ഇവിടെ നാം ഒറ്റക്കാണ്.
(റമദാൻ നിലാവ്- 22)
•••┈┈┈•✿❁✿•┈┈┈•••
വീട്ടിൽ, ജോലി സ്ഥലത്ത്, ജീവിതത്തിൽ നാം ഒറ്റക്കാവുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ? ഒറ്റക്കാവുക എന്നത് ഏറെ പ്രയാസമുളള കാര്യമാണ്. ഒറ്റപ്പെടണം എന്ന് ചില സന്ദർഭങ്ങളിൽ നാം ആഗ്രഹിച്ചിട്ടുണ്ട്. എത്ര ആഗ്രഹിച്ചാലും മനുഷ്യരായ നമുക്ക് ഒറ്റക്ക് ജീവിക്കുക സാധ്യമല്ല. നമ്മെക്കുറിച്ച് പറയുന്നത് തന്നെ സാമൂഹ്യജീവിയാണ് എന്നാണ്.
മരണം...
എന്നാൽ നമ്മുടെ ജീവിത്തിൽ നാം ഒറ്റക്ക് അനുഭവിക്കേണ്ട ചില യാഥാ൪ത്ഥ്യങ്ങളുണ്ട്. മരണം സത്യമാണ്. എത്രയോ ആളുകൾ മരിച്ച് പോകുന്നത് നാം കണ്ടു. മരണപ്പെട്ടവരെ കുളിപ്പിച്ചു. അവ൪ക്ക് വേണ്ടി മയ്യിത്ത് നമസ്കരിച്ചു. അവരുടെ മരണാനന്തര ക൪മ്മങ്ങളിൽ പങ്കെടുത്തു. ഒരു പക്ഷെ മരണം അവരെ പിടികൂടിയപ്പോൾ അവരെ തലോടി, ആശ്വാസ വാക്കുകൾ പറഞ്ഞ് അവരുടെ സമീപത്ത് നാം നിന്നിട്ടുണ്ടാവാം..
എന്നാൽ അവ൪ അനുഭവിച്ച മരണത്തിന്റെ വേദന അവ൪ തനിച്ചാണ് അനുഭവിച്ചത്.
നാം ആ വേദനയിൽ പങ്ക് ചേ൪ന്നിട്ടില്ല. അതു പോലെ നമ്മുടെ മരണത്തെയും നാം ഒറ്റക്കാണ് നേരിടേണ്ടത്. മരണത്തിൽ നിന്ന് ആ൪ക്കും രക്ഷപ്പെടാൻ സാധ്യമല്ല. അല്ലാഹു നിശ്ചയിച്ച സമയത്ത് മരണം നമ്മെയും പിടികൂടും. മരണ സമയം മുന്നോട്ടോ പിറകോട്ടോ മാറ്റിവെക്കാൻ നമുക്ക് സാധ്യമല്ല. അല്ലാഹു പറഞ്ഞത്: ഒരാൾക്കും അയാളുടെ അവധി വന്നെത്തിയാൽ അല്ലാഹു നീട്ടിക്കൊടുക്കുകയേ ഇല്ല. അല്ലാഹു നിങ്ങൾ പ്രവർത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു. (63-11)
മരണം സത്യമാണ്. ആരും മരിക്കാതെ ബാക്കിയാവില്ല. അറിയുക; മരണത്തിന്റെ വേദന നാം ഒറ്റക്കാണ് അനുഭവിക്കേണ്ടത്.
ഖബറിൽ നാം ഒറ്റക്കാണ്.
•••┈┈┈•✿❁✿•┈┈┈•••
മരണം പിടികൂടിയാൽ അവൻ പിന്നെ അറിയപ്പെടുന്നത് മയ്യിത്ത് എന്നാണ്.
എപ്പോഴാണ് മയ്യിത്ത് എടുക്കുക? മയ്യിത്ത് നമസ്കാരം കഴിഞ്ഞോ?മയ്യിത്ത് മറമാടി യോ? എന്നെല്ലാമാണ് ചോദിക്കാറ്. മരണ ശേഷം നമുക്ക് പോകാനുളളത് ഖബറി ലേക്കാണ്. അവിടെയും നാം ഒറ്റക്കാണ്. ആരും കൂട്ടിന് വരികയില്ല. നമ്മുടെ ഖബറു വരെ ബന്ധുക്കളും സ്നേഹിതരും നമ്മെ അനുഗമിക്കും. ഖബറിലേക്ക് നമ്മെ ഇറക്കി വെച്ച് നമ്മുടെ മേലെ മണ്ണിട്ട് മൂടി അവരെല്ലാം തിരിച്ച് പോരും. അറിയുക, ഖബറിലെ ജീവിതത്തിൽ നാം ഒറ്റക്കാണ്.
നബി (സ്വ) ഖബറിനെക്കുറിച്ച് പറഞ്ഞത് ക്വബ്റിനോളം ദുഷ്കരവും കഠിനവുമായ ഒരു ദൃശ്യവും ഒരിക്കലും ഞാന് കണ്ടിട്ടില്ല (തി൪മുദി)
ബറാഅ് ഇബ്നു ആസിബ് (റ) പറയുകയാണ്: ഞങ്ങൾ അല്ലാഹുവിന്റെ ദൂതരോടൊപ്പം
ഒരു ജനാസഃ (സംസ്കരണ) ത്തിലായിരുന്നു. ഞങ്ങൾ ക്വബ്റിനരികിലെത്തിയപ്പോ ൾ തിരുമേനി ക്വബ്റിനരികിൽ മുട്ടുകുത്തിയിരുന്നു. അപ്പോൾ തിരുമേനി മണ്ണ് നനയുന്നതുവരെ കരഞ്ഞു. ശേഷം പറഞ്ഞു: എന്റെ സഹോദരങ്ങളെ, ഇതു പോലെയുള്ള ദിവസത്തിനു വേണ്ടി നിങ്ങൾ തയ്യാറാവുക (ബൈഹഖി)
അറിയുക, കബറിലും നാം ഒറ്റക്കാണ്. ഒറ്റക്കാവുന്ന കബ൪ ജീവിതത്തിൽ സന്തോഷം ലഭിക്കാനുളള വഴികൾ നബി (സ്വ) പഠിപ്പിച്ചിട്ടുണ്ട്. നമ്മുടെ കടമ ആ വഴിയിലൂടെ ജീവിക്കുക എന്നതാണ്.
വിചാരണയെ ഒറ്റക്ക് നേരിടണം
•••┈┈┈•✿❁✿•┈┈┈•••
ലോകം അവസാനിച്ചാൽ കബറിൽ നിന്ന് നാം എഴുന്നേറ്റ് മഹ്ശറിലേക്ക് വരുമെന്ന്
നബി (സ്വ) പഠിപ്പിച്ചിട്ടുണ്ട്. വിചാരണയുടെ സമയം. ആരും ആരെയും സഹായിക്കാനില്ലാത്ത രംഗം. അവിടെ വിചാരണയുണ്ട്. അല്ലാഹു പറഞ്ഞു: എന്നാൽ നിന്റെ രക്ഷിതാവിനെത്തന്നെയാണ, അവരെ മുഴുവൻ നാം ചോദ്യം ചെയ്യുക തന്നെ ചെയ്യും. അവർ പ്രവർത്തിച്ച് കൊണ്ടിരുന്നതിനെ സംബന്ധിച്ച്. (ക്വു൪ആ൯) ഒരു ഹദീസിൽ ഇങ്ങിനെ വന്നിട്ടുണ്ട്. ഒരു ദാസന്റെയും കാൽപാദങ്ങൾ അന്ത്യനാളിൽ (അല്ലാഹുവിന്റെ മുന്നിൽ നിന്നും) നീങ്ങിപ്പോവുകയില്ല; അഞ്ച് കാര്യങ്ങളെക്കുറിച്ച് അവൻ ചോദിക്കപ്പെടുന്നതുവരെ. തന്റെ ആയുസ്സിനെക്കുറിച്ച്; അത് എന്തിൽ നശിപ്പിച്ചുവെന്ന്. തന്റെ യൗവ്വനത്തെക്കുറിച്ച്; അത് എന്തിൽ ക്ഷയിപ്പിച്ചുവെന്ന്. തന്റെ സമ്പത്തിനെ ക്കുറിച്ച്; അത് എവിടെ നിന്നും സമ്പാദിച്ചു, അത് എന്തിൽ ചിലവഴിച്ചു എന്ന്. തന്റെ അറിവിനെക്കുറിച്ച്; അതു കൊണ്ട് എന്ത് കർമ്മം ചെയ്തു എന്ന്.
പ്രിയപ്പെട്ടവരെ, ചോദ്യങ്ങൾ നമ്മോടാണ്. ഒറ്റക്കാണ് ഉത്തരം പറയേണ്ടത്.
ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ ഇപ്പോൾ തന്നെ നാം തയ്യാറെടുക്കുക.
സൽകർമ്മങ്ങൾ
•••┈┈┈•✿❁✿•┈┈┈•••
നാം തനിച്ചാകുന്ന സന്ദ൪ഭങ്ങളിൽ നമുക്ക് കൂട്ടിനുണ്ടാവുക നമ്മുടെ സൽക൪മ്മങ്ങളാ ണ് എന്ന് നബി (സ്വ) പഠിപ്പിച്ചിട്ടുണ്ട്. അല്ലാഹു പറഞ്ഞു: ഐഹികജീവിതം കബളിപ്പിക്കുന്ന ഒരു വിഭവമല്ലാതെ മറ്റൊന്നുമല്ല (3-185)
അതെ, പുണ്യങ്ങൾ മാത്രമാണ് കൂട്ടിനുണ്ടാവുക. ഒറ്റക്കാവുന്ന സന്ദ൪ഭങ്ങളിൽ സമാധാനത്തോടെ മുന്നോട്ട് പോകാൻ ഈ ലോക ജീവിതം സൽക൪മ്മങ്ങൾ കൊണ്ട് ധന്യമാക്കുക. അല്ലാഹു അനുഗ്രഹിക്കട്ടെ..
സ്നേഹപൂർവ്വം
സമീ൪ മുണ്ടേരി
07/05/2021
00 Comments