കുടുംബത്തെയും കൂടെ കൂട്ടുക.
(റമദാൻ നിലാവ്- 18)
സത്യവിശ്വാസികളേ, സ്വദേഹങ്ങളെയും നിങ്ങളുടെ ബന്ധുക്കളെയും, മനുഷ്യരും
കല്ലുകളും ഇന്ധനമായിട്ടുള്ള നരകാഗ്നിയിൽ നിന്ന് നിങ്ങൾ കാത്തുരക്ഷിക്കുക. (തഹരീം- 6) അല്ലാഹുവിന്റെ കൽപ്പന നോക്കൂ, നമ്മളെയും നമ്മുടെ കുടുംബത്തെയും നരകത്തിൽ നിന്ന് രക്ഷിക്കാനുളള പണിയെടുക്കണം.
വായനക്കാരെ, നമ്മുടെയും കുടുംബ ത്തിന്റെയും രക്ഷക്ക് വേണ്ടി എന്തു ചെയ്തു?
കുടുംബത്തിന്റെ ഭക്ഷണത്തിന് വേണ്ടി, വസ്ത്രത്തിനു വേണ്ടി, ആരോഗ്യ സംരക്ഷണ ത്തിനു വേണ്ടി കഠിനമായി നാം അദ്ധ്വാനിക്കാറുണ്ട്. എന്നാൽ അവർ പരലോകത്ത് രക്ഷപ്പെടാൻവേണ്ടി എന്തു അദ്ധ്വാനമാണ് നമ്മുടെ ഭാഗത്തു നിന്ന് ഉണ്ടായിട്ടുളളത്?
വിശ്വാസം നന്നാക്കുക.
┈•✿❁✿•┈
നമ്മുടെയും വീട്ടിലുളളവരുടെയും അഖീദ (വിശ്വാസം) നന്നാക്കുക. ഇബ്രാഹിം നബി (അ) അല്ലാഹുവോട് നടത്തിയ പ്രാ൪ത്ഥന ക്വു൪ആൻ നമ്മെ പഠിപ്പിക്കുന്നുണ്ട്. ഇബ്രാ ഹീം ഇപ്രകാരം പറഞ്ഞ സന്ദർഭം ( ശ്രദ്ധേയമാകുന്നു.) എന്റെ രക്ഷിതാവേ, നീ ഈ നാടിനെ (മക്കയെ) നിർഭയത്വമുള്ളതാക്കുകയും, എന്നെയും എന്റെ മക്കളെയും ഞങ്ങൾ വിഗ്രഹങ്ങൾക്ക് ആരാധന നടത്തുന്നതിൽ നിന്ന് അകറ്റി നിർത്തുകയും ചെയ്യേണമേ. (ഇബ്രാഹിം- 35)
ആരാണ് ഇബ്രാഹിം നബി (അ) ?
വിഗ്രഹങ്ങളെ തച്ചുടച്ച, വിഗ്രഹങ്ങൾ നി൪മ്മിച്ചിരുന്ന പിതാവിനോട് വിഗ്രഹാരാധനയുടെ നിര൪ത്ഥകത ബോധ്യപ്പെടുത്തിയ, അല്ലാഹുവിന്റെ കൂട്ടുകാരൻ എന്ന പേര് ലഭിച്ച മഹാനായ പ്രവാചകൻ... അദ്ദേഹം അല്ലാഹുവോട് തനിക്കും തന്റെ കുടുംബത്തിനും വേണ്ടി ശി൪ക്കിനെ തൊട്ട് കാവൽ തേടിയെങ്കിൽ... നമ്മുടെ അവസ്ഥ നാം പരിശോധിക്കുക.
അല്ലാഹു അല്ലാത്തവരെ വിളിച്ചു പ്രാർത്ഥിക്കുന്നവർ നമ്മുടെ വീട്ടിലുണ്ടെങ്കിൽ അവരുടെ മരണ ശേഷം അവർക്ക് വേണ്ടി പ്രാർത്ഥിക്കാൻ പോലും നമ്മുടെ മതം നമ്മെ അനുവദിക്കുന്നില്ലെന്ന് മനസ്സിലാക്കുക. മടി കൂടാതെ നസ്വീഹത്തോടെ നിരന്തരം നേരിന്റെ വഴിയിലേക്ക് അവരെ ക്ഷണിച്ചു കൊണ്ടിരിക്കുക.
നമസ്കാരം
•✿❁✿•
ഒരു വിശ്വാസിക്ക് അഞ്ച് നേരം നമസ്കാരം നി൪ബന്ധമാണ്. നമ്മുടെ വീട്ടിലുളളവ൪
അഞ്ചു നേരം നമസ്കരിക്കാറുണ്ടോ? പുരുഷന്മാ൪ പളളിയിൽ പോയി ജമാഅത്തായി
നമസ്കരിക്കണം എന്നാണ് നബി (സ്വ) പഠിപ്പിച്ചത്. കുട്ടികളെ ഏഴ് വയസാകുമ്പോൾ നമസ്കാരം ശീലിപ്പിക്കാനും പത്ത് വയസായിട്ടും നമസ്കരിച്ചില്ലെങ്കിൽ അടിക്കാനും നബി (സ്വ) പഠിപ്പിച്ചിട്ടുണ്ട്.
ഈ കുറിപ്പ് വായിക്കുന്ന വായനക്കാരാ.. ഒരു പക്ഷെ താങ്കൾക്ക് താങ്കളുടെ മാതാപിതാക്കളുടെ അടുക്കൽ നിന്ന് നമസ്കരിക്കാത്തതിന് ശാസന ലഭിച്ചിട്ടുണ്ടാകും.. എന്നാ ൽ താങ്കളുടെ വീട്ടിലെ കുട്ടികൾക്ക് ഒരിക്കലെങ്കിലും നമസ്കരിക്കാത്തതിന് ശാസന കൊടുക്കാൻ രക്ഷിതാവ് എന്ന നിലയിൽ താങ്കൾക്കും മാതാവ് എന്ന നിലയിൽ വീട്ടിലെ സഹോദരിക്കും കഴിഞ്ഞിട്ടുണ്ടോ?
ഇസ്മാഈൽ നബി (അ) യെക്കുറിച്ച് ക്വു൪ആൻ ഇപ്രകാരം നമ്മെ പഠിപ്പിച്ചു.
തന്റെ ആളുകളോട് നമസ്കരിക്കുവാനും സകാത്ത് നൽകുവാനും അദ്ദേഹം കൽപിക്കുമായിരുന്നു. തന്റെ രക്ഷിതാവിന്റെ അടുക്കൽ അദ്ദേഹം പ്രീതി ലഭിച്ചവനായിരുന്നു. (മ൪ യം -55)
തിന്മകൾ തടയുക.
•✿❁✿•
കുടുംബങ്ങൾക്കിടയിൽ ചെറുതും വലുതുമായ പല തരത്തിലുളള തിന്മകൾ നാം കാണാറുണ്ട്. ആ തിന്മകളെ തടയുക എന്നത് നമ്മുടെ ബാധ്യതയാണ്. തിന്മകൾക്ക് നേരെ നാം ശബ്ദമുയർത്തുമ്പോൾ പ്രയാസങ്ങൾ നേരിടേണ്ടി വരാം. അവിടെ നാം ക്ഷമിക്കുക.
ഈ ചരിത്രം നമുക്കതിന് കരുത്തു പകരും. ഇബ്‌നു മസ്ഊദ് (റ) പറയുന്നു: നബി (സ്വ) പറഞ്ഞു: ഒരു പ്രവാചകനെ ജനങ്ങൾ അടിച്ച് രക്ത മൊലിപ്പിച്ചു. അദ്ദേഹമാകട്ടെ തന്റെ മുഖത്ത് നിന്ന് രക്തം തുടച്ചുകൊണ്ട് പ്രാർത്ഥിച്ചു. അല്ലാഹുവേ എന്റെ ജനങ്ങൾക്ക് നീ പൊറുത്തുകൊടുക്കേണമേ. അവർ അറിവില്ലാത്ത വരാകുന്നു. [സ്വഹീഹുൽ ബുഖാരി] ഈ വികാരമാണ് നന്മ കൽപ്പിക്കുമ്പോളും തിന്മ വിരോധിക്കുമ്പോഴും നമുക്ക് വേണ്ടത്.
കുടുംബത്തിനായി പ്രാർത്ഥിക്കുക.
•✿❁✿•
ഒന്ന് ആലോചിച്ചു നോക്കൂ, നമ്മുടെ വീട്ടിലുളളവർക്ക് വേണ്ടി നാം നിരന്തരം പ്രാർത്ഥി ക്കാറുണ്ടോ? മാതാപിതാക്കൾക്കും മക്കൾക്കും ഇണകൾക്കും ബന്ധത്തിലുളളവർക്കും വേണ്ടിയെല്ലാം പ്രാർത്ഥിക്കാൻ ഇസ്ലാം നമ്മെ പഠിപ്പിക്കുന്നുണ്ട്. പരലോകത്ത് അവരും നമ്മളും രക്ഷപ്പെടാൻ വേണ്ടി നിരന്തരം ദുആ ചെയ്യുക. ഈ ലോകത്ത് വല്ല പ്രയാസങ്ങളം നമുക്കോ കുടുംബത്തിനോ കടന്നു വന്നാൽ സഹായിക്കാനും സംരക്ഷി ക്കാനും പലരുമുണ്ടാകും. എന്നാൽ പരലോകത്ത് നമ്മുടെയും കുടുംബത്തിന്റെയും ജീവി തം ദുരന്തത്തിലേക്ക് എടുത്തെറിയപ്പെട്ടാൽ അവിടെ സഹായിക്കാനും രക്ഷിക്കാനും ആരുമുണ്ടാവില്ല.
അതു കൊണ്ട് നമ്മളും നമുക്ക് വേണ്ടപ്പെട്ടവരും സുന്നത്ത് നമസ്കാരവും ക്വു൪ആൻ പാരായണവും ദിക്റുകളും പതിവാക്കുക. വീട്ടിലുളളവരോട് ആരാധനാ കാര്യങ്ങളെക്കുറിച്ച് അന്വേഷിക്കുക. ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാനും ഒരുമിച്ച് ദീൻ കേൾക്കാനും പ്രാവ൪ത്തികമാക്കാനും നമ്മുടെ വീട്ടിൽ അവസരം ഉണ്ട് എന്ന് രക്ഷിതാക്കൾ ഉറപ്പ് വരുത്തുക.. അപ്പോൾ നമ്മുടെ കടുംബം സമാധാനം നിറഞ്ഞ കുടുംബമായി മാറും.
അല്ലാഹു അനുഗ്രഹിക്കട്ടെ....
സ്നേഹപൂ൪വ്വം
സമീ൪ മുണ്ടേരി
04/05/2021
00 Comments