(റമദാൻ നിലാവ്- 08)
പശ്ചാത്താപത്തിന്റെ മാസം
════⌂⋖lllll⋗⌂════
ഗ്വാമിദി ഗോത്രക്കാരിയായ പെണ്ണ് നബി (സ്വ) യുടെ മുന്നിൽ വന്നു പറഞ്ഞു: നബിയെ, എന്നെ ശുദ്ധീകരിക്കണം. തന്റെ ജീവിതത്തിൽ സംഭവിച്ച ഒരു തെറ്റിന് ഭൂമിയിൽ വെച്ചു തന്നെ ശിക്ഷ ഏറ്റു വാങ്ങാനാണ് ആ മഹതി വന്നിരിക്കുന്നത്. ഗർഭം, പ്രസവം, കുഞ്ഞിന് മുലപ്പാൽ കൊടുക്കൽ, ഭക്ഷണം കൊടുക്കൽ തുടങ്ങി പല കാരണം പറഞ്ഞ് നബി (സ്വ) പല തവണകളായി അവരെ മടക്കി അയച്ചു.. എന്നാൽ ഓരോ തവണയും അവർ മടങ്ങി എത്തി നബി (സ്വ) യോട് തന്നെ ശുദ്ധീകരിക്കണം എന്നു ആവശ്യപ്പെട്ടു കൊണ്ടിരുന്നു. ഒടുവിൽ നബി (സ്വ) അവരുടെ മേൽ ശിക്ഷ നടപ്പിലാക്കി. അവരുടെ പാപമോചനത്തെ നബി (സ്വ) പ്രകീർത്തിച്ചു...
സ്വകാര്യതയിൽ ആരുമറിയാതെ അവർ രണ്ടു പേർ പരസ്പരം അറിഞ്ഞു ചെയ്ത ഒരു തെറ്റ്. അത് തിന്മയാണെന്നും പരലോക കോടതിയിൽ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നുമുളള ഭയമാണ് അവരെ നബി (സ്വ) യുടെ മുന്നിലെത്തിച്ചത്. തെറ്റ് ഏറ്റു പറയാനും ശിക്ഷ വാങ്ങാനും അവരെ പ്രേരിപ്പിച്ചത്.
നമ്മുടെ ജീവിതത്തിൽ സംഭവിക്കുന്ന പാപങ്ങളെക്കുറിച്ചും ആ പാപങ്ങളുടെ അനന്തര ഫലങ്ങളെക്കുറിച്ചും നാം ആലോചിക്കാറുണ്ടോ.?
ഇബ്നുൽ ജൗസി (റഹി) പറഞ്ഞു: പാപങ്ങൾ പാപിയുടെ കഴുത്തിലെ ചങ്ങലയാണ്, പാപമോചനവും, പശ്ചാത്താപവും കൊണ്ടല്ലാതെ അതഴിക്കുക സാധ്യമല്ല.
തെറ്റ് ചെയ്യുക എന്നത് മനുഷ്യ സഹജമാണ്. ക്വുർആനും അത് പഠിപ്പിക്കുന്നുണ്ട്. ഞാന്‍ എന്റെ മനസ്സിനെ കുറ്റത്തില്‍ നിന്ന് ഒഴിവാക്കുന്നില്ല. തീര്‍ച്ചയായും മനസ്സ് ദുഷ് പ്രവൃത്തിക്ക് പ്രേരിപ്പിക്കുന്നത് തന്നെയാകുന്നു. എന്റെ രക്ഷിതാവിന്റെ കരുണ ലഭിച്ച മനസ്സൊഴികെ. തീര്‍ച്ചയായും എന്റെ രക്ഷിതാവ് ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.(ഖു൪ആന്‍: 12/53)
ഒരു സത്യ വിശ്വാസിയെ സംബന്ധിച്ചിടത്തോളം ഒരു പാപം അവന്റെ ജീവിതത്തിൽ സംഭവിച്ചാൽ അതിൽ നിന്നു അവൻ ഉടനെ പിന്തിരിയുകയും അല്ലാഹുവോട് പാപമോചനം തേടുകയുമാണ് വേണ്ടത്. അതാണ് നബി (സ്വ) പഠിപ്പിക്കുന്നത്. നബി(സ്വ) പറഞ്ഞു: 'ആദം സന്തതികളില്‍ മുഴുവനും തെറ്റ് ചെയ്യുന്നവരാണ്. എന്നാല്‍ തെറ്റ് ചെയ്യുന്നവരില്‍ ഉത്തമര്‍ പശ്ചാത്തപിക്കുന്ന വരും' (ഇബ്നു മാജ:)
വല്ല തെറ്റും സംഭവിച്ചാൽ അതിൽ ഖേദിച്ചു മടങ്ങുന്നവരുടെ പശ്ചാത്താപം അല്ലാഹു സ്വീകരിക്കുമെന്ന് ക്വുർആൻ പഠിപ്പിക്കുന്നുണ്ട്, എന്നാല്‍, അക്രമം ചെയ്ത് പോയതിനു ശേഷം വല്ലവനും പശ്ചാത്തപിക്കുകയും, നിലപാട് നന്നാക്കിത്തീര്‍ക്കുകയും ചെയ്താല്‍ തീര്‍ച്ചയായും അല്ലാഹു അവന്റെ പശ്ചാത്താപം സ്വീകരിക്കുന്നതാണ്. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണ കാണിക്കുന്നവനു മത്രെ.(ഖു൪ആന്‍ :5/39)
അബൂമൂസയിൽ(റ) നിന്ന് നിവേദനം: പ്രവാചകൻ (സ്വ)പറഞ്ഞു:തീർച്ചയായും ഉന്നതനായ അല്ലാഹു രാത്രിയിൽ തന്റെ കരം നീട്ടുന്നു ; പകലിൽ പാപം ചെയ്തവർക്ക് പൊറുത്തുകൊടുക്കാനായി, അവൻ പകലിൽ കരം നീട്ടുന്നു, രാത്രിയിൽ പാപം ചെയ്തവർക്ക് പൊറുത്തുകൊടുക്കാനായി, സൂര്യൻ പടിഞ്ഞാറ് നിന്ന് ഉദിക്കുന്നതു വരെ (അല്ലാഹു അപ്രകാരം ചെയ്തു കൊണ്ടിരിക്കും). (മുസ്‌ലിം:2759)
പക്ഷെ, തെറ്റുകൾ ആവർത്തിച്ചു കൊണ്ടിരിക്കുന്നത് ഒരു വിശ്വാസിക്ക് ചേർന്നതല്ല. ജീവിതത്തിൽ ചെയ്ത ഒരു തെറ്റിൽ തൌബ ചെയ്തു മടങ്ങുന്നവൻ പിന്നീട് ആ തെറ്റ് ആവർത്തിക്കരുത് എന്നാണ് ഇസ്ലാം ആവശ്യപ്പെടുന്നത്. നമ്മുടെ പാപമോചനം അല്ലാഹു സ്വീകരിക്കണമെങ്കിൽ ചില നിബന്ധനകൾ പണ്ഡിതന്മാർ പഠിപ്പി ച്ചിട്ടുണ്ട്.
◾ ചെയ്ത തെറ്റില്‍ നിന്ന് പൂര്‍ണമായും മുക്തനാവുക
◾ ചെയ്ത തെറ്റിനെ ഓ൪ത്ത് ആത്മാ൪ത്ഥമായി ഖേദിക്കുക.
◾ തെറ്റുകളിലേക്ക് ഇനി ഒരിക്കലും മടങ്ങുകയില്ലെന്ന് ഉറച്ചു തീരുമാനിക്കുക.
ജീവിതത്തിൽ സംഭവിച്ച തെറ്റിൽ നിന്ന് പാപമോചനം തേടുന്നവർ ഈ നിബന്ധനകൾ പാലിക്കണം. പാപമോചനം തേടുന്നത് ഭൌതികമായ നേട്ടങ്ങൾക്ക് വേണ്ടിയല്ല, സ്ഥാനമാനങ്ങൾ നില നിർത്താനുമാവരുത്. മറിച്ച് ആത്മാർത്ഥമായ ഖേദ പ്രകടനമായിരിക്കണം നാം നടത്തേണ്ടത്. ജീവിതത്തിൽ സംഭവിച്ച പാപം മറ്റുളളവരെ ഉപദ്രവിക്കൽ , അവരുടെ അവകാശങ്ങൾ ഹനിക്കൽ എന്നിവയുമായി ബന്ധ പ്പെട്ടതാണെങ്കിൽ അവരോട് മാപ്പ് ചോദിക്കുകയും അവരുടെ അവകാശങ്ങൾ മടക്കിക്കൊടുക്കുകയും വേണം. ഇതാണ് അല്ലാഹു ആവശ്യപ്പെടുന്ന പാപമോചനം.
അല്ലാഹു പറഞ്ഞു: സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിങ്കലേക്ക് നിഷ്കളങ്കമായ പശ്ചാത്താപം കൈക്കൊണ്ട് മടങ്ങുക. നിങ്ങളുടെ രക്ഷിതാവ് നിങ്ങളുടെ പാപങ്ങള്‍ മായ്ച്ചുകളയുകയും താഴ്ഭാഗത്തു കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളില്‍ നിങ്ങളെ പ്രവേശിപ്പിക്കുകയും ചെയ്തേക്കാം.(ഖു൪ആന്‍:66/8)
നിഷ്കളങ്കമായ പശ്ചാത്താപം എന്നതിന്റെ ഉദ്ദേശം തെറ്റില്‍ നിന്ന് മാറി നിന്നു കൊണ്ട് അതിലേക്ക് ഇനി മടങ്ങില്ലെന്ന ദൃഢനിശ്ചയത്തോടെ ആത്മാ൪ത്ഥമായി ഖേദി ച്ചു മടങ്ങുക എന്നാകുന്നു. മറ്റൊരു ആയത്തിൽ അല്ലാഹു പറഞ്ഞു; എന്നാല്‍, അക്രമം ചെയ്ത് പോയതിനു ശേഷം വല്ലവനും പശ്ചാത്തപിക്കുകയും, നിലപാട് നന്നാക്കിത്തീര്‍ക്കുകയും ചെയ്താല്‍ തീര്‍ച്ചയായും അല്ലാഹു അവന്റെ പശ്ചാത്താപം സ്വീകരിക്കുന്നതാണ്. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണ കാണിക്കുന്നവനുമത്രെ.(ഖു൪ആന്‍ :5/39)
വിശുദ്ധ റമദാൻ പാപങ്ങൾ പൊറുക്കുന്ന മാസമാണ്. റമദാനിലെ നോമ്പിലൂടെ, രാത്രി നമസ്കാരത്തിലൂടെ ഒരു വിശ്വാസി കരസ്ഥമാക്കുന്ന മഹത്തായ സൌഭാ ഗ്യമാണ് പാപമോചനം എന്നുളളത്. അതു കൊണ്ട് തന്നെ വിശുദ്ധമായ ഈ മാസത്തെ നമ്മുടെ പാപങ്ങൾ കഴുകി കളയാൻ പരമാവധി ശ്രമിക്കുക. അല്ലാഹു അനുഗ്രഹിക്കട്ടെ.
✍️✍️✍️
സ്നേഹപൂർവ്വം
സമീർ മുണ്ടേരി.
════⌂⋖lllll⋗⌂════
00 Comments