*മരണത്തെ കൊതിക്കരുത്.*
•┈┈•✿✿•┈┈•
ഖബ്ബാബ് ഇബ്നു അറത്ത് (റ) വിന് രോഗം ബാധിച്ചു.
അദ്ദേഹത്തിന്റെ വയറിൽ ഏഴു പ്രാവശ്യം കെയ്യ്
(അന്നത്തെ കാലത്ത് നിലവിലുണ്ടായിരുന്ന ഒരു ചികിത്സ)
ചെയ്തു. സ്വഹാബിമാർ അദ്ദേഹത്തെ സന്ദർശിക്കാൻ എത്തി.
വേദനയുടെ കാഠിന്യത്താൽ അദ്ദേഹം പറഞ്ഞു;
മരിക്കാൻ വേണ്ടി പ്രാർത്ഥിക്കുന്നത്
നബി (സ്വ) വിലക്കിയിട്ടില്ലായിരുന്നുവെങ്കിൽ ഞാൻ
അതിനു വേണ്ടി പ്രാർത്ഥിക്കുമായിരുന്നു.
•┈┈•✿✿•┈┈•
ഇഹലോകം പരീക്ഷണത്തിന്റെതാണ്.
പ്രതിഫലത്തിന്റേതല്ല... !!!
അല്ലാഹു രോഗം കൊണ്ട് പരീക്ഷിക്കുന്നത്
സ്നേഹം കൊണ്ടും പാപങ്ങൾ പൊറുത്തു
കൊടുക്കാൻ വേണ്ടിയും പ്രതിഫലം
വർദ്ധിപ്പിച്ചു കൊടുക്കാൻവേണ്ടിയുമൊക്കെയാണ്.
ഇതിനെല്ലാം ഉപരി തന്റെ അടിമ ഈ പരീക്ഷണത്തിൽ
വിജയിക്കുമോ പരാജയപ്പെടുമോ എന്നറിയാൻ വേണ്ടിയാണ്.
•┈┈•✿✿•┈┈•
അല്ലാഹു നബിമാരെ ദാരിദ്ര്യം കൊണ്ടും,
രോഗം കൊണ്ടും നഷ്ടം കൊണ്ടുമെല്ലാം പരീക്ഷിച്ചിട്ടുണ്ട്.
അയ്യൂബ് നബി (അ) യെ പരീക്ഷിച്ചത് നമുക്കറിയാം.
വേദന കൊണ്ട് പുളഞ്ഞപ്പോൾ നബി (സ്വ) പറഞ്ഞത്
നിങ്ങളിൽ രണ്ടു പേർ അനുഭവിക്കുന്ന വേദന
ഞാൻ അനുഭവിക്കുന്നു എന്നായിരുന്നു.
രോഗത്തിൽ ക്ഷമിക്കാനാണ് നാം കൽപ്പിക്കപ്പെട്ടിട്ടുളളത്.
അറിയുക, പ്രയാസങ്ങളെല്ലാം താൽക്കാലികമാണ്.
അത് എന്നുമുണ്ടാവില്ല. രോഗത്തിന് ശേഷം
ശമനം ഉണ്ടായേക്കാം.
രോഗം എത്ര തന്നെ കഠിനമായാലും
എത്ര തന്നെ വേദന അനുഭവിക്കേണ്ടി വന്നാലും
ഉടനെ തന്നെ ശമനം ഉണ്ടാകും എന്ന പ്രതീക്ഷ കൈക്കൊളളുക.
•┈┈•✿✿•┈┈•
ഒരിക്കൽ സഅദ് ബനു അബീ വഖ്വാസ് (റ) രോഗിയായി.
നബി (സ്വ) അദ്ദേഹത്തെ സന്ദർശിച്ചു.
സഅദ് (റ) വസ്വീയത്തിനെക്കുറിച്ചും തന്റെ സ്വത്ത്
എന്തു ചെയ്യും എന്നതിനെക്കുറിച്ചും അദ്ദേഹത്തോട്
ചോദിക്കാൻ തുടങ്ങി.
സഅദ് (റ) വിചാരിച്ചത് അത് തന്റെ അവസാനമാണ്
എന്നാണ്. എന്നാൽ പിന്നീട് അദ്ദേഹം സുഖം പ്രാപിക്കുകയും
ധാരാളം വർഷം ജീവിക്കുകയും ചെയ്തു.
ഒരാൾ രോഗിയായപ്പോൾ നബി (സ്വ)
അദ്ദേഹത്തെ സന്ദർശിച്ചു. അദ്ദേഹം കഠിനമായി
വേദന അനുഭവിക്കുന്നു എന്ന് നബി (സ്വ) മനസ്സിലാക്കി.
അദ്ദേഹം ചോദിച്ചു; താങ്കൾ എന്തെങ്കിലും പ്രാർത്ഥിക്കുന്നുണ്ടോ?
അയാൾ പറഞ്ഞു അതെ, ഞാൻ പ്രാർത്ഥിക്കുകയായിരുന്നു.
അല്ലാഹുവേ, നീ എന്നെ പരലോകത്തു വെച്ച്
ശിക്ഷിക്കാൻ ഉദ്ദേശിച്ചിട്ടുണ്ടെങ്കിൽ
ആ ശിക്ഷ ദുനിയാവിൽ വെച്ചു തന്നെ എനിക്ക് തരേണമേ...
നബി (സ്വ) പറഞ്ഞു; സുബ്ഹാനല്ലാഹ്.
നിങ്ങൾക്ക് അത് സഹിക്കാൻ കഴിയുകയില്ല.
നിനക്ക് ഇങ്ങനെ പറഞ്ഞു കൂടായിരുന്നോ?
അല്ലാഹുവേ, ഞങ്ങൾക്ക് ഇഹത്തിലും പരത്തിലും
നന്മ നൽകേണമേ, നരക ശിക്ഷയിൽ നിന്നും
ഞങ്ങളെ കാക്കേണമേ, അയാൾ അങ്ങനെ പ്രാർത്ഥിച്ചു.
പിന്നീട് അയാൾ സുഖം പ്രാപിക്കുകയും ചെയ്തു.
•┈┈•✿✿•┈┈•
രോഗത്തിന്റെ വേദന കഠിനമാണ്, സംശയമില്ല,
മനുഷ്യന് ചിലപ്പോൾ ക്ഷമ നശിച്ചേക്കാം.
പക്ഷെ മരണം കൊതിക്കാൻപാടില്ല.
അല്ലാഹുവിനെക്കുറിച്ചുളള സദ് വിചാരമാണ് വേണ്ടത്.
പ്രാർത്ഥന കൊണ്ടും വിനയം കൊണ്ടും
അല്ലാഹുവിലേക്ക് അടുക്കുക. പിന്നെ അല്ലാഹുവിന്റെ
വിധി എന്തു തന്നെയായാലും സ്വീകരിക്കാൻ തയ്യാറാവുക.
✍️✍️✍️
സ്നേഹപൂർവ്വം
സമീർ മുണ്ടേരി
08/12/2022
Safiya , 09 Dec 2022
Alhamdulillah. Good and Valuable messages Jazakallahu khair