{റമദാൻ നിലാവ് - 10}
നമ്മുടെ മക്കൾ
════⌂⋖lllll⋗⌂════
സൈദ് ബിൻ ഹാഫിസ്, ഇല്ല്യാസ് ബ്ൻ ഷാജി, റഹാൻ ഫാദി, അൻഫാസ്, ഇതെല്ലാം ജുബൈൽ അൽഫുർഖാൻ മദ്രസയിലെ ഞങ്ങളുടെ മക്കളാണ്. ഇന്ന് ഇഫ്താർ ടെന്റിൽ കുറെ സമയം അവരെ ശ്രദ്ധിക്കുകയായിരുന്നു. ജുബൈൽ ദഅവാസെന്ററിന്റെ ഈ വർഷത്തെ ഇഫ്താർ ടെന്റിൽ നേരത്തെ എത്തി ആളുകൾക്ക് ഭക്ഷണം നൽകുന്ന തിരക്കിലാണവർ. പുഞ്ചിരിച്ച് ആളുകളെ അവർ സ്വാഗതം ചെയ്യുന്നു. അവരുടെ ചലനങ്ങൾ ശ്രദ്ധിച്ച് ഈ കുഞ്ഞു മക്കളുടെ രക്ഷിതാക്കളും കൂടെ ഉണ്ട്. മക്കൾക്ക് നല്ല പാഠങ്ങൾ പഠിപ്പിക്കാൻ ശ്രമിക്കുന്ന ഈ രക്ഷിതാക്കളിൽ നമുക്ക് മാതൃകയും പാഠവുമുണ്ട്.
ഒന്ന് ഉപദേശിക്കാമോ... ?
════⌂⋖lllll⋗⌂════
മകൻ, മകൾ പറയുന്നത് അനുസരിക്കുന്നില്ല. വിചാരിച്ച രീതിയിൽ അല്ല അവരുടെ ജീവിതം. ഒരു പാട് പറഞ്ഞു നോക്കി. പക്ഷെ മാറുന്നില്ല. ഒന്ന് സംസാരിക്കുമോ? ഈ ചോദ്യം പല പണ്ഡിതന്മാരും പ്രഭാഷകരും ഉസ്താദുമാരും കേൾക്കുന്ന ചോദ്യമാണ്. മക്കൾ നന്നാവണം എന്നതു നമ്മുടെ ആഗ്രഹമാണ്. പക്ഷെ, അവർക്ക് തർബിയത്ത് കൊടുക്കുന്ന മേഖലയിൽ നാം പരാജയപ്പെടുന്നുണ്ടോ? നമ്മുടെ കുട്ടികൾക്ക് നല്ല മാതൃക കാണിക്കാൻ മാതാപിതാക്കൾക്ക് കഴിയാറുണ്ടോ?
പദവികൾ ഉയരുമോ?
════⌂⋖lllll⋗⌂════
അബൂ ഹുറൈറ (റ) നിവേദനം: നബി -ﷺ- പറഞ്ഞു: ഒരു വ്യക്തിക്ക് സ്വര്‍ഗത്തിലെ തന്റെ പദവികള്‍ ഉയര്‍ത്തപ്പെട്ടു കൊടുക്കും. അപ്പോള്‍ അയാള്‍ ചോദിക്കും: ഇതെങ്ങനെ (എനിക്ക് ലഭിച്ചു?) അപ്പോള്‍ മറുപടി നല്‍കപ്പെടും: നിന്റെ മകന്‍ നിനക്ക് വേണ്ടി പാപമോചനം തേടിയതിനാല്‍. (ഇബ്‌നു മാജ)
നമ്മുടെ മക്കൾക്ക് ഇന്നു നാം കൊടുക്കുന്ന അറിവും മതപഠനവുമെല്ലാം മുന്നിൽ വെച്ച് നമുക്ക് പറയാൻ കഴിയുന്ന കാര്യമാണോ നമ്മുടെ മക്കൾ നാളെ നമുക്ക് വേണ്ടി പ്രാർത്ഥിക്കുമെന്ന്? മക്കൾ നമുക്ക് വേണ്ടി ദുആ ചെയ്യണമെങ്കിൽ അവരെ മതം പഠിപ്പിക്കാൻ നാം സമയം കണ്ടെത്തണം. അല്ലാഹുവിനെ ഭയപ്പെടുന്ന, നബി (സ്വ)യെ പിന്തുടരുന്ന മക്കളെയാണ് നാം വാർത്തെടുക്കേണ്ടത്.
പകർന്നു കൊടുക്കേണ്ട പാഠങ്ങൾ
════⌂⋖lllll⋗⌂════
എന്താണ് നമ്മുടെ കുട്ടികളുടെ നന്മക്ക് വേണ്ടി അവർക്ക് നാം പഠിപ്പിച്ചു കൊടുക്കേണ്ട പാഠങ്ങൾ? ചെറിയ കുട്ടിയായിരിക്കെ ഇബ്നു അബ്ബാസ് (റ) വിന് നബി (സ്വ) പഠിപ്പിച്ചു കൊടുത്ത വാക്കു കേട്ടിട്ടില്ലേ?
അബ്ദുല്ലാഹിബ്നു അബ്ബാസ് (റ) നിവേദനം: നബി-ﷺ-യോടൊപ്പം ആയിരുന്നു ഒരിക്കല്‍ ഞാന്‍. അപ്പോള്‍ അവിടുന്ന് പറഞ്ഞു: കുഞ്ഞു മോനേ, ഞാന്‍ നിനക്ക് ചില വാക്കുകള്‍ പഠിപ്പിച്ചു നല്‍കാം. നീ അല്ലാഹുവിനെ സൂക്ഷിക്കുക; അല്ലാഹു നിന്നെ സംരക്ഷിക്കും. നീ അല്ലാഹുവിനെ സൂക്ഷിക്കുക; അവന്‍ നിനക്ക് വഴികാണിക്കും. നീ ചോദിക്കുകയാണെങ്കില്‍ അല്ലാഹുവിനോട് ചോദിക്കുക; നീ സഹായം തേടുകയാണെങ്കില്‍ അല്ലാഹുവിനോട് സഹായം തേടുക
നോക്കൂ, റബ്ബിനെക്കുറിച്ചുളള പാഠങ്ങളാണ് നബി (സ്വ) ആ കുഞ്ഞു കുട്ടിക്ക് കൈമാറുന്നത്. നമ്മുടെ മക്കളോട് തൌഹീദും സുന്നത്തുമെല്ലാം പറഞ്ഞു കൊടുക്കാൻ നമുക്ക് സമയം ലഭിച്ചിട്ടുണ്ടോ....?
റമദാൻ നല്ലൊരു പാഠശാല....
════⌂⋖lllll⋗⌂════
മക്കളെ നന്മയിലേക്ക് കൊണ്ടു വരാൻ നമ്മെ ഏറെ സഹായിക്കുന്ന ഒരു മാസമാണ് റമദാൻ. പളളികളുമായി നാം സ്ഥിരം ബന്ധം സ്ഥാപിക്കുന്ന മാസം, ദാനധർമ്മങ്ങൾക്കും ക്വുർആൻ പാരായണത്തിനും മറ്റു നന്മകൾക്കുമെല്ലാം സമയം കണ്ടെത്തുന്ന മാസം. മക്കളെയും കൂടെ കൂട്ടി നോക്കൂ, അവരുടെ ജീവിതത്തിൽ ഉപ്പയിൽ നിന്നും ഉമ്മയിൽ നിന്നും അവർ പഠിക്കേണ്ട നന്മയുടെ പാഠങ്ങൾ ഈ റമദാനിൽ കൈമാറാൻ ശ്രമിക്കൂ. അവർ വളരട്ടെ, നമ്മൾ കൈമാറുന്ന നന്മയുടെ നല്ല പാഠങ്ങൾ കണ്ട്. അല്ലാഹു അനുഗ്രഹിക്കട്ടെ...
✍️✍️✍️
സ്നേഹപൂർവ്വം
സമീർ മുണ്ടേരി.
════⌂⋖lllll⋗⌂════
00 Comments