നോമ്പും നിയ്യത്തും.
(റമദാൻ നിലാവ്:04)
നാം ക൪മ്മങ്ങൾ അനുഷ്ഠിക്കുന്നത് അല്ലാഹു സ്വീകരിക്കാ൯ വേണ്ടിയാണ്. പരലോകത്ത് നമുക്ക് പ്രതിഫലം ലഭിക്കാ൯ വേണ്ടി. ഏതൊരു വിശ്വാസിയുടെയും സല്‍കര്‍മ്മങ്ങൾ അല്ലാഹുവിന്റെയടുക്കൽ സ്വീകാര്യ യോഗ്യമാകണമെങ്കില്‍ ചില നിബന്ധനകള്‍ പാലിച്ചിരിക്കണം. ഇഖ്‌ലാസും ഇത്തിബാഉമാണ് ആ രണ്ടു കാര്യങ്ങൾ. അഥവാ നിഷ്കളങ്കമായി അല്ലാഹുവിന്റെ പ്രീതി മാത്രം കാംക്ഷിച്ചുകൊണ്ട് അനുഷ്ടിക്കപ്പെടുന്നതും നബി (സ്വ) യുടെ ചര്യ പി൯പറ്റിക്കൊണ്ടുള്ളതുമാകണം. എങ്കില്‍ മാത്രമേ അല്ലാഹു സ്വീകരിക്കുകയുള്ളൂ.
ആദാത്തുകളിൽ നിന്നും ഇബാദാത്തുകളെ വേ൪തിരിക്കുന്നത് നിയ്യത്താണ്. ഉമറുബ്നുല്‍ ഖത്വാബ് (റ) പറയുന്നു. നബി (സ്വ) പറയുന്നതായി ഞാന്‍ കേട്ടു. നിശ്ചയം കര്‍മ്മങ്ങള്‍ (സ്വീകരിക്കപ്പെടുന്നത്) നിയ്യത്തുകള്‍ കൊണ്ടാണ്. (ബുഖാരി)
അല്ലാഹു പറഞ്ഞു; നിഷ്കളങ്കരായി അല്ലാഹുവിനെ ആരാധിക്കാന്‍ വേണ്ടിയല്ലാതെ അവര്‍ കല്‍പ്പിക്കപ്പെട്ടിട്ടില്ല (ബയ്യിന: 5).
നിയ്യത് എന്നാല്‍ ഉദ്ദേശം എന്നാണ് അര്‍ഥം. നിയ്യത്ത് ഖൽബിന്റെ പ്രവ൪ത്തനമാണ്. അത് നാവ് കൊണ്ട് ചൊല്ലിപ്പറയുക എന്നത് ബിദ്അതുകളില്‍ പെട്ട കാര്യമാണ്.
നമ്മുടെ നാട്ടിലുളള പലരും നമസ്കാരത്തിനും നോമ്പിനുമെല്ലാം നിയ്യത്ത് നാവു കൊണ്ട് ചൊല്ലി പറയാറുണ്ട്. ഇത് ശരിയായ രീതിയല്ല എന്നാണ് പ്രമാണങ്ങൾ പഠിപ്പിക്കുന്നത്.
നോമ്പും നിയ്യത്തും..
നവയ്തു സൗമഗദിന്‍ (ഇക്കെല്ലത്തെ റമദാന്‍ മാസത്തിലെ നാളത്തെ നോമ്പ്) എന്ന് തുടങ്ങുന്ന വരികള്‍ നോമ്പിന്റെ നിയത്തിനെക്കുറിച്ച് സംസാരിക്കുമ്പോൾ പലരുടെയും മനസ്സിലേക്ക് വരും. എന്നാൽ തറാവീഹ് നമസ്കാര ശേഷം ഇമാം ചൊല്ലി പറയുകയും മറ്റുള്ളവര്‍ ഏറ്റു പറയുകയും ചെയ്യുന്ന സമ്പ്രദായം ഉത്തമരായ സഹാബികളില്‍ നിന്നു ഉദ്ധരിക്കപ്പെട്ടിട്ടില്ല. നബി (സ്വ) നോമ്പിന് പ്രത്യേകമായ പദങ്ങൾ നിയ്യത്തായി പഠിപ്പിച്ചിട്ടില്ല. അതു കൊണ്ട് തന്നെ നവയ്തു സൌമഗ്വദി൯ എന്നു തുടങ്ങുന്ന പദങ്ങൾ ചൊല്ലി പറുന്നത് ഉപേക്ഷിക്കുക.
അതിന൪ത്ഥം നോമ്പിന് നിയ്യത്ത് വേണ്ട എന്നല്ല. മറിച്ച് നിര്‍ബന്ധ മായ നോമ്പിന്റെ നിയ്യത്ത് രാത്രിയില്‍ തന്നെ ഉണ്ടാകേണ്ടതുണ്ട്. ഐച്ഛികമായ നോമ്പുകള്‍ക്ക് പകലില്‍ നിയ്യത്ത് തുടങ്ങിയാലും മതി. നോമ്പുകാരനല്ലാത്ത നബി (സ്വ) പ്രഭാതത്തില്‍ വീട്ടില്‍ ഭക്ഷണം ഇല്ല എന്നറിഞ്ഞപ്പോള്‍ എങ്കില്‍ ഞാന്‍ നോമ്പുകാരനാണ് എന്നു പറഞ്ഞ് ആ സമയം മുതല്‍ നോമ്പ് തുടങ്ങിയിട്ടുണ്ട്.
നിർബന്ധ നോമ്പിന് ഫജ്റിന് മുമ്പ് തന്നെ നിയ്യത്തുണ്ടായിരിക്കണം. നബി (സ്വ) പറഞ്ഞു: നോമ്പെടുക്കാന്‍ പ്രഭാതത്തിനു മുമ്പായി തീരുമാന മെടുക്കാത്തവന് നോമ്പില്ല. (തിര്‍മിദി )
അതു പോലെ നാം അനുഷ്ഠിക്കുന്ന നോമ്പ് റമളാൻ നോമ്പ്, നേർച്ച നോമ്പ് തുടങ്ങിയ ഫർദ് നോമ്പുകൾക്ക് നിയ്യത്ത് ചെയ്യുമ്പോൾ രാത്രിയിൽ (മഗ്രിബിനും സുബ്ഹിക്കുമിടയിൽ) ആവലും ഇന്ന നോമ്പ് എന്ന് നിർണയിക്കലും നിർബന്ധമാണ്.
സൂര്യന്‍ അസ്തമിച്ചതിന് ശേഷം സുബഹിയുടെ ബാങ്കു കൊടുക്കുന്നത് വരെ നിയ്യത് വെക്കാവുന്ന സമയമാണ്. രാത്രി കിടക്കാന്‍ പോകുമ്പോഴോ, സുബഹിന് മുമ്പ് അത്താഴത്തിന് എഴുന്നേല്‍ക്കുമ്പോഴോ ഒക്കെ നിയ്യത്ത് വെക്കാം.
റമദദാനിലെ എല്ലാ നോമ്പുകൾക്കും കൂടി ഒറ്റ നിയ്യത്തു മതിയോ എന്ന വിഷയത്തിൽ പണ്ഡിതന്മാ൪ക്കിടിയൽ അഭിപ്രായ ഭിന്നതകൾ ഉണ്ട്. ഓരോ നോമ്പിനും അതിന്റെ തൊട്ട് മുമ്പുള്ള രാത്രിയിൽ നിയ്യത്ത് ചെയ്യുക എന്നതാണ് ശരിയായ രീതി എന്നു മനസ്സിലാക്കാം.
അല്ലാഹു അനുഗ്രഹിക്കട്ടെ.
സ്നേഹപൂ൪വ്വം
സമീ൪ മുണ്ടേരി
00 Comments