കാത്തിരിക്കൂ, അവരും വന്നു ചേരട്ടെ....!!!
ആദർശ സഹോദരങ്ങളെ,...ഇന്നലെകളിലെ കഥകൾ നിങ്ങൾ കേട്ടിട്ടില്ലേ?നൂഹ് നബി (അ) മുതലുളള റസൂലുകളുംഅവർ നിർവഹിച്ച അതേ ദൌത്യം നിർവഹിച്ചവരും അനുഭവിച്ച പീഢനങ്ങളും പ്രയാസങ്ങളും വായിച്ചിട്ടില്ലേ... ?
അവരുടെ കണ്ണുനീരും രക്തവും ഭൂമിയിൽ വീണിട്ടുണ്ട്. നാടും വീടും സമ്പത്തും ഉപേക്ഷിച്ച് മറ്റൊരു നാട്ടിലേക്ക് പലായനം ചെയ്യേണ്ടി വന്നിട്ടുണ്ട്.സാഹിറെന്ന്, മൂഢനെന്ന്, അവിവേകി യെന്ന്, കവിയെന്ന് വിളിച്ച് പരിഹസിച്ചിട്ടുണ്ട്. വഹ് യ് ഒരൽപ്പ കാലം താമസിച്ചപ്പോൾ മുഹമ്മദെ, നിന്റെ പിശാച് നിന്നെ കൈവെടിഞ്ഞോ എന്ന് ചോദിച്ചു മുത്ത് നബിയെ നൊമ്പരപ്പെടുത്തിയിട്ടുണ്ട്.
റബ്ബിന്റെ കനിവിനാൽ ലഭിച്ച ഹിദായത്തും ഇസ്തിഖാമത്തും അവർ കൈവെടിഞ്ഞില്ല... ആദർശം പറഞ്ഞു കൊണ്ടേയിരുന്നു. ആരെയും ഭയപ്പെട്ടില്ല, നഷ്ടങ്ങളെക്കുറിച്ച് ആലോചിച്ച് വേവലാതിപ്പെട്ടില്ല...അവരാണ് നമുക്കുളള മാതൃക...
നമുക്കും കാത്തിരിക്കാം
════⌂⋖lllll⋗⌂════
തബൂക്ക് യുദ്ധത്തിനുളള വിളിയെത്തി, ശക്തമായ ചൂട്, വിളവെടുപ്പിനുളള സമയം, മറ്റു പ്രതിസന്ധികൾ... വിളിച്ചത് അല്ലാഹുവും റസൂലുമാണ്. വിശ്വാസികൾ ഉത്തരമേകി. കപട വിശ്വാ സികൾ പിന്തി നിന്നു... യുദ്ധത്തിനുളള യാത്രയുടെ തുടക്കത്തിലെ നബി (സ്വ) ഒരു കാര്യം തിരിച്ചറിഞ്ഞു. അബൂദർ (റ) കൂടെയില്ല. ചിലർ അതിനെക്കുറിച്ച് നബിയോട് ചോദിക്കുകയും ചെയ്തു. നബി (സ്വ) പറഞ്ഞു; എത്തിച്ചേരാത്തവരെ വിട്ടേക്കുക, അവരിൽ നന്മയുണ്ടെങ്കിൽ അല്ലാഹു അവരെ നമ്മിലേക്ക് എത്തിക്കും. മറിച്ചാണെങ്കിൽ അവരിൽ നിന്ന് അല്ലാഹു നമുക്ക് ആശ്വാസം നൽകി എന്നു കരുതുക.
നബിയും സ്വഹാബികളും പുറപ്പെട്ടു. യാത്രാ മദ്ധ്യേ വിശ്രമിക്കുമ്പോൾ അവർ ആ കാഴ്ച്ച കണ്ടു. അകലെ നിന്നൊരാൾ നടന്നു വരുന്നു.. നബിയോടവർ ഈ കാര്യം ഉണർത്തി. നബി (സ്വ) പറഞ്ഞു; അത് അബുദർ ആയിരുന്നെങ്കിൽ. അയാൾ അടുത്തെത്തി.സുബ്ഹാനല്ലാഹ്. അതു അബുദർ തന്നെ...!!! അപ്പോൾ നബി (സ്വ) പറഞ്ഞു: അബുദറിനോട് അല്ലാഹു കരുണ കാണിക്കട്ടെ, ഏകാകിയായി അദ്ദേഹം നടന്നു വന്നു. ഏകാകിയായി അദ്ദേഹം മരിക്കും. ഏകാകിയായി ഉയർത്തെഴുന്നേൽപ്പിക്കപ്പെടും….
നോക്കു, കൂടെയില്ലാത്ത ഒരു വ്യക്തി, തന്റെ കൂടെ വന്നിരുന്നെങ്കിൽ എന്ന നബി (സ്വ) യുടെ ആഗ്രഹം.നമ്മളും ആ വഴി സ്വീകരിക്കുക. ഈ ആദർശ മുന്നേറ്റത്തിൽ കൂടെയില്ലാത്തവരെ ഓർക്കുക, അവരും വന്നെങ്കിലെന്ന് ആഗ്രഹിക്കുക, അതിനു വേണ്ടി പ്രാർത്ഥിക്കുക...അബൂദർ എത്താൻ വൈകിയത് യാത്രക്ക് അസൌകര്യം നേരിട്ടതിനാലാണ്. നമ്മുടെ ചുറ്റിലുമുളള വർ കൂടെ വരാത്തത് അറിവില്ലായ്മ കൊണ്ടും തെറ്റുധാരണയിൽ അകപ്പെട്ടതു കൊണ്ടുമാണ്. നബിയെ തല്ലാനും കൊല്ലാനും ശ്രമിച്ചവർ തന്നെയാണ് പിന്നീട് നബിയുടെ സംരക്ഷക രായി മാറിയത്. നബിയെ പരിഹസിച്ചവർ തന്നെയാണ് പിന്നീട് അദ്ദേഹത്തിനെതിരെയുളള പരിഹാസങ്ങൾക്ക് മറുപടി കൊടുക്കുന്നവരായിത്തീർന്നത്. നമുക്കും പ്രതീക്ഷയോടെ കാത്തിരിക്കാം.. നല്ല ഒരു പുലരിക്കായി, പരിഹാസങ്ങളും ആക്ഷേപങ്ങളും ഉപേക്ഷിച്ച് അവരും നമ്മുടെ മാർഗത്തിൽ ഓടി എത്താനായി.... അല്ലാഹു അനുഗ്രഹിക്കട്ടെ...
✍️✍️✍️✍️
സ്നേഹത്തോടെ
സമീർ മുണ്ടേരി..
15/02/2023
Rashid Mappila Veetil , 14 Feb 2023
ആമീൻ