*മാറ്റം സാധ്യമാണ്*
(റമദാൻ നിലാവ്: 11)
✿•••••✿•••••✿
പരിശുദ്ധ റമദാൻ പുണ്യങ്ങൾ വാരിവിതറി യാത്ര തുടരുകയാണ്. എവിടെയും നന്മയിലേക്കുളള വിളികളാണ്. എഴുത്തുകളായി, പ്രഭാഷണങ്ങളായി, പഠന സംവിധാനങ്ങളായി ആ വിളികൾ നമ്മെ നിരന്തരം വഴി നടത്തുകയാണ്. അൽഹംദുലില്ലാഹ്...
നന്മയിലേക്ക് വഴി കാണിക്കുന്ന അനേകം പ്രോഗ്രാമുകൾക്കിടയിൽ വിസ്ഡം യൂത്ത് ഇന്ന് സംഘടിപ്പിച്ച “മാറ്റം സാധ്യമാണ്” എന്ന പ്രോഗ്രാം എന്തു കൊണ്ടും ശ്രദ്ധേയമാണ്.
ഇന്നത്തെ യുവാക്കളുടെ ചോദ്യമാണ് എനിക്ക് മാറാൻ കഴിയുമോ എന്നത്. അതെ, മാറ്റം ആഗ്രഹിക്കുന്നുവെങ്കിൽ മാറ്റം സാധ്യമാണ് എന്നതാണ് ഈ പ്രോഗ്രാം നമ്മെ പഠിപ്പിക്കുന്നത്.
ക്രമം തെറ്റിയുളള ജീവിതത്തിന് ക്രമം ഉണ്ടാക്കാനുളള അവസരമാണ് റമദാൻ. വാക്കും നോക്കും നിയന്ത്രിക്കുന്ന മാസം. കാമത്തിനും കോപത്തിനും കടിഞ്ഞാണിടുന്ന മാസം. ആഗ്രഹങ്ങളുടെ പിറകെ ഓടിയ നാം റമദാൻ പ്രവേശിച്ചപ്പോൾ ശീല ങ്ങളുടെ അടിമയാകാതെ റബ്ബിന്റെ തൃപ്തിക്കനുസരിച്ച് ജീവിക്കാൻ ആരംഭിച്ച മാസം. മാറ്റം സാധ്യമാണ് എന്ന് സ്വയം ബോധ്യപ്പെടുത്തുകയാണ് റമദാൻ...
മാറ്റം സാധ്യമാണ് എന്ന പ്രോഗ്രാമിൽ മാറനുളള വഴി നിർദേശിച്ചവർ മുന്നോട്ട് വെച്ച ആശയങ്ങളെ ഇവിടെ കുറിക്കാം.
പ്രാർത്ഥനകൾ
•••┈✿❁✿•┈•••
വിശ്വാസിക്ക് പ്രാർത്ഥന നൽകുന്ന കരുത്ത് ഏറെ വലുതാണ്. തന്റെ ആവശ്യങ്ങളും മോഹങ്ങളും റബ്ബിന്റെ മുമ്പിൽ തുറന്നു വെക്കാനുളള മാർഗമാണ് പ്രാർത്ഥന. മാറ്റം ആഗ്രഹിക്കുന്നവർ നിറഞ്ഞ മനസ്സോടെ റബ്ബിനോട് മാറ്റത്തിന് വേണ്ടി യാചിക്കുക. പാതി രാത്രിയിൽ പടച്ചവനുമുമ്പിൽ നല്ല മനസ്സിനും നല്ല ജീവിതത്തിനും വേണ്ടി നിരന്തരം പ്രാർത്ഥിക്കുക. ഉത്തരം ലഭിക്കുമെന്ന ഉറച്ച വിശ്വാസത്തോടെ തന്നെയാവണം ഈ പ്രാർത്ഥനകൾ.
കണ്ണുകളെ നിയന്ത്രിക്കുക.
•••┈✿❁✿•┈•••
നന്മ നിറഞ്ഞ ജീവിതത്തിന് പലപ്പോഴും വിഘാതമായി നിൽക്കുന്നത് കണ്ണാണ്. അരുതാത്ത കാഴ്ച്ചകളിലേക്കുളള യാത്ര ഞാൻ ശരിയല്ലെന്ന് സ്വയം നമ്മെ ബോധ്യപ്പെടുത്താറുണ്ട്. പരസ്യമായി കാണാൻ മടിക്കുന്നത് സ്വകാര്യതകളിൽ ആസ്വദിക്കുന്നവരായി യുവ തലമുറ മാറിയിട്ടുണ്ട്. കണ്ണെന്ന അനുഗ്രഹം തിന്മക ൾക്ക് വേണ്ടി ഉപയോഗിക്കുന്നതിനെക്കുറിച്ച് എപ്പോളെങ്കിലും ചിന്തിച്ചിട്ടുണ്ടോ?
പ്രിയപ്പെട്ടവരെ, കണ്ണിന് കർട്ടനിടുക. അല്ലാഹു കണ്ണിന് പോള നൽകിയത് കണ്ണി ന്റെ സംരക്ഷണത്തിന് വേണ്ടിയാണ്. റബ്ബ് തന്ന കണ്ണുകൊണ്ട് അനുവദിച്ചതേ ഞാൻ കാണൂ എന്ന ഉറച്ച തീരുമാനമെടുക്കുക. കണ്ണിന്റെ കട്ടു നോട്ടം റബ്ബ് അറിയുമെന്ന ബോധ്യമെപ്പോഴുമുണ്ടെങ്കിൽ കണ്ണുകളെ നമുക്ക് നിയന്ത്രിക്കാനാവും.
പ്രേരകങ്ങൾ ഉപേക്ഷിക്കുക
•••┈✿❁✿•┈•••
എവിടെയാണ് പിഴക്കുന്നത്? നല്ല ജീവിതത്തിന് എന്താണ് തടസ്സമാകുന്നത്? എപ്പോഴാണ് നമ്മുടെ ജീവിതത്തിലേക്ക് തിന്മകൾ കടന്നു വന്നത്? ഈ ആലോ ചനകൾ നമ്മെ എത്തിക്കുന്ന ചില ഉത്തരങ്ങളുണ്ട്. പലരും തിന്മകൾ ആരംഭിച്ചത് ചീത്തയായ കൂട്ടു കെട്ടിലൂടെയാണ്. ജീവിതത്തിൽ ഒറ്റക്കിരിക്കുന്ന സമയങ്ങ ളിലാണ്. എവിടെയോ കണ്ട ഒരു പോസ്റ്ററാണ്.
അതെ, തെറ്റിലേക്ക് നമ്മെ നയിച്ച ഒരു സാഹചര്യമുണ്ടാകും. അത്തരം സാഹ ചര്യങ്ങളിൽ നിന്ന് മാറി നിൽക്കുക എന്നത് മാറാനുളള വഴിയാണ്. അതിന് ഒരു പക്ഷെ നമ്മുടെ കംമ്പ്യൂട്ടർ എല്ലാവർക്കും കാണാവുന്ന സ്ഥലത്തേക്ക് മാറ്റി വെക്കേണ്ടി വരും. മൊബൈലിലെ ഡാറ്റ കുറക്കേണ്ടി വരും. ചില കൂട്ടുകാരെ അകറ്റി നിർത്തേണ്ടി വരും. മാറ്റം ആഗ്രഹിക്കുന്നവർ ഇവിടെ ശക്തമായ തീരുമാനം എടുക്കുക.
പിശാച് കൂടെയുണ്ട്.
•••┈✿❁✿•┈•••
മനുഷ്യന്റെ ശത്രുവായ പിശാച് ആഗ്രഹിക്കുന്നത് തന്നെ നമ്മെ തിന്മയിലേക്ക് കൊണ്ടു പോവുക എന്നതാണ്. ആ ശത്രുവിനെയും ശത്രു വരുന്ന വഴികളെയും മനസ്സിലാക്കി ജീവിക്കുക. അവന്റെ ഉപദ്രവങ്ങളിൽ നിന്ന് രക്ഷ ലഭിക്കാനുളള വഴികൾ പ്രവാചക തിരുമേനി പഠിപ്പിച്ചിട്ടുണ്ട്. പ്രാഭാത പ്രദോഷ പ്രാർത്ഥനകൾ അതിന് വലിയ ഉദാഹരണമാണ്. എല്ലാ പ്രഭാതത്തിലും പ്രദോഷത്തിലും നബി (സ്വ) പഠിപ്പിച്ച പ്രാർത്ഥനകൾ ജീവിതത്തിൽ പ്രാവർത്തികമാക്കി നോക്കൂ. മാറ്റങ്ങൾ നമുക്ക് സ്വയം ബോധ്യമാകും.
മരണ ചിന്ത...
•••┈✿❁✿•┈•••
മാറ്റം ആഗ്രഹിക്കുന്നവർ മാറാനുളള ഏറ്റവും നല്ല വഴിയാണ് മരണ ചിന്ത. ഈ ദുനിയാവിലെ സകല സുഖങ്ങളെയും മുറിച്ചു കളയുന്ന മരണത്തെക്കുറിച്ചുളള ചിന്ത പരലോകം നമ്മെ ഓർമിപ്പിക്കും. ചുറ്റിലും കാണുന്ന കാഴ്ച്ചകൾ മരണത്തെ നമ്മെ ഓർമപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. മരണത്തിന് പ്രായവും രോഗവും കാര ണമല്ല. എത്രയോ ആരോഗ്യമുളളവർ മരണമെന്ന യാഥാർത്ഥ്യത്തിന് കീഴൊതുങ്ങി. ജീവിതം ഒന്ന് അവസാനിച്ചെങ്കിൽ എന്ന് ആഗ്രഹിക്കുന്ന മാറാരോഗങ്ങൾ കൊണ്ട് പരീക്ഷിക്കപ്പെടുന്ന നൂറു കണക്കിന് ആളുകൾ നമ്മുടെ ചുറ്റിലുമുണ്ട്. മാറ്റം ആഗ്രഹിക്കുന്നവരെ, നമ്മുടെ മരണത്തെക്കുറിച്ച് ആലോചിക്കുക. മരണത്തിനപ്പുറമുളള ലോകത്തേക്കുളള വിഭവങ്ങൾ തയ്യാറാക്കുക. അല്ലാഹു അനുഗ്രഹിക്കട്ടെ...
•••┈✿❁✿•┈•••
മാറ്റം സാധ്യമാണ് എന്ന പ്രോഗ്രാം ശാന്തമായിരുന്ന് കേൾക്കുക.
https://youtu.be/3TYO2iZulIQ
•••┈✿❁✿•┈•••
സ്നേഹപൂ൪വ്വം
സമീ൪ മുണ്ടേരി
25/04/2021
00 Comments