എന്നാൽ രാവും പകലും ജോലി എടുക്കുന്ന ഭാര്യക്കോ?അവധി ഇല്ലാതെ ഏഴു ദിവസവും ജോലി ചെയ്യുന്ന നിന്റെ സഹധർമ്മിണിക്ക് പ്രതിഫലമുണ്ടോ? അവളുടെ സേവനം തികച്ചും സൌജന്യം....!!!
ഓരോ പ്രഭാതത്തിലും സൂര്യൻ വെളിച്ചമേകുന്നതു പോലെ, ചന്ദ്രൻ നിലാവ് സമ്മാനിക്കുന്നതു പോലെ, മരങ്ങൾ തണലേകുന്നതു പോലെ,ചൂടും തണുപ്പുമെല്ലാം നാം ആസ്വദിക്കുന്നതു പോലെ, ഭാര്യയുടെ സേവനങ്ങളും തികച്ചും സൌജന്യം. എന്നിട്ടും നാം പറയുന്നു അവൾക്ക് ജോലിയില്ലെന്ന്...!
സഹോദരാ, നീ മാത്രമല്ല ജോലി ചെയ്യുന്നത്; അവളും കൂടെയുണ്ട്. ഒരു പക്ഷെ നിന്നെക്കാൾ അവളായിരിക്കും ജോലി ചെയ്യുന്നത്. നീ വൃത്തിയിൽ വസ്ത്രം ധരിക്കുന്നതിൽ, നീ നല്ല ഭക്ഷണം കഴിക്കുന്നതിൽ, നിന്റെ മക്കൾ ആരോഗ്യത്തോടെ ജീവിക്കുന്നതിൽഅവളുടെ പങ്ക് നീ മറക്കാതിരിക്കുക....
കൂടെ ചേർന്നു നിൽക്കൂ...
തിരക്കുകൾക്കിടയിലും ഇത്തിരി നേരം അവർക്കും കൊടുത്തു നോക്കൂ. നബി (സ്വ) മാതൃക കാണിച്ചതു പോലെ വീട്ടു കാര്യങ്ങളിൽ അവരെ സഹായിക്കാൻ സമയം കണ്ടെത്തി നോക്കൂ... കുടുംബ കാര്യത്തിൽ വിള്ളലേൽക്കാൻ സാധ്യതയുള്ള ഒരു പ്രവൃത്തിയും തന്നിൽ നിന്നുണ്ടാകാതിരിക്കാൻ നബി (സ്വ) ശ്രദ്ധിച്ചു. ഈ ചരിത്രം നമുക്കൊരു പാഠമാണ്.
‘നബി (സ്വ) യുടെ ഒരു പേർഷ്യൻ അയൽക്കാരൻ നല്ല ഒരു സദ്യ ഒരുക്കി. അങ്ങനെ നബി (സ്വ) യെ ക്ഷണിക്കാൻ വന്നു. അന്നേരം നബി(സ്വ) ചോദിച്ചു: ‘ആഇശ(റ) യെ കൂടി കൂട്ടട്ടേ?’അയാൾ പറഞ്ഞു: ‘വേണ്ട’.അപ്പോൾ അവിടുന്ന് പറഞ്ഞു: ‘എങ്കിൽ ഞാനും വരുന്നില്ല.’അയൽവാസി മടങ്ങിപ്പോയി. അൽപം കഴിഞ്ഞപ്പോൾ അയാൾ വീണ്ടും വന്നു ക്ഷണിച്ചു. നബി(സ്വ): ‘ആഇശാനെ കൂടി കൂട്ടട്ടെ’? ‘വേണ്ട’‘എങ്കിൽ ഞാനുമില്ല’ മൂന്നാം തവണയും അയാൾ വന്നു ക്ഷണിച്ചു. നബി (സ്വ) ചോദ്യം ആവർത്തിച്ചു. അയാൾ സമ്മതിച്ചു. അങ്ങനെ റസൂൽ (സ്വ) യും ആഇശ (റ) യും സൽകാരം സ്വീകരിച്ചു.
വീട്ടിൽ ചെന്നു’ (മുസ്‌ലിം, അഹ്മദ്)
നോക്കൂ, ആ ചേർത്തു പിടിക്കലിന് എന്തൊരു സൌന്ദര്യം!!!
പറഞ്ഞു തീർക്കാൻ കഴിയാത്ത പ്രശ്നങ്ങളിലേക്കോ ശാശ്വതമായ ശത്രുതയിലേക്കോ കുടുംബ ജീവിതം കൊണ്ടു പോകാതിരിക്കുക. കുടുംബ ബന്ധത്തിന്റെ പവിത്രതയും മഹത്ത്വവും കാത്തു സൂക്ഷിക്കുക. കുടുംബത്തോട് മാന്യത പുലർത്തുക, എന്നിട്ടുറക്കെ പറയുക, ഞാൻ എന്റെ കുടുംബത്തോട് ഏറ്റവും നന്നായി പെരുമാറുന്നവനാണെന്ന്. നാഥൻ അനുഗ്രഹിക്കട്ടെ...
ആയിശ(റ) മാത്രമല്ലല്ലൊ ഇനിയും ഭാര്യമാർ ഇല്ലെ ..മറ്റു ഭാര്യമാരെ കൂട്ടിയില്ലെ..
Moossa , 08 Dec 2022
Moonnu pravashyam aarenkilum Salakarathinu vilikkumoo?? Oru vattam vilichittum varoola ennu paranja aale veendum vilikkuvan poya ayaalkku entho thakararundu. Illogical story