സകാത്തുൽ ഫിത്ർ
റമദാൻനിലാവ്- 21
ഹിജ്‌റ രണ്ടാം വർഷമാണ് ഫിതർ സകാത്ത് നിർബന്ധമാക്കപ്പെട്ടത്. റമദാൻ വ്രത ത്തിൽ നിന്ന് വിരമിക്കുന്നതിനെ തുടർന്ന് നിർബന്ധമാവുന്ന ഒരു ദാനമാണ് ഫിതർ സകാത്ത്. സ്ത്രീയോ പുരുഷനോ, വലിയവനോ ചെറിയവനോ, അടിമയോ സ്വതന്ത്രനോ, ആരായിക്കൊള്ളട്ടെ മുസ്‌ലിംകളിൽപെട്ട ഓരോ വ്യക്തിയുടെ പേരിലും പ്രസ്തുത സക്കാത്ത് നിർബന്ധമാണ്.
മനുഷ്യന്റെ ശാരീരിക ആത്മീയ ശുദ്ധീകരണമാണ് ഇതു കൊണ്ടുദ്ദേശിക്കുന്നത്. പെരുന്നാൾ ദിവസം ആരും തന്നെ പട്ടിണി കിടക്കാൻ പാടില്ല എന്നതാണ് ഇതിന്റെ ഉദ്ദേ ശ്യം. ദരിദ്രന്മാർ യാചിക്കാതെ തന്നെ മുസ്ലിംങ്ങളുടെ ആഘോഷത്തിൽ പങ്കുചേരേണ്ടതുണ്ട്. ദരിദ്രനോടുളള അനുകമ്പയാണ് ഫിത്ർ സകാത്ത്. നോമ്പിൽ സംഭവിച്ച പിഴവുകൾ അതിലൂടെ പരിഹരിക്കപ്പെടുന്നു.
ഇബ്നു അബ്ബാസ് (റ) വിൽ നിന്ന് ഇപ്രകാരം വന്നത് കാണാം. (നോമ്പുകാരന് അനാവശ്യകാര്യങ്ങളിൽ നിന്നും അശ്ലീലങ്ങളിൽ നിന്നും ശുദ്ധീകരണമായും സാധുക്കൾക്ക് ആഹാരമായുമാണ് അത്.)
എപ്പോഴാണ്
ഫിതർ സകാത്ത് കൊടുക്കേണ്ടത്?
നബി (സ) പറഞ്ഞു: "നമസ്കാരത്തിന് മുമ്പായി ഒരാൾ അത് നിർവഹിക്കുകയാണ് എങ്കിൽ അത് സ്വീകാര്യയോഗ്യമായ (ഫിത്വർ) സകാത്താണ്. എന്നാൽ നമസ്കാര ശേഷമാണ് ഒരാൾ അത് നിർവഹിക്കുന്നതെങ്കിൽ കേവലം സ്വദഖകളിൽ ഒരു സ്വദഖ മാത്രമായിരിക്കും അത്"(അബൂ ദാവൂദ്)
മുകളിൽ വായിച്ച വരികളിൽ നിന്ന് പെരുന്നാൾ നമസ്കാരത്തിന് മുമ്പ് ഫിതർ സകാ ത്ത് നൽകണം എന്ന് മനസ്സിലാക്കാൻ സാധിക്കും. പെരുന്നാൾ നമസ്കാരത്തിന് ശേഷം നൽകുന്നത് ഫിത്ർ സകാത്തായി പരിഗണിക്കപ്പെടുന്നില്ല. പെരുന്നാളിന് ഒന്നോ രണ്ടോ ദിവസം മുമ്പ് നല്കിയാലും സാധുവാകുമെന്നാണ് കർമശാസ്ത്ര പണ്ഡി തന്മാരിൽ ഭൂരിഭാഗത്തിന്റെ അഭിപ്രായം.
ഇബ്‌നു ഉമർ (റ) പ്രസ്താവിക്കുന്നു: (ജനങ്ങൾ നമസ്‌കാരത്തിന് പുറപ്പെടുന്നതിനു മുമ്പ് ഫിത്വർ സകാത്ത് നല്കാൻ റസൂൽ (സ) ഞങ്ങളോട് കല്പിച്ചു). ഇബ്‌നു ഉമർ (റ) പെരു ന്നാളിന്റെ ഒരു ദിവസവും രണ്ടു ദിവസവും മുമ്പ് അത് നല്കാറുണ്ടായിരുന്നുവെന്ന് കാണാം.
എത്രയാണ് കൊടുക്കേണ്ടത് ?
ഗോതമ്പ്, യവം, ഈത്തപ്പഴം, മുന്തിരി, പാൽക്കട്ടി,
അരി, ചോളം തുടങ്ങി
പ്രധാന ആഹാരമായി കണക്കാക്കപ്പെടുന്ന വസ്തുക്കളിൽ നിന്ന് ഒരു സ്വാഅ്
ആണ് ഫിത്വർ സകാത്തായി നൽകേണ്ടത്. നാട്ടിലെ മുഖ്യാഹാരമായി
എണ്ണപ്പെടുന്ന ധാന്യമാണു നൽകേണ്ടത്.
ഒരാൾക്ക് ഒരു സ്വാഅ് വീതമാണ് നൽകേണ്ടത്. അബീ സഈദ് അൽ ഖുദരി (റ) നിവേദനം: അദ്ദേഹം പറഞ്ഞു: " പ്രവാചകന്റെ കാലത്ത് ഒരു സ്വാഅ് ഭക്ഷണമോ, ഒരു സ്വാഅ് കാരക്കയോ, ഒരു സ്വാഅ് ബാർലിയോ, ഒരു സ്വാഅ് പനീറോ, ഒരു സ്വാഅ് ഉണക്ക മുന്തിരിയോ ഒക്കെയാണ് ഫിത്വർ സകാത്തായി നൽകാറുണ്ടായിരുന്നത്
[ബുഖാരി, മുസ്‌ലിം].
നബി (സ്വ) യുടെ കാലത്തെ ഒരു സ്വാഅ് എന്ന് പറയുന്നത് 2.040 കിലോ ഗ്രാം
തൂക്കം ആണ്. ചില പണ്ഡിതന്മാർ മൂന്നു കിലോയാണ് എന്നും അഭിപ്രായപ്പെട്ടിട്ടുണ്ട്.
എവിടെ കൊടുക്കണം?
പലരും ചോദിക്കാറുളള ചോദ്യമാണ് ഫിത്ർ സകാത്ത് എവിടെയാണ് നൽകേണ്ടത് എന്ന്. പ്രത്യേകിച്ചും പ്രവാസികൾ ഈ ചോദ്യം ഉന്നയിക്കാറുണ്ട്. നമ്മൾ ശവ്വാൽ ഒന്നിന് എവിടെയാണോ ഉളളത് അവിടെ നൽകണമെന്നാണ് മഹാഭുരിപക്ഷം
പണ്ഡിതരും അഭിപ്രായപ്പെട്ടിട്ടുളളത്. അല്ലാഹുവാണ് കൂടുതൽ അറിയുന്നവൻ..
എങ്ങനെയാണ് വിതരണം?
ഫിത്ർ സകാത്ത് എന്തിന് വേണ്ടിയാണ് എന്ന് നാം മുകളിൽ വിശദീകരിച്ചു.
ഒരു മുസ്ലിം സഹോദരനും പെരുന്നാളിന്റെ അന്ന് പട്ടിണി കിടക്കാൻ പാടില്ലെന്ന തത്വം ഫിത്ർ സകാത്തിലൂടെ നടപ്പിലാകുകയാണ്. അതു കൊണ്ടുതന്നെ ഫിത്ർ സകാത്തിന് അവകാശികൾ ദരിദ്രന്മാരാണ് എന്ന് വിശദീകരിക്കേണ്ടതില്ല.
നമ്മുടെ മേൽ നിർബന്ധ ബാധ്യതയായ ഫിത്ർ സകാത്തിന്റെ വിഷയത്തിൽ അശ്രദ്ധ കാണിക്കാതിരിക്കുക. നബി (സ്വ) പഠിപ്പിച്ച അതേ രീതിയിൽ ഫിത്ർ സകാത്ത് നൽകാൻ ശ്രദ്ധിക്കുക അല്ലാഹു അനുഗ്രഹിക്കട്ടെ..
സ്നേഹപൂർവ്വം
സമീ൪ മുണ്ടേരി
06/05/2021
00 Comments