*ഞാൻ മാത്രം കൈകൾ ഉയർത്തിയില്ല!!!*
════⌂⋖lllll⋗⌂════
അബ്ദുല്ല ഒമർ ബാനഅ്മ...
കഴിഞ്ഞ മാസമാണ് അദ്ദേഹം മരണപ്പെട്ടത്. സഊദിയിലെ യുവാക്കളുടെ ഇടയിൽ അറിയപ്പെട്ട പ്രബോധകൻ. കൈകാലുകൾ ചലിപ്പിക്കാൻ കഴിയാതെ ജീവിച്ച മനുഷ്യൻ. മുഖമൊഴികെ ബാക്കി എല്ലാം തളർന്ന മനുഷ്യൻ.
അയാളുടെ ഒരു സംസാരം കേൾക്കുകയായിരുന്നു..അദ്ദേഹത്തിന്റെ വാക്കുകൾ കേൾക്കാൻ ചുറ്റിലും ചില ആളുകളുണ്ട്.അവരോട് അദ്ദേഹം ചോദിച്ചു: നിങ്ങൾ എന്നെ സ്നേഹിക്കുന്നുണ്ടോ? അവർ പറഞ്ഞു: അതെ.അദ്ദേഹം വീണ്ടും ചോദിച്ചു: സത്യമായും നിങ്ങൾ എന്നെ സ്നേഹിക്കന്നുണ്ടോ?അവർ പറഞ്ഞു: സത്യമായും. ശരി, നിങ്ങൾ അല്ലാഹുവിനെ സ്നേഹിക്കുന്നുണ്ടോ? അല്ലാഹുവിനെ സ്നേഹിക്കുന്നവരെല്ലാം കൈകൾ ഉയർത്തൂ. അവരെല്ലാം കൈകൾ ഉയർത്തി.
നോക്കൂ, നിങ്ങളെല്ലാവരും കൈകൾ ഉയർത്തിയിരിക്കുന്നു. എല്ലാവരും അല്ലാഹുവിനെ സ്നേഹിക്കുന്നുണ്ട്. പക്ഷെ, ഞാൻ കൈകൾ ഉയർത്തിയിട്ടില്ല. ഞാൻ അല്ലാഹുവിനെ സ്നേഹിക്കുന്നുണ്ട്. പക്ഷെ, കൈകൾ ഉയർത്തിയിട്ടില്ല.. എനിക്കതിന് കഴിയുന്നില്ല!!!
ആരാണ് എന്റെ കൈകളെ തടഞ്ഞത്? (ഒരാൾ എഴുന്നേറ്റ് വന്നു അദ്ദേഹത്തിന്റെ കൈകൾ ഉയർത്തി) അദ്ദേഹം പറഞ്ഞു; എന്റെ പാപങ്ങൾ, എന്റെ കൈകൾ ഉയർത്തുന്നതിൽ നിന്ന് എന്നെ തടഞ്ഞിരിക്കുന്നു. ആ വാക്കുകൾ എല്ലാവരെയും കണ്ണീരിണയിപ്പിക്കുന്നുണ്ട്.എന്താണ് അദ്ദേഹം എന്റെ പാപങ്ങൾ എന്നെ തടഞ്ഞു എന്നു പറഞ്ഞത്....?
════⌂⋖lllll⋗⌂════
അദ്ദേഹം പൂർണ ആരോഗ്യവാനായി ജീവിക്കുകയായിരുന്നു. ചെറുപ്പത്തിന്റെ ചോരത്തിളപ്പിൽ ചീത്ത കൂട്ടുകെട്ടിലെത്തിപ്പെട്ടു. പുകവലിയും മറ്റു ദുശീലങ്ങൾക്കുമടിമയായി മാറി. നമസ്കാരമോ ഇസ്ലാമിന്റെ മര്യാദകളോ പാലിച്ചിരുന്നില്ല. ഒരു രാത്രി പിതാവ് അദ്ദേഹത്തെ ഉപദേശിക്കാൻ വന്നു...മോനെ, നീ പുകവലിക്കാറുണ്ടോ? അല്ലാഹുവിനെ പിടിച്ചു സത്യം ചെയ്തു കൊണ്ട് അദ്ദേഹം പല തവണ അത് നിഷേധിച്ചു. കോപം വന്ന പിതാവ് പറഞ്ഞു: നീ പറയുന്നത് കള്ളമാണെങ്കിൽ നിന്റെ പിരടി നീ സത്യമിട്ട നാഥൻ തന്നെ തകർത്തുകളയട്ടെ...
തൊട്ടടുത്ത ദിവസം ഒരു സിമ്മിംഗ് പൂളിൽ കുളിക്കാൻ കൂട്ടുകാരുടെ കൂടെ പോയ അദ്ദേഹം ഉയരത്തിൽ നിന്നും പൂളിലേക്ക് ചാടി. പക്ഷെ, പൂളിനടിയിലെ തറയിൽ തട്ടി ബോധമറ്റു വെളളത്തിനടിയിൽ തന്നെ കിടന്നു. വെളളത്തിലേക്ക് ചാടിയ കൂട്ടുകാരൻ ഉയർന്നു വരാത്തത് ശ്രദ്ധിച്ച കൂട്ടുകാർ പൂളിലേക്ക് ചാടി അവനെ ഉയർത്തി കൊണ്ടു വന്നു. ജീവനുണ്ട്. വേഗം അവർ ഹോസ്പിറ്റലിലേക്ക് കൊണ്ടു പോയി... വർഷങ്ങൾ നീണ്ടു നിന്ന ചികിത്സകൾ, സർജറികൾ... കോടിക്കണക്കിന് റിയാലിന്റെ ആശുപത്രി ബില്ലുകൾ. തലച്ചോറുമാത്രം പ്രവർത്തിച്ചിരുന്ന ആദ്യത്തെ നാലഞ്ചു വർഷങ്ങൾക്കു ശേഷം മുഖം ചലിക്കുന്ന രൂപത്തിലേക്കെത്തി.
════⌂⋖lllll⋗⌂════
അങ്ങനെയാണ് കൈകൾ ഉയർത്താൻ പറ്റാത്ത അവസ്ഥയിലേക്ക് അദ്ദേഹം എത്തിയത്. താൻ ചെയ്ത തെറ്റു മനസ്സിലാക്കി, വായനയും പഠനവുമായി അദ്ദേഹം പുതിയൊരു ജീവിതം ആരംഭിച്ചു. ആയിരങ്ങൾക്ക് ഹൃദയത്തിന് വെളിച്ചമേകുന്ന സംസാരവുമായി അദ്ദേഹം ജീവിച്ചു. മനുഷ്യരുടെ ഹൃദയങ്ങളോട് അദ്ദേഹം സംസാരിച്ചു. ഈ ലോകത്തു നിന്ന് അദ്ദേഹം യാത്രയായിരിക്കുന്നു. പഠിക്കാനും പകർത്താനും പാഠങ്ങൾ ഏറെ ബാക്കിയാക്കി. അല്ലാഹുവേ, ഞങ്ങളുടെ സഹോദരന് സ്വർഗം നൽകി അനുഗ്രഹിക്കണെ...
✍️✍️✍️✍️
സ്നേഹത്തോടെ
സമീർ മുണ്ടേരി..
11/02/2023
00 Comments