മടങ്ങാൻ സമയമായില്ലേ?
ഞങ്ങളുടെ മക്കൾ, ഞങ്ങളുടെ സ്ത്രീകൾ, ഞങ്ങളിലെ യുവാക്കൾ, പ്രായം ചെന്നവർ. പലരും മണ്ണിനടിയിലാണ്. ജീവൻ അവശേഷിക്കുന്നുണ്ടോ എന്നു നോക്കാൻ പോലും കഴിയാതെ ഞങ്ങൾ നിസ്സഹായരാണ്. !!! നിറഞ്ഞ കണ്ണുകളോടെ തകർന്നു വീണ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് അയാൾ പറഞ്ഞു തീർക്കുകയാണ്.
ഈ പ്രഭാതം തുർക്കിയും സിറിയയും നമ്മെ വല്ലാതെ നൊമ്പരപ്പെടുത്തുന്നു. ആയിരക്കണക്കിന് മനുഷ്യർ മരണപ്പെട്ടിരിക്കുന്നു. ലക്ഷങ്ങൾക്ക് പരിക്കു പറ്റിയിരിക്കുന്നു. ഇന്നലെ വരെ എല്ലാ സൌകര്യങ്ങളും അനുഭവിച്ചും ആസ്വദിച്ചും ജീവിച്ചവർ ഇന്ന് ഒന്നുമില്ലാത്ത ദരിദ്രന്മാരായി മാറിയിരിക്കുന്നു.വാവിട്ടു കരയുന്ന സ്ത്രീകളും കുട്ടികളും. ഒരു നേരത്തെ അന്നത്തിനവർ കൈ നീട്ടുന്നു. ചികിത്സിക്കാൻ ഹോസ്പിറ്റലുകളില്ലാതെ പ്രയാസപ്പെടുന്നു. കയറിക്കിടക്കാൻ കിടപ്പാടമില്ലാതെ റോഡുകളിലും പൊതു സ്ഥലങ്ങളിലും അവർ അന്തിയുറങ്ങുന്നു. പ്രഭാത സമയത്ത് ഏകദേശം നാലു മണിക്ക് തുർക്കിയിലെ കഹർമാൻ മറാഷ് എന്ന പ്രദേശത്തു നിന്ന് ആരംഭിച്ച ഭൂചലനം തുർക്കിയെയും സിറിയയെയും പരിസര പ്രദേശങ്ങളെയും പിടിച്ചു കുലുക്കിയിരിക്കുന്നു...
════ ⋆ lllllll ⋆ ════
ബഹു നില കെട്ടിടങ്ങളെ സെക്കന്റുകൾ കൊണ്ട് ഭൂമി അതിന്റെ മടിത്തട്ടിലേക്ക് തട്ടിയിട്ടിരിക്കുന്നു. മാസങ്ങളും വർഷങ്ങളും എടുത്തു നൂറു കണക്കിന് മനുഷ്യർ അവരുടെ സമ്പത്തും ആരോഗ്യവും ഉപയോഗിച്ച് പണിതുയർത്തിയ വീടുകളും കെട്ടിടങ്ങളുമാണ് നിമിഷ നേരം കൊണ്ട് തകർന്നത് എന്ന് നാം മറന്നു പോകരുത്...
ലോകം എല്ലം മറന്നു അവരെ സഹായിക്കുകയാണ്. വിവിധ രാജ്യങ്ങൾ അവരുടെ പട്ടാളത്തെ രക്ഷാ പ്രവർത്തനത്തിന് നിയോഗിക്കുന്നു. ഭക്ഷണവും വസ്ത്രവും മരുന്നും എത്തിക്കാൻ തിരക്കു കൂട്ടുന്ന കാഴ്ച്ചകൾ, നാം ഒന്നാണ് എന്ന ബോധം വൈകാരികത സമ്മാനിക്കുന്നുണ്ട്. നമുക്ക് എന്തു ചെയ്യാൻ പറ്റും എന്നു ഓരോരുത്തരും ആലോചി ക്കുക. മരണപ്പെട്ടവർക്കും, പരിക്കു പറ്റിയവർക്കും എല്ലാ നഷ്ടപ്പെട്ട് നിസ്സഹായരായി നിൽക്കുന്നവരുമായവർക്ക് വേണ്ടി നിറഞ്ഞ കണ്ണുകളോടെ പ്രാർത്ഥിക്കാൻ നാം മറന്നു പോകരുത്.അല്ലാഹു നമ്മെ എല്ലാവരെയും കാത്തു രക്ഷിക്കട്ടെ...
നാം സുരക്ഷിതരാണോ ?
════ ⋆ lllllll ⋆ ════
വിശപ്പടക്കാൻ ഭക്ഷണം, ധരിക്കാൻ നല്ല വസ്ത്രം, കിടന്നുറങ്ങാൻ നല്ല വീട്.... എല്ലാം നമുക്കുണ്ട്. രോഗം വന്നാൽ ഓടിപ്പോകാൻ ഹോസ്പിറ്റലും സമ്പത്തും കൈവ ശമുണ്ട്. സ്വന്തമായി വാഹനവും ഓടിക്കാൻ കഴിവുളളവരും കൂടെയുണ്ട്. ഇതെല്ലാം നമുക്ക് ധൈര്യം നൽകുന്നുണ്ട് അല്ലേ?എന്നാൽ ഈ പ്രഭാതം നമ്മെ ഓർമ്മപ്പെടുത്തിയത് എന്താണ്?
നിസ്സഹായരാണ് നാം...
════ ⋆ lllllll ⋆ ════
അൽ അറബിയും അൽജസീറയുമടക്കമുളള ചാനലുകൾ പുറത്തു വിട്ട വാർത്തകളും വീഡിയോകളും നമ്മെ ഭയപ്പെടുത്തും.... നാം ദുർബലരാണ്, ദുർബലരാണ് എന്ന് ഉറക്കെ വിളിച്ചു പറയാൻ തോന്നും. മഹാരാഷ്ട്രയിലും കാശ്മീരിലും അതു പോലെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പല സന്ദർഭങ്ങളിലും ഭൂചനലങ്ങൾ സംഭവിച്ചിട്ടുണ്ട്.ഏതാനും ദിവസങ്ങൾ അതെല്ലാം നാം ഓർക്കും. ജീവിതം ശ്രദ്ധയോടെ കൊണ്ടു നടക്കും. പതിയെ എല്ലാം നാം മറക്കും.വിശ്വാസവും കർമ്മങ്ങളും നന്നാക്കുക, എങ്കിൽ എവിടെ വെച്ച് മരണപ്പെട്ടാലും നല്ല മരണമാണ്. കെട്ടിടങ്ങൾ തകർന്നുളള മരണം ശഹീദിന്റെ സ്ഥാനം ലഭിക്കുന്ന മരണമാണ്. മരണം വിദൂരത്തല്ലെന്ന് മനസ്സിലാക്കുക, മരണത്തിന് വേണ്ടി തയ്യാറാവുക. മരണാനന്തര ജീവിതത്തിന് വേണ്ടി പ്രവർത്തിക്കുക... അല്ലാഹുവിനെ സൂക്ഷിച്ചും അവന്റെ പ്രവാചകനെ പിന്തുടർന്നും നന്മയിൽ ജിവിക്കുക. തിന്മകളിൽ നിന്നു മാറി നിൽക്കുക...
ലോകം അവസാനിക്കുന്നതുമായി ബന്ധപ്പെട്ട് അല്ലാഹു പറയുന്നതു നോക്കൂ... മനുഷ്യരേ, നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനെ സൂക്ഷിക്കുക, തീര്‍ച്ചയായും ആ അന്ത്യസമയത്തെ പ്രകമ്പനം ഭയങ്കരമായ ഒരു കാര്യം തന്നെയാകുന്നു. നിങ്ങൾ അത് കാണുന്ന ദിവസം ഏതൊരു മുലകൊടുക്കുന്ന മാതാവും താന്‍ മുലയൂട്ടുന്ന കുഞ്ഞിനെപ്പറ്റി അശ്രദ്ധ യിലായിപ്പോകും. ഗര്‍ഭവതിയായ ഏതൊരു സ്ത്രീയും തന്‍റെ ഗര്‍ഭത്തിലുള്ളത് പ്രസവിച്ചു പോകുകയും ചെയ്യും. ജനങ്ങളെ മത്തുപിടിച്ചവരായി നിനക്ക് കാണുകയും ചെയ്യാം. (യഥാര്‍ത്ഥത്തില്‍) അവര്‍ ലഹരി ബാധിച്ചവരല്ല.പക്ഷെ, അല്ലാഹുവിന്റെ ശിക്ഷ കഠിനമാകുന്നു. (ഹജ്ജ്-1,2)
അതെ, ഇത് നമുക്കെല്ലാമുളള ഓർമ്മപ്പെടുത്തലാണ്. നാം നിസ്സഹായരാണ്, ദുർബലരാണ്. ഈ ലോകത്തു നിന്ന് ഏതു സമയത്തും പോകേണ്ടവരാണ്. സമ്പത്തും സൌകര്യങ്ങളും നമ്മുടെ നിയന്ത്രണത്തിലല്ല എന്നുളള ഓർമപ്പെടുത്തൽ. പാഠമുൾക്കൊണ്ട് മുന്നോട്ട് പോവുക. അല്ലാഹു എല്ലാവർക്കും നന്മ വരുത്തട്ടെ....
സ്നേഹപൂർവ്വം
സമീർ മുണ്ടേരി.
07/02/2023
Jamaludheen , 07 Feb 2023
എല്ലാം അറിയുന്ന റബ്ബിനോട് തഹജ്ജുദ് നമസ്കാരത്തിൽ രക്ഷിതാവിനോട് മനമുരുകി പ്രാർത്ഥിച്ചു കൊണ്ട് തന്നെ യാണ് നമ്മുടെ സങ്കടങ്ങൾ നാഥനോട് പറയേണ്ടത് എന്ത് ചോദിച്ചാലും നൽകപ്പെടുന്ന സമയമാണ് എന്നോർക്കുക അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ ആമീൻ.