താങ്കൾ ഭാഗ്യവാനാണ്..
അവൻ ഭാഗ്യവാനാണ്, നാം പലപ്പോഴും മറ്റുളളവരെക്കുറിച്ച് പറയുന്ന പദമാണിത്. അവന് നല്ല ജോലി ലഭിച്ചു, അവൻ നല്ല വീട് വെച്ചു അവന് നല്ല വാഹനമുണ്ട്, അവന് നല്ല ഭാര്യയെ കിട്ടി. ശരിയാണ്, ഇതെല്ലാം സൌഭാഗ്യം തന്നെയാണ്. നബി (സ്വ) പഠിപ്പിച്ചത് ഇങ്ങനെയാണ്; ഒരു മനുഷ്യന് ലഭിക്കുന്ന സൌഭാഗ്യങ്ങളിൽ പെട്ടതാണ് നല്ല വീട്, നല്ല വാഹനം നല്ല ഭാര്യ, നല്ല അയൽവാസി.
പക്ഷെ ഈ സൌഭാഗ്യമൊന്നും എന്നും നമ്മുടെ കൂടെ ഈ ലോകത്തുണ്ടാവില്ല. ജോലി നഷ്ടപ്പെടാം, വാഹനം നശിക്കാം, ഭാര്യ അല്ലെങ്കിൽ ഭർത്താവ് മരണപ്പെടാം. അതുമല്ലെങ്കിൽ ഈ സൌഭാഗ്യമെല്ലാം നേടിയെടുത്ത നാം മരണപ്പെട്ടു എന്നു വരാം. നാം സൌഭാഗ്യമാണ് എന്നു കരുതുന്ന പലതും മരണത്തിന് ശേഷം നമ്മുടെ കൂടെ ഉണ്ടാവില്ല.
ഒരു മനുഷ്യന് ലഭിക്കുന്ന ഏറ്റവും വലിയ സൌഭാഗ്യം ഹിദായത്താണ്. ഹിദായത്ത് ലഭിച്ചവൻ ഭാഗ്യവാനാണ്. നമ്മളിൽ എത്ര പേർ ഹിദായത്തിനെ ഒരു സൌഭാഗ്യമായി കാണു ന്നുണ്ട്? അതൊരു ഭാഗ്യമായി തോന്നണമെങ്കിൽ ചിലത് നാം അറിയണം. നോക്കൂ, നൂഹ് നബി (അ) ക്ക് മകനെയും ഭാര്യയെയും മുസ്ലിമാക്കാൻ സാധിച്ചിട്ടില്ല.. ഇബ്രാഹിം നബി (അ) ക്ക് സ്വന്തം ബാപ്പാക്ക് ഹിദായത്ത് നൽകാൻ കഴിഞ്ഞിട്ടില്ല. മുഹമ്മദ് നബി (സ്വ) ക്ക് തന്നെ ഏറെ സ്നേഹിച്ച എളാപ്പാക്കും കുടുംബത്തിലെ മറ്റു പല അംഗങ്ങൾക്കും വെളിച്ചം നൽകാൻ കഴി ഞ്ഞിട്ടില്ല.. അബൂത്വാലിബ് മരിക്കാൻ കിടന്നപ്പോൾ, വിശ്വാസം സ്വീകരിക്കാൻനബി (സ്വ) പറഞ്ഞതും അദ്ദേഹം അതു സ്വീകരിക്കാതെ മരണപ്പെട്ടതും ചരിത്രം വിശദീകരിക്കുന്നുണ്ട്. നിറഞ്ഞ കണ്ണുകളോടെ ഇറങ്ങി വന്ന നബി (സ്വ) യോട് അല്ലാഹു പറഞ്ഞത് “നീ ഉദ്ദേശിക്കുന്നവരെ ഹിദായത്തിലാക്കാൻ നിനക്ക് സാധ്യമല്ല’’ എന്നാണ്..
പ്രിയപ്പെട്ടവരെ, അല്ലാഹുവാണ് ഹിദായത്ത് നൽകുന്നവൻ. ആ മഹാഭാഗ്യം ലഭിച്ചവരാണ് നാം. നമുക്ക് റബ്ബ് കനിഞ്ഞേകിയ ഹിദായത്ത് നില നിൽക്കാൻ നാം പരിശ്രമിക്കണം. ഏതു സമയവും ഹിദായത്ത് നഷ്ടപ്പെടാം. രാവിലെ വിശ്വാസിയായവൻ വൈകിട്ട് അവിശ്വാസിയാകാൻ സാധ്യതയുണ്ട്.
നബി (സ്വ) രാത്രി നമസ്കാരങ്ങളിൽ ഇപ്രകാരം പ്രാ൪ത്ഥിച്ചിരുന്നു. 'ജിബ്രീലിന്റെയും മീക്കാഈലിന്റെയും ഇസ്റാഫീലിന്റെയും റബ്ബായ, വാനങ്ങളുടേയും ഭൂമിയുടേയും സ്രഷ്ടാവായ, അദൃശ്യവും ദൃശ്യവും അറിയുന്നവനായ അല്ലാഹുവേ, നീ നിന്റെ ദാസന്മാർ അഭിപ്രായ വ്യത്യാസത്തിലായ വിഷയങ്ങളില്‍ വിധിക്കുന്നവനാണ്. നിന്റെ തീരുമാനത്താല്‍, സത്യത്തിന്റെ വിഷയ ത്തില്‍ അഭിപ്രായവ്യത്യാസത്തിലകപ്പെട്ടതില്‍ നീ എനിക്കു നേര്‍വഴി കാണിക്കേണമേ. നിശ്ചയം നീ ഉദ്ദേശിക്കുന്നവരെ നീ നേര്‍വഴി കാണിക്കുന്നു.'
മറ്റു ചില പ്രാ൪ത്ഥനകൾ നോക്കൂ..
════⌂⋖lllll⋗⌂════
ഞങ്ങളുടെ നാഥാ, ഞങ്ങളെ നീ സന്മാർത്തിലാക്കിയതിനു ശേഷം ഞങ്ങളുടെ മനസ്സുകളെ നീ തെറ്റിക്കരുതേ. (ക്വു൪ആൻ) ഹൃദയങ്ങള്‍ മാറ്റിമറിക്കുന്നവനേ, നീ എന്റെ ഹൃദയത്തെ നിന്റെ ദീനില്‍ ഉറപ്പിക്കേണമേ' (ഹദീസ്)
ഹൃദയങ്ങള്‍ മാറ്റിമറിക്കുന്നവനേ, നീ എന്റെ ഹൃദയത്തെ നിന്റെ ദീനിലും നിനക്കുള്ള അനുസരണത്തിലും ഉറപ്പിക്കേണമേ (ഹദീസ്)
സൂറത്തുൽ ഫാതിഹയിലൂടെ ഹിദായത്തും ഇസ്തിഖാമത്തുമാണ് നാം ചോദിക്കുന്നത്.
ആദരണീയനായ എ. പി. അബ്ദുൽ ഖാദ൪ മൌലവി (റഹി) പ്രസംഗത്തിൽ പലപ്പോഴും പറയുന്നത് കേട്ടിട്ടുണ്ട്. മക്കയിൽ ഹജ്ജിനും ഉംറക്കും വരുമ്പോൾ കഅബയുടെ ചാരത്ത് നിന്ന്, നമ്മുടെ നാട്ടിലെ ശി൪ക്കിലും ഖുറാഫാത്തിലും കഴിയുന്ന ആളുകൾക്ക് ഹിദായത്ത് ലഭിക്കാൻ വേണ്ടി പ്രാ൪ത്ഥിക്കാറുണ്ടായിരുന്നു എന്ന്. എത്ര നല്ല മാതൃക.!!!
പ്രാ൪ത്ഥിക്കു..
════⌂⋖lllll⋗⌂════
നമ്മുടെ ചുറ്റുപാടിൽ ഈ വെളിച്ചം ആസ്വദിക്കാൻ കഴിയാതെ ഇരുട്ടിൽ തന്നെ ജീവിക്കുന്നവരുണ്ട്. ഇസ്ലാമാകുന്ന മധു നുകരുവാൻ അവ൪ക്ക് തൌഫീഖ് ലഭിക്കണം. ലഭിച്ച ഹിദായത്ത് നഷ്ടപ്പെടാതിരിക്കണം.ഹിദായത്ത് ലഭിക്കാത്തവ൪ക്ക് ആ മഹാ സൌഭാഗ്യം ലഭിക്കാനും ലഭിച്ചവർക്ക് അതിൽ ഉറച്ചു നിൽക്കാനും റബ്ബ് തൌഫീഖ് നൽകട്ടെ.... അല്ലഹു അനുഗ്രഹിക്കട്ടെ..
════⌂⋖lllll⋗⌂════
സ്നേഹത്തോടെ
സമീർ മുണ്ടേരി
16/02/2023
00 Comments