സഅദിന്റെ പ്രാർത്ഥന ഫലിച്ചു...!!!
ഉമർ (റ) സഅദ് ബ്നു അബീ വഖ്വാസ് (റ) വിനെ കൂഫയിലെ ഗവർണറായി നിയമിച്ചു. ആ നാട്ടുകാരായ ചിലർ അദ്ദേഹത്തെക്കുറിച്ച് പരാതിയുമായി എത്തി. അവർ കുറെ കാര്യങ്ങൾ പറഞ്ഞു; അദ്ദേഹം ഇമാമായി നമസ്കരിക്കുന്നതു ശരിയല്ലെന്നു വരെ പറഞ്ഞു; ഉമർ (റ) അദ്ദേഹത്തെ വിളിച്ചു വരുത്തി. അദ്ദേഹം പറഞ്ഞു; അബൂഇസ്ഹാഖ്, താങ്കൾ ഇമാമായി നമസ്ക്കരിക്കുന്നത് ശരിയായ രൂപത്തിലല്ലെന്ന് ഇവർ പറയുന്നു. സഅദ് (റ) മറുപടി പറഞ്ഞു; അല്ലാഹുവാണ് സത്യം, നബി (സ്വ) നമസ്കരിച്ചതു പോലെയാണ് ഞാൻ നമസ്ക്കരിച്ചത്. ഉമർ (റ) പറഞ്ഞു; അബൂ ഇസ്ഹാഖ്, അങ്ങനെ തന്നെയാണ് ഞാൻ താങ്കളെക്കുറിച്ചു വിചാരിക്കുന്നത്. ഉമർ (റ) അദ്ദേഹത്തെ കൂഫയിലേക്ക് തന്നെ മടക്കി അയച്ചു. വിവരങ്ങൾ ചോദിച്ചറിയാൻ അദ്ദേഹത്തിന്റെ കൂടെ മറ്റൊരാളെയും നിയോഗിച്ചു. ജനങ്ങൾ അദ്ദേഹത്തെക്കുറിച്ച് നല്ലതു മാത്രമാണ് പറഞ്ഞത്. അങ്ങനെ അദ്ദേഹം ബനു അബ്സിന്റെ പളളിയിൽ പ്രവേശിച്ചു.
അവിടെ ഉസാമത്ത് ബ്നു ഖതാദ എന്നു പറയുന്ന ഒരാൾ എഴുന്നേറ്റ് നിന്നു പറഞ്ഞു; സഅദ് സൈന്യങ്ങളെ പറഞ്ഞയക്കുന്നില്ല, സ്വത്ത് തുല്ല്യമായി വീതം വെക്കുന്നില്ല. വിധിയി ൽ നീതി പാലിക്കുന്നില്ല. സഅദ് (റ) എഴുന്നേറ്റ് നിന്നു പ്രാർത്ഥിച്ചു; അല്ലാഹുവേ, ഇയാൾ പറയുന്നത് കളവാണെങ്കിൽ, പേരിനും പ്രശസ്തിക്കും വേണ്ടിയാണെങ്കിൽ ഇയാളുടെ ആയുസ് ദീർഘിപ്പിക്കേണമേ.. നീണ്ട ദാരിദ്ര്യം നൽകണമേ, കുഴപ്പങ്ങൾക്ക് ഇരയാക്കേണമേ...
അല്ലാഹു സഅദിന്റെ പ്രാർത്ഥനക്ക് ഉത്തരം നൽകി. കൺപോളകൾ കണ്ണുകൾക്കു മുകളിൽ തൂങ്ങുന്ന അത്രയും കാലം അയാൾ ജീവിച്ചു. ജനങ്ങളോട് ചോദിക്കേണ്ടി വരുന്ന അത്രയും അയാൾ ദരിദ്രനായി മാറി. പലതരത്തിലുളള പരീക്ഷണങ്ങൾക്കും അദ്ദേഹം ഇരയായി...ഇതിനെക്കുറിച്ച് ചോദിക്കപ്പെട്ടപ്പോൾ അയാൾ പറഞ്ഞു; പരീക്ഷിക്കപ്പെട്ട ഒരു വൃദ്ധനാണ് ഞാൻ. എന്റെ കാര്യത്തിൽ സഅദിന്റെ പ്രാർത്ഥന ഫലിച്ചതാണ്.
ഈ സംഭവത്തിന്റെ തുടർച്ചയിൽ ഉമർ (റ) കൂഫയുടെ നേതൃത്വത്തിൽ നിന്നും സഅദ് (റ) വിനെ നീക്കം ചെയ്യുന്നുണ്ട്. എന്നിട്ട് ആ സ്ഥാനത്ത് അമ്മാർ ഇബ്നു യാസിർ (റ) വിനെ നിശ്ചയിച്ചു. ഈ ആരോപണം കാരണമല്ല, മറിച്ച് നേതാവിനും പ്രജകൾക്കുമിടയിൽ അസ്വാരസ്യങ്ങൾ ഉണ്ടാവേണ്ട എന്നു കരുതിയാണ്. മാത്രമല്ല, തനിക്കു ശേഷം ഖിലാഫത്ത് ഏറ്റെടുക്കുവാൻ വസീയത്ത് നൽകിയവരിൽ സഅദ് (റ) വും ഉണ്ടായിരുന്നു.
ഇബ്നു ഉസൈമീൻ (റഹി) പറയുന്നു; അക്രമിയായ മുസ്ലിമിനെതിരിൽ അക്രമിക്കപ്പെട്ട അവിശ്വാസിയുടെ പ്രാർത്ഥന അല്ലാഹൂ സ്വീകരിക്കും. അവിശ്വാസിയോടുളള സ്നേഹം കൊണ്ടോ വിശ്വാസിയോടുളള വെറുപ്പ് കൊണ്ടോ അല്ല, മറിച്ച് നീതിയോടുളള സ്നേഹം കൊണ്ടും അനീതിയോടുളള വെറുപ്പും കൊണ്ടും. അതിനാൽ പീഡിതന്റെ പ്രാർത്ഥന സൂക്ഷിക്കുക. അതിനും അല്ലാഹുവിനും ഇടയിൽ യാതൊരു മറയുമില്ല.
നാം ഒരാളോട് അക്രമം പ്രവർത്തിച്ചു. ദുരാരോപണം ഉന്നയിച്ചു, അയാളുടെ സ്വത്ത് കൈക്കാലാക്കി, അയാളെ അന്യായമായി ജോലിയിൽ നിന്നും പുറത്താക്കാൻകാരണ ക്കാരനായി, അയാളെ അപമാനിച്ചു, അയാളുടെ സ്വന്തം കാര്യത്തിലോ കുടുംബത്തിന്റെ കാര്യത്തിലോ അയാളെ ഉപദ്രവിച്ചു. ആ രാത്രി നീയും മറ്റുളളവരുമെല്ലാം ഉറങ്ങു മ്പോൾ നീ ചെയ്ത അക്രമം ഓർത്ത് അയാൾക്ക് ഉറങ്ങാൻ കഴിയുന്നില്ല. രാത്രിയുടെ അന്ത്യയാമങ്ങളിൽ അയാൾ എഴുന്നേൽക്കുന്നു. വുദു ചെയ്തു നമസ്കരിച്ചു ആകാശത്തിലേക്ക് കൈകൾ ഉയർത്തി അയാൾ ദുആ ചെയ്യുന്നു. അല്ലാഹുവേ, ഞാന്‍ പരാജിതനാകുന്നു. അതിനാല്‍ (എന്റെ) രക്ഷയ്ക്കായി നീ നടപടി സ്വീകരിക്കണമേ. (ഖമർ:10) നൂഹ് നബി (അ) നിർവഹിച്ച അതേ പ്രാർത്ഥന..!!! അതിനുത്തരമായി അല്ലാഹു ഭൂമിയെ മുഴുവൻ വെളളത്തിൽ മുക്കി. നീതിയോടുളള സ്നേഹം കൊണ്ട് അല്ലാഹു അക്രമിക്ക പ്പെട്ട അവിശ്വാസിയുടെ പ്രാർത്ഥനക്ക് ഉത്തരമേകുമെങ്കിൽ അക്രമിക്കപ്പെട്ട മുസ്ലിമിന്റെ പ്രാർത്ഥനയുടെ ഫലമെന്തായിരിക്കും.!!!
അതിനാൽ പീഢിതന്റെ പ്രാർത്ഥന നീ സൂക്ഷിക്കുക. അല്ലാഹു അല്ലാതെ മറ്റാരുമില്ലാത്തവരെ വെറുതെ വിട്ടേക്കുക.
സ്നേഹപൂർവ്വം സമീർ മുണ്ടേരി
07/12/2022
00 Comments