വിജയവും പരാജയവും...
റമദാൻ നിലാവ് (17)
തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നിരിക്കുന്നു. ഒരു കൂട്ടർ വിജയിച്ചിരുന്നു. മറ്റൊരു വിഭാഗം പരാജയപ്പെട്ടിരിക്കുന്നു. അമിതമായി സന്തോഷിക്കുന്നവരും അതിയായി ദുഖി ക്കുന്നവരുമുണ്ട്. ഈ വിജയം അഞ്ചു വർഷത്തേക്കുളളതാണ്. മറ്റൊരു തിരഞ്ഞെടുപ്പ് വരുമ്പോൾ ഇന്നത്തെ വിജയികൾ പരാജയപ്പെടാം. വിജയത്തിന് പുതിയ അവകാശികൾ ഉണ്ടായേക്കാം. മത്സരങ്ങളിൽ വിജയവും പരാജയവും ഉണ്ടാവും.
ഈ മത്സരങ്ങളുടെ പ്രത്യേകതയാണ് ഒരു തവണ പരാജയപ്പെട്ടാൽ വീണ്ടും മത്സരിക്കാനും വിജായിക്കാനുമെല്ലാം അവസരമുണ്ട് എന്നത്.
മത്സരത്തെക്കുറിച്ച് കണ്ടും കേട്ടും മനസ്സിലാക്കിക്കൊണ്ടിരിക്കുന്ന നമ്മളും മത്സരാർ ത്ഥികളാണ് എന്ന് ഓർത്തിട്ടുണ്ടോ? വിജയിച്ചാൽ ശാശ്വതമായി വിജയം നേടുന്ന മത്സരാർത്ഥികൾ.
ഒരിക്കൽ കുതിരപ്പന്തയം നടക്കുന്ന ഒരു വേദിയിൽ നിന്ന് മടങ്ങി വരുന്ന ബിലാൽ (റ) വിനോട് ഒരാൾ ചോദിച്ചു: ആരാണ് വിജയിച്ചത്? അദ്ദേഹം പറഞ്ഞു; മുൻകടന്നവർ വിജയിച്ചു. ചോദ്യകർത്താവ് പറഞ്ഞു: ഇതല്ല ഞാൻ ഉദ്ദേശിച്ചത്. കുതിരപ്പന്തയത്തിലെ വിജയിയെ ആണ്. ബിലാൽ (റ) അയാളോട് പറഞ്ഞ്. ഞാൻ നിന്നോട് ഖൈറിനെ (യഥാർത്ഥ വിജയം) ക്കുറിച്ച് പറയുന്നു. നീ എന്നോട് ഖൈലിനെ (കുതിര) യെക്കു റിച്ച് ചോദിക്കുന്നു.
അതെ, യഥാർത്ഥ വിജയം പരലോകത്താണ്.
യഥാർത്ഥ വിജയം.
•••┈✿❁✿•┈•••
നമ്മുടെ ജീവിത യാത്ര അവസാനിക്കും. ഈ ജീവിതത്തിനപ്പുറം മറ്റൊരു ലോകം വരാനുണ്ട്. അവിടെയാണ് യഥാർത്ഥത്തിലുളള വിജയവും പരാജയവും. നമ്മൾ എപ്പോഴും ചിന്തിക്കേണ്ടത് ആ ലോകത്തെ വിജയത്തെക്കുറിച്ചാണ്. വിശ്വാസിയെ സംബന്ധിച്ചിടത്തോളം ഈ ലോകം പരലോകത്തേക്കുളള കൃഷിയിടമാണെന്ന് നബി (സ്വ) പഠിപ്പിച്ചിട്ടുണ്ട്.
അല്ലാഹു പറയുന്നത് നോക്കൂ... “ആ അവധി വന്നെത്തുന്ന ദിവസം യാതൊരാളും അവന്റെ (അല്ലാഹുവിന്റെ) അനുമതി യോടെയല്ലാതെ സംസാരിക്കുകയില്ല. അപ്പോള്‍ അവരുടെ കൂട്ടത്തില്‍ നിര്‍ഭാഗ്യവാനും സൗഭാഗ്യവാനുമുണ്ടാകും.”
സൗഭാഗ്യവാന്‍മാരെപ്പറ്റിയുള്ള ഖുര്‍ആനിന്റെ പ്രസ്താവന കാണൂ: “എന്നാല്‍ സൗഭാഗ്യം സിദ്ധിച്ചവരാകട്ടെ, അവര്‍ സ്വര്‍ഗത്തിലായിരിക്കും. ആകാശങ്ങളും ഭൂമിയും നില നില്‍ക്കുന്നിടത്തോളം അവരതില്‍ നിത്യവാസികളായിരിക്കും. നിന്റെ രക്ഷിതാവ് ഉദ്ദേശിച്ചതൊഴികെ. നിലച്ചുപോകാത്ത ഒരു ദാനമായിരിക്കും അത്.” (ഹൂദ്/108)
പാരത്രിക ലോകത്തെ സൗഭാഗ്യവാന്‍ ഇഹലോക ജീവിതം കൊണ്ട് വിജയം വരിച്ച വനാണ്. വിശ്വാസവും ഇഖ്ലാസും ഇത്തിബാഉമുളള കർമ്മങ്ങളും, ഉത്തമമായ സ്വഭാവവും, ഇടപാടുകളിലെ വിശ്വസ്തതയും, നന്മ നിറഞ്ഞ കുടുംബ ജീവിതവും, സൂക്ഷ്മ തയോടെയുള്ള നിലപാടുകളും പരലോകത്ത് നമ്മെ സൌഭാഗ്യത്തിലേക്ക് നയിക്കും.
പരാജയം.
•••┈✿❁✿•┈•••
പരലോക ജീവിതത്തിലെ പരാജയത്തെക്കുറിച്ചും ക്വുർആൻ വിശദീകരിക്കുന്നുണ്ട്. “എന്നാല്‍ നിര്‍ഭാഗ്യമടഞ്ഞവരാകട്ടെ അവര്‍ നരകത്തിലായിരിക്കും. അവര്‍ക്കവിടെ നെടുവീര്‍പ്പും തേങ്ങിക്കരച്ചിലുമാണുണ്ടായിരിക്കുക.”
“ആകാശങ്ങളും ഭൂമിയും നിലനില്‍ക്കുന്നേടത്തോളം അവരതില്‍ നിത്യവാസികളായിരിക്കും. നിന്റെ രക്ഷിതാവ് ഉദ്ദേശിച്ചതൊഴികെ. തീര്‍ച്ചയായും നിന്റെ രക്ഷിതാവ് താന്‍ ഉദ്ദേശിക്കുന്നത് തികച്ചും നടപ്പിലാക്കുന്നവനാകുന്നു.” (ഹൂദ്/105-107)
പാരത്രിക ലോകത്ത് പരാജയപ്പെടുന്നവർക്ക് ശിക്ഷയുടെ ഭവനമായ നരകമാണ് സങ്കേതം. ഇഹലോകത്ത് ജീവിക്കാനുളള അവസരം ലഭിച്ചിട്ടും ജീവിതത്തിന്റെ ലക്ഷ്യമറിഞ്ഞ് ജീവിക്കാതെ ദൈവിക നിയമങ്ങളെ ധിക്കരിക്കുകയും അഹങ്കാരത്തോടെ ജീവിക്കുകയും ചെയ്തവർക്കാണ് പരലോകത്ത് പരാജയമുണ്ടാവുക.
വിജയാഘോഷം.
•••┈✿❁✿•┈•••
നമ്മുടെ ആഘോഷമാരംഭിക്കുന്നത് മരണത്തിന്റെ സന്ദർഭത്തിൽ സമധാനമടഞ്ഞ ആത്മാവേ എന്ന് വിളിച്ച് മരണത്തിന്റെ മലക്കുകൾ നമ്മെ സമീപിക്കുന്നതോടുകൂടിയാണ്. വലതു കൈയ്യിൽ ഗ്രന്ഥം ലഭിക്കുന്നതോടെയാണ്. സ്വർഗത്തിലേക്ക് കാലെടുത്തു വെക്കുന്നതോടുകൂടിയാണ്. അതിനു നമുക്ക് ഭാഗ്യമുണ്ടാവണം.
മഹാനായ ഉമർബ്നു അബ്ദിൽ അസീസ് (റഹി) ഹജ്ജ് നിർവഹിച്ചു കൊണ്ടിരി ക്കുമ്പോൾ ആളുകൾ അറഫയിൽ നിന്ന് മുസ്ദലിഫയിലേക്ക് ആദ്യമെത്താൻ തങ്ങളുടെ വാഹനപ്പുറത്തേറി തിരക്കു കൂട്ടി സഞ്ചരിക്കുന്നത് കണ്ടു. അപ്പോൾ അദ്ദേഹം പറഞ്ഞു: മുസ്ദലിഫയിൽ ആദ്യമെത്തുന്നവരല്ല യഥാർത്ഥത്തിലുളള വിജയികൾ. അല്ലാഹുവിൽ നിന്നുളള പാപമോചനവും സ്വർഗ പ്രവേശനവും ലഭിക്കുന്നതാണ് യഥാർത്ഥ വിജയം.
പ്രിയപ്പെട്ടവരെ, പരിശ്രമിക്കുക. ഏകദൈവ വിശ്വാസത്തിലൂടെയും മുഹമ്മദ് നബി (സ്വ) യെ അനുധാവനം ചെയ്യുന്നതിലൂടെയും നമുക്ക് വിജയിക്കാനാവും.
അല്ലാഹു അനുഗ്രഹിക്കട്ടെ.
•••┈✿❁✿•┈•••
സ്നേഹപൂ൪വ്വം
സമീ൪ മുണ്ടേരി
03/05/2021
00 Comments