റമദാൻ നിലാവ്ഃ 04
ലക്ഷ്യമുണ്ടാവണം...
════⌂⋖lllll⋗⌂════
ലക്ഷ്യമില്ലാത്തവർ വിജയം നേടിയെടുക്കാറില്ല. ലക്ഷ്യമുണ്ടാവുകയും ആ ലക്ഷ്യത്തിന് വേണ്ടി പ്രവർത്തിക്കുകയും ചെയ്യുമ്പോൾ വിജയം നേടിയെടുക്കാൻ സാധിക്കും. അനുഗ്രഹീതമായ മാസത്തിലാണ് നാമുളളത്. റമദാനിൽ നമുക്ക് ലക്ഷ്യങ്ങളുണ്ടാവണം.
പാപങ്ങൾ പൊറുക്കപ്പെടണം, റയ്യാൻ എന്ന സ്വർഗ കവാടത്തിലൂടെ പ്രവേശിക്കണം. ലൈലത്തുൽ ഖദ്റിന്റെ പുണ്യം നേടിയെടുക്കണം. റമദാനിലെ നന്മകളെക്കുറിച്ചും ആ നന്മകൾക്ക് ലഭിക്കുന്ന പ്രതിഫലത്തെക്കുറിച്ചുമുളള അറിവുണ്ടാവുകയും വേണം. ആ നന്മകൾ സ്വന്തമാക്കാനുളള പരിശ്രമവും ആവശ്യമാണ്.
സുക്ഷമതയുളളവരാവുക.
════⌂⋖lllll⋗⌂════
നോമ്പ് അല്ലാഹു നിർബന്ധമാക്കിയത് സൂക്ഷതയുളളവരാകാൻ വേണ്ടിയാണ്. നോമ്പിലൂടെ മനസ്സും ശരീരവും അല്ലാഹുവിനെ സൂക്ഷിക്കുന്ന അവസ്ഥയിലേക്ക് കൊണ്ടുവരാൻ വിശ്വാസിക്ക് കഴിയണം. അല്ലാഹു നമ്മോട് കൾപ്പിച്ചത് ഇപ്രകാരമാണ്. (നബിയേ) പറയുക: വിശ്വസിച്ചവരായ എന്റെ ദാസന്‍മാരേ, നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനെ സൂക്ഷിക്കുക…………(ഖുർആൻ: 39/10)
ജനങ്ങളിൽ ഏറ്റവും മാന്യൻ അല്ലാഹുവിനെ സൂക്ഷിക്കുന്നവനാണ് എന്നു നബി (സ്വ) പഠിപ്പിച്ചത് കാണാം. അബൂ ഹുറൈറ (റ) നിവേദനം: ജനങ്ങളിലേറ്റവും മാന്യന്‍ ആരാണെന്ന് നബി ﷺ യോട് ചോദിക്കപ്പെട്ടു. അവിടുന്ന് പറയുകയുണ്ടായി: അവരില്‍ ഏറ്റവും സുക്ഷ്മത പുലര്‍ത്തുന്നവനാകുന്നു (മുത്തഫഖുന്‍ അലൈഹി)
എന്താണ് തഖ് വ?
════⌂⋖lllll⋗⌂════
സലഫുകൾ തഖ് വയെക്കുറിച്ച് പറഞ്ഞത് കല്ലും മുള്ളും കുപ്പിച്ചീളുകളുമുള്ള വഴിയി ലൂടെ എപ്രകാരം സൂക്ഷിച്ച് കരുതലോടെ നടക്കുന്നുവോ, അതുപോലെ ജീവിതത്തിലുടനീളം അല്ലാഹുവിനെ സൂക്ഷിച്ച് ജീവിക്കലാണ് തഖ്‌വ.
ഇമാം റാഗിബ് (റ) പറയുന്നു: ന്മകളിൽ നിന്ന് മനസ്സിനെ പിടിച്ചു നിർത്തലാണത്. വിലക്കപ്പെട്ടത് ഒഴിവാക്കിക്കൊണ്ടാണത് ചെയ്യേണ്ടത്. അനുവദിക്കപ്പെട്ട ചില കാര്യങ്ങൾ വെടിയുക കൂടി ചെയ്യുമ്പോൾ അത് പൂർണമാവുന്നു.
ത്വല്‍ഖു ബ്നു ഹബീബ്(റഹി) പറഞ്ഞു: അല്ലാഹുവില്‍ നിന്നുള്ള പ്രകാശത്തിന്റെ അടിസ്ഥാനത്തില്‍ അല്ലാഹുവിന്റെ പ്രതിഫലം ആഗ്രഹിച്ച് അല്ലാഹുവിനെ അനുസരിച്ച് ജീവിക്കലാണ് (തഖ്‌വ). അല്ലാഹുവില്‍ നിന്നുള്ള പ്രകാശത്തിന്റെ അടിസ്ഥാനത്തില്‍ അല്ലാഹുവിന്റെ ശിക്ഷയെ ഭയന്ന് അല്ലാഹു വിരോധിച്ച കാര്യം വെടിയലാണ് (തഖ്‌വ). (മുസ്വന്നഫ് ഇബ്നു അബീശൈബ)
ഇബ്‌നു മസ്ഊദ് (റ) പറയുന്നു : ( അല്ലാഹുവിനെ മുറപ്രകാരം സൂക്ഷിക്കുക എന്നാ ല്‍) അല്ലാഹുവിനോട് അനുസരണക്കേട് കാണിക്കാതെ അവനെ അനുസരിക്കുക, അവനെ വിസ്മരിക്കാതെ ഓര്‍ക്കുക, അവനോട് നന്ദികേട് കാണിക്കാതെ നന്ദി കാണിക്കുക ഇവയാണത്.
ലക്ഷ്യം നേടിയെടുക്കുക.
════⌂⋖lllll⋗⌂════
എണ്ണപ്പെട്ട ദിവസങ്ങളിലാണ് നിർബന്ധമായ നോമ്പ് നമുക്കുളളത്. സൂക്ഷതയുളളവരാകുനുളള എല്ലാ അവസരങ്ങളും നമുക്കുണ്ട്. തെറ്റിലേക്ക് നമ്മെ കൊണ്ടു പോകുന്ന പിശാച് ബന്ധിക്കപ്പെടുന്ന മാസമാണ് റമദാൻ. സൽകർമ്മങ്ങൾ വർദ്ധിപ്പിക്കുന്ന മാസം. ക്വുർആനുമായി അടുക്കുന്ന മാസം, രാത്രി നമസ്കാരത്തിലൂടെയും സ്വദഖയിലൂടെയും മുന്നോട്ട് പോകുന്ന മാസം. ഇനിയുളള ജീവിതത്തിന് വെളിച്ചമാകാൻ ഈ റമദാനിലൂടെ നാം നേടുന്ന വിശുദ്ധി നമുക്ക് കരുത്ത് പകരണം.അതു കൊണ്ട് ലക്ഷ്യം സെറ്റ് ചെയ്തു ആ ലക്ഷ്യത്തിലേക്ക് അതിവേഗം സഞ്ചരിക്കുക. അല്ലാഹു അനുഗ്രഹിക്കട്ടെ...
✍️✍️✍️
സ്നേഹപൂർവ്വം
സമീർ മുണ്ടേരി.
════⌂⋖lllll⋗⌂════
00 Comments