നോമ്പിൽ ഇളവ് ലഭിച്ചവർ... (01)
റമദാൻ നിലാവ്:05
മനുഷ്യന് സാധിക്കാത്ത യാതൊരു കാര്യവും മതത്തിൽ നിയമമായി അല്ലാഹു നിശ്ചയിച്ചിട്ടില്ല. ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന സന്ദർഭങ്ങളിൽ അവന് പല ഇളവുകളും മതം അനുവദിച്ചു നൽകുന്നു.
നിർബന്ധ നമസ്കാരം യാത്രക്കാരന് ജംഉം കസ്റു (രണ്ടു നമസ്കരങ്ങൾ ഒരുമിച്ചും ചുരുക്കിയും) മായി നമസ്കരിക്കാൻ അനുവാദമുണ്ട്. നിന്ന് നമസ്ക രിക്കുക എന്നത് നമസ്കാരത്തിന്റെ റുക്നുകളിൽപെട്ട കാര്യമാണ്. പക്ഷെ സാധിക്കാത്തവർക്ക് ഇരുന്നു നമസ്കാരിക്കാം.
പരിശുദ്ധ ഹജ്ജ് കർമ്മത്തിനിടയിലും പ്രയാസമനുഭവിക്കുന്നവർക്ക് ഇളവുകൾ ഇസ്ലാം പഠിപ്പിച്ചിട്ടുണ്ട്.
നോമ്പിലും ഇസ്ലാം ചില ഇളവുകൾ നൽകുന്നുണ്ട്. ആർക്കെല്ലാമാണ് നോമ്പിൽ ഇളവ് ലഭിച്ചിട്ടുളളത്?
അല്ലാഹു പറയുന്നത് നോക്കൂ. “നിങ്ങളിലാരെങ്കിലും രോഗിയാവുകയോ യാത്രയിലാവുകയോ ചെയ്താല്‍ മറ്റു ദിവസങ്ങളില്‍ നിന്ന് അത്രയും എണ്ണം (നോമ്പെടുക്കേണ്ടതാണ്.)” (ബഖറ: 184)
ഈ ആയത്തിൽ നിന്നും യാതൊരു വിശദീകരണവും കൂടാതെ തന്നെ രോഗികൾക്കും യാത്രക്കാർക്കും നോമ്പിൽ ഇളവുണ്ടെന്ന് വ്യക്തമായി.
രോഗികൾ...
രോഗം രണ്ടു രീതിയിലാണ്.
1. മാറുമെന്ന് പ്രതീക്ഷയുളളത്.
2. മാറാരോഗികൾ
നോമ്പിൽ ഇവർക്കുളള നിയമങ്ങളും വ്യത്യസ്ഥമാണ്. മാറുമെന്ന് പ്രതീക്ഷ യുളള രോഗികൾ നോമ്പ് ഒഴിവാക്കുകയും പിന്നീട് നോറ്റു വീട്ടുകയുമാണ് വേണ്ടത്. മാറാ രോഗികൾക്ക് നോമ്പ് ഒഴിവാക്കുകയും നഷ്ടമാകുന്ന ഓരോ നോമ്പിനും പകരമായി ഒരു സാധുവിന് ഒരു നേരത്തെ ഭക്ഷണം നൽകു കയുമാണ് വേണ്ടത്.
യാത്രക്കാർ.
നോമ്പിൽ ഇളവ് ലഭിച്ച മറ്റൊരു വിഭാഗമാണ് യാത്രക്കാർ. ഏതു തരം യാത്രക്കാർക്കാണ് നോമ്പിൽ ഇളവുളളത് എന്നു വിശദീകരിക്കുമ്പോൾ പണ്ഡിതന്മാർ പറഞ്ഞത് നമസ്കാരം ഖസ്ർ ആക്കല്‍ (ചുരുക്കി നമസ്കരിക്കല്‍) അനുവദനീയമായ യാത്രകളാണ് നോമ്പ് ഒഴിവാക്കാന്‍ ഇളവ് നല്‍കപ്പെട്ട യാത്രകള്‍.
യാത്ര ചെയ്യുന്നവർ നോമ്പ് നോൽക്കാൻ പാടുണ്ടോ എന്നു ചോദിക്കുന്ന വരുണ്ട്. താഴെ കൊടുക്കുന്ന സംഭവത്തിൽ നിന്നും ഈ വിഷയത്തിലുളള സംശയങ്ങൾ നമുക്ക് ദൂരീകരിക്കാൻകഴിയും.
ഹംസതുബ്‌നു ആമിറിൽ അസ്ലമിയിൽ നിന്ന് അബൂദാവൂദ് ഉദ്ധരിക്കുന്നു: ഹംസതുബ്‌നു ആമിർ നബി (സ്വ) യോട് പറഞ്ഞു: 'നബിയെ, ഒരു വാഹനം കൈവശമുള്ളയാളാണ് ഞാൻ; അതിന്റെ പുറത്താണ് ഞാൻ യാത്ര ചെയ്യാറ്. ചിലപ്പോൾ ഈ മാസമെത്തിയാൽ എനിക്ക് ശക്തി അനു ഭവപ്പെടും. ഞാനൊരു യുവാവാണ്. മറ്റു ദിവസങ്ങളിലേക്ക് നീട്ടിവെച്ച് കടം പേറുന്നതിനെക്കാൾ യാത്രയിൽ നോമ്പു നോൽക്കുന്നതാണ് എനിക്ക് എളുപ്പമായിത്തോന്നുന്നത്. ഞാൻ നോമ്പു നോൽക്കുകയാണോ അതോ നോമ്പൊഴിവാക്കുകയാണോ വേണ്ടത്? നബി (സ്വ) പറഞ്ഞു: ' താങ്കളുടെ ഇഷ്ടം പോലെ ചെയ്‌തോളൂ,
യാത്രക്കാരുടെ നോമ്പിനെക്കുറിച്ച് നബി (സ്വ) മറ്റൊരു സന്ദർഭത്തിൽ ഇപ്രകാരം പറഞ്ഞു:' അത് അല്ലാഹു നിനക്കു നല്കിയ ഒരിളവാണ്. സ്വീകരിച്ചാൽ നല്ലത്. വല്ലവരും നോമ്പു നോൽക്കാനിഷ്ടപ്പെടുന്നുവെങ്കിൽ കുറ്റമില്ല.' ഇതാണ് യാത്രക്കാരനെക്കുറിച്ച് അല്ലാഹുവിന്റെ നിയമം.
യാത്ര കാരണം നഷ്ടമാകുന്ന നോമ്പുകളും മറ്റു ദിവസങ്ങളിൽ നോറ്റു വീട്ടുക യാണ് വേണ്ടത്.
(തുടരും)
അല്ലാഹു അനുഗ്രഹിക്കട്ടെ
സ്നേഹപൂ൪വ്വം
സമീ൪ മുണ്ടേരി
00 Comments