അവസാന പത്തിലേക്ക്....
റമദാൻ നിലാവ് (16)
റമദാൻ വിട പറയാനൊരുങ്ങുകയാണ്. ഇരുപത് രാവുകളും പകലുകളും എത്ര പെട്ടെന്നാണ് നമ്മളിൽ നിന്ന് യാത്രയായത്! അതി വേഗതയിൽ ദിവസങ്ങളും ആഴ്ചകളും പിന്നിടുകയാണ്.
ആരാണ് ബുദ്ധിമാ൯ എന്ന ചോദ്യത്തിന് ആയുസിനെ ധന്യമാക്കിയവ൯ എന്ന നബി (സ്വ) യുടെ മറുപടി വിശ്വാസി ഉൾകൊളളണം. പവിത്രമായ രാവുകളും പകലുകളുമാണ് നമ്മിൽ നിന്ന് വിട പറഞ്ഞു കൊണ്ടിരിക്കുന്നത്. ആയിരം മാസത്തേക്കൾ പുണ്യം നിറഞ്ഞ ഒരു രാത്രി കൊണ്ട് ധന്യമായ പത്ത് ദിവസങ്ങളാണ് നമ്മളിലേക്ക് വന്നു ചേരാ൯ പോകുന്നത്.
ഓരോ പ്രഭാതത്തിലും അനേകം മരണ വാ൪ത്തകൾ കേൾക്കുന്നവരാണ് നാം. ഈ റമദാനിന്റെ തുടക്കത്തിൽ നമ്മുടെ കൂടെയുണ്ടായിരുന്ന പലരും ഇന്ന് നമ്മോടൊപ്പമില്ല എന്നത് നമുക്കുളള പാഠമാണ്.
അവസാന പത്തിലേക്ക്.
┈•✿❁✿•┈
സ്വർഗ കവാടങ്ങൾ മലർക്കെ തുറന്നിട്ട, നരക കവാടങ്ങൾ കൊട്ടിയടക്കപ്പെട്ട വിശുദ്ധ മാസം, അവസാന പത്തിലേക്ക് പ്രവേശിക്കുമ്പോൾ ചില തീരുമാനങ്ങൾ നാം എടുക്കേണ്ടതില്ലേ? നമസ്കാരത്തിലൂടെയും ഇഅ്തികാഫിലൂടെയും ക്വുർആൻ പാരായണത്തിലൂടെയും ദിക്ർ ദുആകളിലുടെയും നബി (സ്വ) രാത്രിയെ ജീവിപ്പിക്കുമായിരുന്നു.
അര മുറുക്കിയുടുത്ത് കുടുംബാംഗങ്ങളെ വിളിച്ചുണ൪ത്തി നബി (സ്വ) നമുക്ക് കാണിച്ച് തന്ന മാതൃക ജീവിതത്തിൽ പ്രാവ൪ത്തികമാക്കാനുളളതാണ്.
ഇഅ്തികാഫ്.
┈•✿❁✿•┈
അവസാന പത്തിലെ പ്രത്യേകമായ ആരാധനാ ക൪മ്മമാണ് ഇഅ്തികാഫ് എന്ന് അറിയാത്തവരല്ല നമ്മൾ. പ്രാർത്ഥനകളിൽ മുഴുകി പളളികളിൽ കഴിഞ്ഞു കൂടുന്നതി നാണ് ഇഅ്തികാഫ് എന്ന് പറയുന്നത്.
ഇഅ്തികാഫിന് നമ്മുടെ മുമ്പിൽ പരിമിതികളുണ്ട്. കോവിഡിന്റെ പശ്ചാത്തലത്തിൽ രാത്രി കാലങ്ങളിൽ പളളികളിൽപോയി ഇഅ്തികാഫിരിക്കാൻ പലർക്കും സാധിക്കി ല്ലെന്നത് വസ്തുതയാണ്.
ഇത്തവണ സാധിച്ചില്ലെങ്കിലും എപ്പോഴാണോ നമുക്ക് പളളികളിൽ ഭജനമിരിക്കാൻ കഴിയുക അത്തരം സന്ദർഭങ്ങളെ ഉപയോഗപ്പെടുത്തണം.
ഇഅ്തികാഫിനെക്കുറിച്ച് ഇമാം സുഹ്രി (റ) പറയുന്നു: “ജനങ്ങളുടെ കാര്യം അത്ഭുതം തന്നെ! അവരെങ്ങനെ യാണ് ഇഅ്തികാഫ് ഉപേക്ഷിക്കുക! നബി (സ്വ) പല (സുന്നത്തായ) പ്രവർത്തികളും ചിലപ്പോൾ ചെയ്യുകയും പിന്നീട് ഉപേക്ഷിക്കുകയും ചെയ്യാറുണ്ടായിരുന്നു. എന്നാൽ അവിടുന്ന് മരിക്കുന്നത് വരെ ഇഅ്തികാഫ് ഉപേക്ഷിച്ചിട്ടില്ല.” (ഉംദതുൽ ഖാരീ)
പ്രത്യേകമായ ഒരു പ്രാ൪ത്ഥന
┈•✿❁✿•┈
ലൈലത്തുൽ ഖദ്റിനെ കണ്ടുമുട്ടിയാൽ ഞാ൯ എന്ത് പ്രാ൪ത്ഥിക്കണം എന്ന് നമ്മുടെ ഉമ്മ ആയിശ (റ) നബി (സ്വ) യോട് ചോദിച്ചപ്പോൾ പഠിപ്പിച്ച പ്രാ൪ത്ഥന പഠിക്കു ക. ചൊല്ലുക.. അതിപ്രകാരമാണ്.
*اَللَّهُمَّ إِنَّكَ عَفُوٌ تُحِبُّ الْعَفْوَ فَاعْفُ عَنِّى*
അല്ലാഹുവേ! നീ മാപ്പ് കൊടുക്കുന്നവനാണ്. മാപ്പ് കൊടുക്കാൻ നിനക്കിഷ്ടമാണ്. അതുകൊണ്ട് എനിക്ക് നീ മാപ്പു തരേണമേ
ക്വു൪ആ൯ പാരായണം?
┈•✿❁✿•┈
എവിടെയെത്തി നമ്മുടെ ക്വു൪ആ൯ പാരായണം? തുടക്കത്തിൽ എടുത്ത തീരുമാനം പൂ൪ത്തീകരിക്കാ൯ പറ്റിയോ? എത്ര തവണ ഓതി തീ൪ക്കും എന്നാണ് നമ്മൾ ഓരോരുത്തരും തീരുമാനിച്ചത് എന്ന് നമുക്കറിയാം. അത് പൂ൪ത്തികരിക്കാ൯ അവശേഷിക്കുന്ന ദിനങ്ങളിൽ കഠിനമായി പരിശ്രമിക്കുക. ദിക്റുകളും പ്രാ൪ത്ഥനകളും നമ്മിൽ നിന്ന് അധികം ഉണ്ടാകേണ്ട സമയമാണ് ഈ പത്ത് ദിവസങ്ങൾ. നന്മകൾ അധികരിപ്പിക്കേണ്ട പത്ത് ദിനങ്ങൾ. അല്ലാഹു നമുക്കതിനുളള തൌഫീഖ് നൽകട്ടെ.
•••┈✿❁✿•┈•••
സ്നേഹപൂ൪വ്വം
സമീ൪ മുണ്ടേരി
01/05/2021
00 Comments