ഖുർആൻ ആയത്തുകൾ ചുമരിലും വാഹനത്തിലുമെല്ലാം തൂക്കുന്നതിന്റെ വിധിയെന്താണ് ?
ഉത്തരം: ശൈഖ് ഉഥ്മാൻ അൽ ഖമീസ് (ഹഫിദഹുല്ലാഹ്) പറയുന്നു: വീട്ടിലും വാഹനത്തിലും കെട്ടിതൂക്കാനല്ല ഖുർആൻ അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. അനുഗ്രഹീതമായ ഈ വേദഗ്രന്ഥം അല്ലാഹു അവതരിപ്പിച്ചു തന്നിട്ടുള്ളത്, അതിലെ വചനങ്ങളെ കുറിച്ച് ഉറ്റാലോചിക്കുവാനാണ്. ഒരിക്കലും, കെട്ടിതൂക്കി ബർക്കെത്തെടുക്കാനല്ല ഖുർആൻ ഇറക്കപ്പെട്ടത്. ആയത്തുകളെ പറ്റി ഉറ്റാലോചിക്കാനും അവയനുസരിച്ച് ജീവിക്കാനും വിരോധിച്ച കാര്യങ്ങളിൽ ജാഗ്രത പാലിക്കാനും പ്രശ്നങ്ങളിൽ വിധി തീർപ്പാക്കാനുമാണ് ഖുർആൻ അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. ഒരുപാട് പണ്ഡിതൻമാർ ചുമരിലും മറ്റും ആയത്തുകൾ തൂക്കുന്നത് വെറുക്കുന്നവരാണ്. പ്രത്യേകിച്ചും തിന്മകൾ അരങ്ങേറുന്ന സ്ഥലങ്ങളിൽ തൂക്കുന്നത്. ആളുകൾ ആയത്തുകൾ തൂക്കിയ മുറിയിലിരുന്നു അനാവശ്യങ്ങൾ കാണുന്നു! ഗീബത്ത് പറയുന്നു ! സംഗീതമാസ്വദിക്കുന്നു! ഇതൊക്കെ ഖുർആനിനെ നിന്ദിക്കലാണ്. അങ്ങനെയുള്ള സ്ഥലങ്ങളിൽ ആയത്തുകൾ തൂക്കാൻ പാടില്ല. ഇനി, സാധാരണഗതിയിൽ തിന്മകളൊന്നും സംഭവിക്കാത്ത വീട്ടിന്റെ ഒരു സ്ഥലത്ത് ഒരാൾ ആയത്തുകൾ തൂക്കിയാൽ പ്രശ്നമില്ലെന്ന് കരുതുന്നു. പക്ഷേ, ഒഴിക്കുന്നതാണ് ഏറ്റവും നല്ലത്. പ്രത്യേകിച്ചും ഇന്ന് ചിലർ, ഒരോ ആയത്തിലും പരാമർശിച്ച വസ്തുവിന്റെ ആകൃതിയിൽ ആയത്തുകൾ എഴുതിയുണ്ടാക്കുന്നു. (ഉദാഹരണമായി: കപ്പലിന്റെയും പക്ഷിയുടേയുമൊക്കെ രൂപത്തിൽ) അതൊക്കെ ഖുർആൻ കൊണ്ട് കളിക്കലാണ്. അത്പോലെ, ചില ആയത്തുകൾ മറ്റു ചില ആയത്തുകളുടെ ഉള്ളിലേക്കൊക്കെയാക്കി അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ പിരിച്ചെഴുതുന്നവരുമുണ്ട്. ഒരുപാട് സമയമെടുത്താലും ആയത്ത് വായിക്കാനോ അതിനെ പറ്റി ചിന്തിക്കാനോ കഴിയില്ല. എന്തിന് വേണ്ടിയാണിത് ? ഇതിന് വേണ്ടിയൊന്നുമല്ല ഖുർആൻ ഇറക്കപ്പെട്ടത്. അത്കൊണ്ട്, ഖുർആനിന് അതിന്റേതായ ഗാംഭീര്യം നൽകണം.
പ്രസ്തുത ഭാഗം കാണാനും കേൾക്കാനും : https://youtu.be/4dqqREJq5OI
വിവർത്തകൻ:
"സലഫുകൾ ചെയ്യാത്ത ഏർപ്പാടാണിത്. ഖുർആനുണ്ടാവേണ്ടത് ഹൃദയങ്ങളിലും മുസ്ഹഫുകളിലുമാണ്. ചിന്തിക്കാനോ ഉദ്ബോധനത്തിനോ ആണെങ്കിൽ തൂക്കാമെന്ന് പറഞ്ഞ പണ്ഡിതന്മാരുണ്ട്. എന്നാൽ, ഖുർആനിനെ അവഗണിക്കുന്ന സ്ഥലങ്ങളിൽ തൂക്കരുത്. അത്പോലെ, ജിന്നിൽ നിന്നും മറ്റു ഉപദ്രവങ്ങളിൽ നിന്നുമുള്ള സുരക്ഷയാണെന്ന നിലക്കോ പാടില്ല. ചുരുക്കി പറഞ്ഞാൽ, ഇത് പ്രോത്സാഹിപ്പിക്കപ്പെടേണ്ട ഒരു കാര്യമല്ലെന്നർത്ഥം."
ആശയ വിവർത്തനം :
മുജാഹിദ് പറവണ്ണ. (വിദ്യാർത്ഥി, ജാമിഅ അൽ ഹിന്ദ് അൽ ഇസ്‌ലാമിയ്യ - മിനിഊട്ടി)
Sameer Konnakath , 23 Sep 2022
എല്ലാവരിലേക്കും എത്തിക്കുക