റമദാൻ നിലാവ്- 07
ആശ്വാസമാണ് റബ്ബിന്റെ വചനങ്ങൾ...
════⌂⋖lllll⋗⌂════
ജയിലിൽ നിന്നും പല സന്ദർഭങ്ങളിൽ അദ്ദേഹം വിളിച്ചിട്ടുണ്ട്. ഒരുപാട് നേരം സംസാരിക്കും. വധ ശിക്ഷക്ക് കോടതി വിധിക്കുകയും മേൽ കോടതിയിൽ അപ്പീൽ നൽകുകയും ചെയ്ത ഒരു സഹോദരനാണ് അയാൾ. തിരക്കുണ്ടെങ്കിലും അദ്ദേഹത്തോട് സംസാരിക്കാൻ സമയം കണ്ടെത്തും. ചെയ്ത തെറ്റിനെക്കുറിച്ച് അയാൾക്ക് നല്ല ബോധ്യമുണ്ട്. സംഭവിച്ചു പോയി. ഇനി തിരുത്താൻ സാധിക്കില്ലല്ലോ. ഞാൻ കാരണം വേദനിച്ച ഒരു കുടുംബമുണ്ട്. ജയിലിൽ നിന്ന് ഇറങ്ങിയാൽ അവർക്കായി ജീവിക്കണം എന്നദ്ദേഹം ആവേശത്തോടെ പറയും. കാത്തിരിപ്പ് ഫലം കാണുമോ എന്ന് അല്ലാഹുവിനറിയാം.
ജയിലുനുളളിൽ അദ്ദേഹം ആശ്വാസം കണ്ടെത്തുന്നത് ക്വുർആനും ഹദീസും മറ്റു പുസ്തകങ്ങളും വായിക്കുന്നതിലൂടെയാണ്. വർഷങ്ങളായി അദ്ദേഹം ജയിലിൽ വാസം തുടങ്ങിയിട്ട്. അതു കൊണ്ട് തന്നെ പലതും അദ്ദേഹം പഠിപ്പിച്ചിട്ടുണ്ട്.
അല്ലാഹു അദ്ദേഹത്തിന് മനസ്സമാധാനവും സന്തോഷവും പ്രദാനം ചെയട്ടെ. ചെയ്തു പോയത് തെറ്റാണ് എന്നു മനസ്സിലാക്കി അദ്ദേഹം നടത്തുന്ന പശ്ചാത്താപം അല്ലാഹു സ്വീകരിക്കട്ടെ...
അല്ലാഹു പൊറുത്തു തരും.
════⌂⋖lllll⋗⌂════
പ്രതീക്ഷയുളള ഒരു വാചകമാണിത്. പാപങ്ങൾ അല്ലാഹു പൊറുക്കും. അത് എത്ര വലുതാണെങ്കിലും. അതാണ് ജയിലിൽ കിടക്കുന്ന ആ മനുഷ്യന്റെ ആശ്വാസം. വർഷങ്ങളായി ജയിലിൽ കിടക്കുന്ന അദ്ദേഹത്തിന് ആശ്വാസമാകുന്ന വാചകം; റബ്ബ് എല്ലാം പൊറുത്തു തരുമെന്നതാണെങ്കിൽ, നമ്മുടെ ജീവിതത്തിലെ എല്ലാ പ്രശ്നങ്ങൾക്കും ആശ്വാസമേകുന്ന റബ്ബിന്റെ വചനങ്ങൾ നാം ശ്രദ്ധിച്ചിട്ടുണ്ടോ?
പാപം ചെയ്തു പോയവർക്ക് എത്രമാത്രം ആശ്വസമാണ് റബ്ബിന്റെ ഈ വചനം...!!!
(നബിയേ,) ഞാന്‍ ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാണ് എന്ന് എന്‍റെ ദാസന്‍മാരെ വിവരമറിയിക്കുക. എന്‍റെ ശിക്ഷ തന്നെയാണ് വേദനയേറിയ ശിക്ഷ എന്നും (വിവരമറിയിക്കുക.) (ഖു൪ആന്‍:15/49-50)
രോഗം ശിഫയാക്കുന്നവൻ..
════⌂⋖lllll⋗⌂════
പലരുടെയും പ്രശ്നം രോഗമാണ്. രോഗം കാരണം മനസ്സും ശരീരവും തളർന്നവർ നമ്മുടെ ഇടയിലുണ്ട്. അവരെ പരിചരിച്ചും അവർക്ക് വേണ്ട സേവനങ്ങൾ ചെയ്തും ജീവിതം മുന്നോട്ട് കൊണ്ടു പോകുന്നവരുണ്ട്. വിശുദ്ധ ക്വുർആനും തിരുസുന്നത്തും അവർക്ക് നൽകുന്ന ആശ്വാസ വാക്കാണ് രോഗം ശമിപ്പിക്കുന്നവൻ അല്ലാഹുവാണ് എന്നത്.
നബി (സ്വ) പഠിപ്പിച്ച ഈ വാചകം എത്ര മാത്രം ആശ്വസമാണ് രോഗികൾക്ക്....!!!
നബി(സ്വ) പറഞ്ഞു: ഒരു സത്യവിശ്വാസിക്കും സത്യവിശ്വാസിനിക്കും തന്റെ ശരീരത്തിലും സമ്പത്തിലും സന്തതികളിലും പരീക്ഷണമുണ്ടായിക്കൊണ്ടേയിരിക്കും. അയാള്‍ അല്ലാഹുവിനെ കണ്ടുമുട്ടുന്നതുവരെ. അപ്പോള്‍ അയാള്‍ക്ക് യാതൊരു തെറ്റുമുണ്ടാകില്ല.(മുസ്നദ് അഹ്മദ്)
മക്കളെ നൽകുന്നവനും തടയുന്നവനും..
════⌂⋖lllll⋗⌂════
മക്കളില്ലാ എന്നതാണ് ചിലരുടെ വേദന. എല്ലാ ചികിത്സയും നടത്തി. ഡോക്ടർമാർ കൈ വിട്ടു. ഇനി ഒരു വഴിയുമില്ല എന്നാണ് ചിലരുടെ ചിന്ത. എന്നാൽ റബ്ബ് വിചാരിച്ചാൽ നടക്കാത്ത ഒന്നുമില്ലെന്ന് നാം ആലോചിക്കാറുണ്ടോ?
പ്രതീക്ഷയോടെ പ്രാർത്ഥിക്കാറുണ്ടോ..? അല്ലാഹു പഠിപ്പിച്ച ഈ വാചനം നമുക്ക് ആശ്വാസമാകണം. പറയുക: അല്ലാഹു ഞങ്ങള്‍ക്ക് രേഖപ്പെടുത്തിയതല്ലാതെ ഞങ്ങള്‍ക്കൊരിക്കലും ബാധിക്കുകയില്ല. അവനാണ് ഞങ്ങളുടെ യജമാനന്‍. അല്ലാഹുവിന്റെ മേലാണ് സത്യവിശ്വാസികള്‍ ഭരമേല്‍പിക്കേണ്ടത്. (ഖു൪ആന്‍:9/51)
നിരാശരാവുകയല്ല, പ്രതീക്ഷയുളളവരാവുക
════⌂⋖lllll⋗⌂════
നമുക്ക് ലഭിച്ചതും നഷ്ടപ്പെട്ടതും നമ്മുടെതായിരുന്നില്ല, എല്ലാം അല്ലാഹു നല്‍കിയതും അവന്റെതുമാണെന്നും മനസ്സിലാക്കുമ്പോള്‍ വിശ്വാസികള്‍ക്ക് അത് എന്തെന്നില്ലാത്ത ആശ്വാസവും സമാധാനവും നല്‍കുന്നു. എല്ലാ നിർബന്ധ നമസ്കാര ശേഷവും നാം പറയുന്ന പ്രാർത്ഥനാ വാചകം നോക്കൂ നിങ്ങൾ, അല്ലാഹുവേ, നീ തരുന്നത് തടയുവാന്‍ ആര്‍ക്കും കഴിയില്ല. നീ തടയുന്നത് തരുവാനും ആര്‍ക്കും കഴിയില്ല. (ബുഖാരി: – മുസ്ലിം :)
അബ്ദുൽ അസീസ് അർറയ്യിസ് (ഹഫി) പറഞ്ഞു: വിശ്വാസി പ്രതിസന്ധികളിൽ ഭയ പ്പെടാതിരിക്കുകയാണ് വേണ്ടത്. എന്നു മാത്രമല്ല, അല്ലാഹുവുമായുള്ള ബന്ധം രൂഡമാകണം. ഹൃദയത്തിന് ശാന്തിയും വിശാലതയും വർധിപ്പിക്കണം. അല്ലാഹുവിനെ കുറിച്ച് സൽവിചാരം വെച്ചു പുലർത്തണം. അല്ലാഹുവിനെക്കാൾ കരുണയുള്ളവനോ, ഔദാര്യവാനോ ഇല്ല. അവൻ നമ്മുടെ മാതാപിതാക്കളെക്കാൾ നമ്മോട് കരുണയുള്ളവനാണ്. നന്മയല്ലാതെ വിധിക്കുകയില്ല. അതറിഞ്ഞവൻ അറിഞ്ഞു. അറിയാത്തവൻ അറി ഞ്ഞില്ല. (അത്രതന്നെ ) (ഖനാത്തു ഡോ. അബ്ദുൽ അസീസ് അർറയ്യിസ്)
✍️✍️✍️
സ്നേഹപൂർവ്വം
സമീർ മുണ്ടേരി.
════⌂⋖lllll⋗⌂════
00 Comments