(റമദാൻ നിലാവ് -11)
അവരിന്ന് എവിടെയാണ്?
════⌂⋖lllll⋗⌂════
നിങ്ങൾ പറയുന്നതൊക്കെ ശരി തന്നെ, പക്ഷെ...ജീവിതം ആസ്വദിക്കാനുളളതല്ലേ? ഇപ്പോൾ തന്നെ താടിയൊക്കെ വെച്ച് ഞെരിയാണിക്ക് മുകളിൽ പാന്റ് ധരിച്ച്... അതൊന്നും ആലോചിക്കാനേ കഴിയുന്നില്ല. തട്ടമിടാനും പ൪ദ ധരിക്കാനും, പരിചയത്തിലുളളവ൪ സ്നേഹത്തോടെ ഓ൪മപ്പെടുത്തിയപ്പോഴും മുകളിലെ വാചകങ്ങൾ മറുപടി പറഞ്ഞവരുണ്ടാകും. മരണം, കബ൪, ബ൪സഖ്, വിചാരണ എല്ലാം ശരിയാണെന്നറിയാം. എന്നിട്ടും പിന്നോട്ടു വലിക്കുന്നത് സമയുണ്ടെന്ന തോന്നലാണ്, അത്തരം ഒരു ചിന്തയാണ്.
അവരിന്ന് കബറിലാണ്...
════⌂⋖lllll⋗⌂════
നാളെയാകാം, സമയമുണ്ട് എന്ന് ചിന്തിച്ച് ജീവിതത്തിൽ കളിച്ചും ചിരിച്ചും നടന്ന പലരും ഇന്ന് കബറിൽ ജീവിക്കുകയാണ്. തിരുത്തണം, നന്നാവണം എന്നവ൪ ആഗ്രഹിച്ചിരുന്നു. പക്ഷെ, മരണം അവരെയും തേടി വന്നു. അവ൪ പ്രതീക്ഷിക്കാത്ത നേരത്ത്. ബര്‍ണാഡ് ഷാ പറഞ്ഞൊരു വാചകമുണ്ട്. സ്വാഗതം ചെയ്യപ്പെടാത്ത വിരുന്നുകാരനാണ് മരണം…
പ്രിയപ്പെട്ടവരെ, ജനിച്ചാല്‍ പിന്നെ മരണമെന്ന വസ്തുതയെ അംഗീകരിക്കേണ്ടിവരുമെന്ന് നമുക്കെല്ലാവ൪ക്കുമറിയാം. ജീവിതവഴിയില്‍ കണ്ടും പരിചയിച്ചും നടന്നവരുടെ വേര്‍പാടുകൾ മരണമെന്ന യാഥാര്‍ത്ഥ്യത്തെ നമ്മെ ബോധ്യപ്പെടുത്തിത്തരുന്നു. തിരക്കുകൾ പറഞ്ഞ് മാറി നടക്കുന്നവരെ, കാത്തിരിക്കുന്ന മരണം വിദൂരമല്ലെന്ന് തിരിച്ചറിയുക. അലസത വെടിയാൻ സമയമായിരിക്കുന്നു. ബെഞ്ചമിന്‍ ജോവറ്റ് അലസതയെക്കുറിച്ച് പറഞ്ഞൊരു വാചകം ഓ൪ക്കുകയാണ്. അലസന്‍ ഉണ൪ന്നെഴുന്നേ ല്‍ക്കുന്നതിനു മുൻപ് മറ്റുള്ളവര്‍ ജോലിയുടെ സിംഹ ഭാഗവും ചെയ്തിരിക്കും.
നമുക്ക് നന്നാവാനും ജീവിതത്തെ ക്രമീകരിക്കാനും ഉപദേശം തരാൻ നമ്മളെക്കാൾ യോഗ്യരായി മറ്റാരുമില്ലെന്ന് സ്വയം തിരിച്ചറിയുക. നമ്മുടെ തെറ്റുകളും കുറവുകളും ഏറ്റവും കൂടുതൽ അറിയുന്നവ൪ നമ്മളാണ്. നമുക്ക് സ്വയം ഉപദേശിക്കാം. അവസരം ഒന്നിലധികം തവണ നമ്മുടെ വാതിലില്‍ മുട്ടില്ല.
ഇഹലോകം നശ്വരം, പരലോകം ശാശ്വതം
════⌂⋖lllll⋗⌂════
നശിക്കുന്ന ലോകത്താണ് നാമുളളത്. നശിക്കാത്ത ലോകത്തേക്കുളള യാത്രയിലും... ഇബ്നുൽ ഖയ്യിം (റഹി) പറഞ്ഞു: മനുഷ്യർ അവരെ സൃഷ്ടിച്ചത് മുതൽക്ക് യാത്ര ചെയ്യുന്നവരാകുന്നു. അവരുടെ വാഹനത്തിൽ നിന്ന് അവർക്കൊരു ഇറക്കമില്ല, സ്വർഗ്ഗത്തിലോ നരകത്തിലോ അല്ലാതെ (അൽഫവാഇദ് :276)
നബി(സ്വ) പറഞ്ഞു: എനിക്കും ദുനിയാവിനും ഇടയില്‍ എന്താണ്? വഴിയില്‍ ഒരു മരത്തിന് കീഴില്‍ തണല്‍ കൊള്ളുകയും അതുകഴിഞ്ഞപ്പോള്‍ അവിടം ഉപേക്ഷിച്ച് യാത്ര തുടരുകയും ചെയ്ത ഒരുവനെപോലെയാണ് എനിക്ക് ദുനിയാവ്. (തി൪മിദി : 2377)
അബ്ദില്ലാഹിബ്നു ഉമറില്‍ നിന്നും നിവേദനം : അദ്ദേഹം പറഞ്ഞു: നബി(സ്വ) എന്റെ തോളില്‍ പിടിച്ചുകൊണ്ടു പറഞ്ഞു:ദുനിയാവില്‍ നീ ഒരു അപരിചിതനെപോലെ അല്ലെങ്കില്‍ ഒരു വഴിയാത്രക്കാരനെ പോലെ ആകുക. (ബുഖാരി:6416)
പ്രിയപ്പെട്ടവരെ.. നമുക്ക് ഈ ലോകം ആസ്വദിക്കാം, പരലോകം നഷ്ടപ്പെടുത്താതെ. ഒരു മനുഷ്യന് ആവശ്യമുളള എല്ലാ ആനന്ദവും ഇസ്ലാം അനുവദിച്ചിട്ടുണ്ട്. ഇസ്ലാം നിരോധിച്ചതൊന്നും മനുഷ്യരായ നമ്മുടെ ജീവിതത്തിൽ നന്മ കൊണ്ട് വരില്ല.. അതു കൊണ്ട് ഒരു പുന൪ വിചിന്തനം നടത്തി ജീവിതം ചിട്ടപ്പെടുത്തുക. മടിയും അസലതയും മാറ്റി വെച്ച് ദീനിയായും ദീനിന് വേണ്ടിയും ജീവിക്കാം അല്ലാഹു അനുഗ്രഹിക്കട്ടെ..
✍️✍️✍️
സ്നേഹപൂർവ്വം
സമീർ മുണ്ടേരി.
00 Comments