(റമദാൻ നിലാവ്- 03)
ചീത്ത കാര്യങ്ങൾ വെടിയുക.
•┈┈•✿✿•┈┈•
മനുഷ്യനാണല്ലോ, തെറ്റുകൾ ചിലപ്പോഴെല്ലാം സംഭവിക്കാം. തെറ്റുകൾ കഴുകി കള യാനും പുതിയൊരു മനുഷ്യനായി നന്മയിൽ മുന്നോട്ടു പോകാനും കരുത്തു പകരുന്ന മാസമാണ് റമദാൻ. നോമ്പിന്റെ ലക്ഷ്യം തന്നെ ഭക്തിയുളളവരാവുക എന്നതാ ണല്ലോ? മനസ്സും ശരീരവും ശുദ്ധീകരിച്ചു ജീവിക്കാൻ നാം ശ്രദ്ധിക്കണം. നോമ്പ് പാപ ങ്ങളിൽ നിന്നും നമ്മെ തടഞ്ഞു നിർത്തുന്ന മാസമാണ്.
നബി (സ്വ) പറഞ്ഞു ''നോമ്പ് ഒരു പരിചയാണ്. സത്യവിശ്വാസി അതുമുഖേന നരകത്തെ പ്രതിരോധിക്കുന്നു'' (അഹ്മദ്). മറ്റൊരു ഹദീസിലുളളത് നോമ്പ് കുറ്റങ്ങളെ തടു ക്കുവാനുള്ള ഒരു പരിചയാണ്. നോമ്പു ദിനത്തില്‍ നിങ്ങളാരും കുറ്റകരമായ പ്രവൃത്തികള്‍ ചെയ്യരുത്. അശ്ലീലങ്ങള്‍ പറയരുത്. ഇനി ആരെങ്കിലും തന്നോട് ശണ്ഠ കൂടുകയോ ശകാരിക്കുകയോ ചെയ്താല്‍ ഞാന്‍ നോമ്പുകാരനാണെന്ന് പറഞ്ഞ് ഒഴിഞ്ഞ് മാറിക്കൊള്ളട്ടെ (ബുഖാരി)
നോമ്പുകാരൻ ചീത്ത വാക്കുകളും പ്രവർത്തികളും ഉപേക്ഷിച്ചിട്ടില്ലെങ്കിൽ അവന്റെ നോമ്പ് കൊണ്ട് യാതൊരു നേട്ടവുമില്ലെന്ന് നബി (സ്വ) പഠിപ്പിച്ചിട്ടുണ്ട്. എത്രയെത്ര നോമ്പുകാര്‍, വിശപ്പും ദാഹവുല്ലാതെ അവര്‍ക്കൊന്നും ശേഷിക്കുന്നില്ല”
കളവു പറയുന്നവർ, പരദൂഷണവും ഏഷണിയും പറഞ്ഞു നടക്കുന്നവർ, പരിഹാസി ക്കുന്നവർ, മറ്റുളളവരുടെ ന്യുനതകളിലേക്ക് എത്തിനോക്കുന്നവർ ഇങ്ങനെ ധാരാളം തെറ്റായ പ്രവർത്തികളുമായിട്ടാണ് പലരും നോമ്പ് പൂർത്തിയാക്കുന്നത്. അല്ലാഹു എല്ലാവർക്കും സൽബുദ്ധി പ്രധാനം ചെയട്ടെ..
തിന്മകളെ വെടിയുക.
•┈┈•✿✿•┈┈•
നമ്മിൽ പലരും നേരിടുന്ന വെല്ലു വിളിയാണ് പാപങ്ങളെ നിസാരമായി കാണുക എന്നത്. നബി (സ്വ) ആയിശ (റ) യോട് പറഞ്ഞത് ഇവിടെ നാം പ്രത്യേകം ശ്രദ്ധിക്കണം. ആയിശാ, നിസ്സാരവും സാധാരണവുമായി കരുതപ്പെടുന്ന പാപങ്ങളെ നീ പ്രേത്യകം സൂക്ഷിച്ചുകൊള്ളണം. എന്തുകൊണ്ടെന്നാല്‍ അല്ലാഹുവിങ്കല്‍ അവയും വിചാരണ ചെയ്യപ്പെടുന്നതാകുന്നു. (ഇബ്നുമാജ)
ചെറിയ പാപങ്ങൾ ചെയ്തു തുടങ്ങിയാൽ പിന്നെ അത് വളർന്നു വളർന്നു പാപങ്ങൾ കൊണ്ട് നമ്മുടെ മനസ്സ് മലീമസമാകും. ഏതു വലിയ തിന്മകളും യാതൊരു പ്രയാസവും ഇല്ലാതെ ചെയ്യുന്ന അവസ്ഥയിലേക്ക് നാം എടുത്തെറിയപ്പെടും. നന്മകളോട് നമുക്ക് മടുപ്പു തോന്നും.
ഇബ്നുൽ ഖയ്യിം (റഹി) പറഞ്ഞത് എത്ര സത്യം. തീര്‍ച്ചയായും ഒരടിമ തെറ്റ് ചെയ്യു ന്നവനായിക്കൊണ്ടേയിരിക്കും. (ആ തെറ്റ്)അവന് നിസാരമാകുന്നത് വരെയും, അവന്‍റെ ഹൃദയത്തില്‍ ചെറുതാകുന്നത് വരേയും (ചെ യ്തുകൊണ്ടേയിരിക്കും). അത് നാശത്തിന്‍റെ അടയാളമാകുന്നു. എന്നാല്‍ ഒരടിമയുടെ കണ്ണില്‍ പാപം ചെറുതാകുമ്പോഴെല്ലാം അല്ലാഹുവിന്‍റെയടുക്കല്‍ വമ്പിച്ചതായിരിക്കും.
കണ്ണും കാതും നാവും.
•┈┈•✿✿•┈┈•
കണ്ണും കാതും നാവും നമ്മുടെ ജീവിതത്തിൽ സംഭവിക്കുന്ന പാപങ്ങൾക്ക് ഒരു പരിധി വരെ കാരണക്കാരാണ്. നമ്മുടെ രണ്ടു താടിയെല്ലുകള്‍ക്കിടയിലുള്ള ചെറിയൊരു മാംസക്കഷ്ണമാണെങ്കിലും അത് നിർവഹിക്കുന്ന ധർമ്മം ഏറെ വലുതാണ്. മറ്റു ജീവികൾക്കില്ലാത്ത സംസാരം എന്ന സവിശേഷത നാവൂടെയാണ് നാം ചെയ്യുന്നത്. ഭക്ഷണത്തിന്റെ രുചിയറിയാനും നമുക്ക് നാവ് തന്നെ വേണം. ഇത്ര മാത്രം വലിയ അനുഗ്രഹമായ നാവ് പല നിഷിദ്ധങ്ങളിലേക്കും നമ്മെ കൊണ്ടു പോകുന്നുണ്ട്. വിശ്വാസി എപ്പോഴും നല്ലതു പറയട്ടെ അല്ലെങ്കിൽ മിണ്ടാതിരിക്കട്ടെ എന്ന നബി വചനം നാവിന്റെ അപകടം നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്. ആരാണ് മുസ്‌ലിംകളില്‍ ഏറ്റവും ശ്രേഷ്ഠന്‍ എന്ന് നബി (സ്വ) യോട് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത്: 'ആരുടെ കയ്യില്‍ നിന്നും നാവില്‍ നിന്നും മറ്റു മുസ്‌ലിംകള്‍ സുരക്ഷിതരാണോ അയാ ള്‍.' (ഹദീസ്)
കാഴ്ച്ചകൾക്കും കേൾവികൾക്കുമെല്ലാം നിയന്ത്രണം വരുത്തേണ്ട മാസമാണ് വിശുദ്ധ റമദാൻ, മൊബൈലും ഇന്റർ നെറ്റ് സംവിധാനങ്ങളും അരുതാത്ത കാഴ്ച്ചകളിലേക്കും കേൾവിയിലേക്കും നമ്മെ മാടി വിളിക്കുന്നുണ്ട്. ഫെയ്സ് ബുക്കും ഇൻസ്റ്റയും ടിറ്ററും സമ്മാനിക്കുന്ന കാഴ്ച്ചകൾ നമ്മെ നരകത്തിലേക്ക് എത്തിക്കുന്നില്ലെന്ന് ഉറപ്പു വരുത്താൻ നമുക്കാവണം. കണ്ണിന്റെ കട്ടു നോട്ടവും കാതിന്റെ കട്ടു കേൾവിയുമെല്ലാം അറിയുന്നവനാണ് നമ്മുടെ റബ്ബ്. പുറമെ എല്ലാം രേഖപ്പെടുത്തുന്ന മലക്കുകളും സദാ സമയവും നമ്മുടെ കൂടെയുണ്ട്.
തിന്മകളെ നിസാരമായി കാണാതിരിക്കുക, ചെറിയ തിന്മകളായിരിക്കാം നമ്മുടെ തിന്മയുടെ പട്ടികയെ പരലോകത്ത് നന്മ തിന്മകൾ തൂക്കുന്ന സമയത്ത് കനം വർദ്ധിപ്പിക്കുക. അനസില്‍ (റ) നിന്നും നിവേദനം: അദ്ദേഹം പറഞ്ഞു:നിശ്ചയം നിങ്ങ ള്‍ ചില പ്രവ൪ത്തനങ്ങള്‍ ചെയ്യുന്നു. അത് നിങ്ങളുടെ കണ്ണില്‍ ഒരു രോമത്തേക്കാള്‍ വളരെ ലോലമാണ്. നബിയുടെ (സ്വ) കാലഘട്ടത്തില്‍ (സല്‍കര്‍മ്മങ്ങളെ) നശിപ്പിച്ചു കളയുന്ന വന്‍പാപമായിട്ടാണ് ഞങ്ങള്‍ അവയെ കണ്ടിരുന്നത്. (ബുഖാരി:6492)
✍️✍️✍️
സ്നേഹപൂർവ്വം
സമീർ മുണ്ടേരി.
════⌂⋖lllll⋗⌂════
00 Comments