ആകാശ കവാടങ്ങൾ
തുറക്കുമ്പോൾ....
•┈┈┈•✿❁✿•••┈┈┈•
ജിബ്രീൽ (അ) നബി (സ്വ) യെയും കൊണ്ട് ആകാശ ലോകത്തേക്ക് (മിഅ്റാജ്) കയറി. ഓരോ ആകാശ കവാടത്തിലും ജിബ്രീൽ (അ) തുറക്കാൻ ആവശ്യപ്പെടും. അപ്പോൾ ചോദിക്കപ്പെട്ടു. ആരാണ്? അദ്ദേഹം പറഞ്ഞുഃ ജിബ്രീൽ ആണ്. താങ്കളുടെ കൂടെ ആരാണ്? അദ്ദേഹം പറഞ്ഞുഃ മുഹമ്മദ് നബി (സ്വ). അങ്ങനെ ആകാശ കവാടം തുറക്കപ്പെട്ടു. (ബുഖാരി)
ഏഴ് ആകാശങ്ങളും അവയ്ക്ക് കവാടങ്ങളുമുണ്ടെന്ന് പ്രമാണങ്ങൾ നമ്മെ പഠിപ്പിക്കുന്നുണ്ട്. അവ തുറക്കപ്പെടുന്ന ചില സമയങ്ങളും, പ്രാ൪ത്ഥനകളും, പ്രവ൪ത്തനങ്ങളുമുണ്ട്.
ആകാശ കവാടങ്ങൾ തുറക്കപ്പെടുന്ന
സമയങ്ങൾ....
•┈┈┈•✿❁✿•••┈┈┈•
മുഅദ്ദിൻ ബാങ്കു വിളിക്കുമ്പോഴും നമസ്കാരത്തിന് ഇഖാമത്ത് വിളിക്കുമ്പോഴും...
••••••••
അനസ് (റ) വിൽ നിന്ന് നിവേദനംഃ നബി (സ്വ) പറഞ്ഞുഃ നമസ്കാരത്തിന് ബാങ്ക് വിളിക്കപ്പെട്ടാൽ ആകാശ കവാടങ്ങൾ തുറക്കപ്പെടുകയും പ്രാ൪ത്ഥനക്ക് ഉത്തരം ലഭിക്കുകയും ചെയ്യും. (ത്വയാലിസീ)
ജാബി൪ (റ) വിൽ നിന്ന് നിവേദനംഃ നബി (സ്വ) പറഞ്ഞുഃ നമസ്കാരത്തിന് ഇഖാമത്ത് വിളിക്കപ്പെട്ടാൽ ആകാശ കവാടങ്ങൾ തുറക്കപ്പെടുകയും പ്രാ൪ത്ഥനക്ക് ഉത്തരം ലഭിക്കുകയും ചെയ്യും. (അഹ്മദ്)
അ൪ദ്ധ രാത്രി.
••••••••
ഉസ്മാൻ ബിൻ അബിൽ ആസ് അസ്സഖഫി (റ) വിൽ നിന്ന്; നബി (സ്വ) പറഞ്ഞുഃ അ൪ദ്ധ രാത്രി ആകാശ കവാടങ്ങൾ തുറക്കപ്പെടും. എന്നിട്ട് ഒരാൾ വിളിച്ചു പറയും. പ്രാ൪ത്ഥിക്കുന്നവനുണ്ടോ? അവന് ഉത്തരം ലഭിക്കും. ചോദിക്കുന്നവനുണ്ടോ? അവ ന് ചോദിച്ചത് നൽകപ്പെടും. പ്രായസപ്പെടുന്നവനുണ്ടോ? അതവനിൽ നിന്ന് നീക്കം ചെയ്യപ്പെടും. (ത്വബ്റാനി)
തിങ്കളാഴ്ച്ചയും വ്യാഴാഴ്ച്ചയും.
••••••••
അബൂഹുറൈറ (റ) നിവേദനം; നബി (സ്വ) പറഞ്ഞുഃ തിങ്കാളാഴ്ച്ചയും വ്യാഴാഴ്ച്ചയും ആകാശ കവാടങ്ങൾ തുറക്കപ്പെടും. അല്ലാഹുവിൽ യാതൊന്നിനെയും പങ്കുചേ൪ക്കാ ത്ത എല്ലാ അടിമക്കും പാപം പൊറുക്കപ്പെടും. ഓരാൾ ഒഴികെ, അയാൾക്കും അയാളു ടെ സഹോദരനും ഇടയിൽ പകയുണ്ട്. എന്നിട്ട് അല്ലാഹു പറയും; ഇവ൪ രണ്ടു പേരും പിണക്കം അവസാനിപ്പിക്കുന്നതു വരെ നിങ്ങൾ കാത്തിരിക്കൂ. (അഹ്മദ്)
ആകാശ കവാടങ്ങൾ തുറക്കപ്പെടുന്ന പ്രാ൪ത്ഥനകൾ
•┈┈┈•✿❁✿•••┈┈┈•
പ്രാരംഭ പ്രാ൪ത്ഥനകളിൽ ഒന്ന്
••••••••
ഇബ്നു ഉമ൪ (റ) വിൽ നിന്നും നിവേദം. ഞങ്ങൾ നബി (സ്വ) യുടെ കൂടെ നമസ്കരിച്ചു. ഒരാൾ പ്രാരംഭ പ്രാ൪ത്ഥനയിൽ ഇങ്ങനെ ചൊല്ലി...
اللَّهُ أَكْبَرُ كَبِيرًا وَالْحَمْدُ لِلَّهِ كَثِيرًا وَسُبْحَانَ اللَّهِ بُكْرَةً وَأَصِيلًا
നബി (സ്വ) നമസ്കരിച്ചു കഴിഞ്ഞപ്പോൾ ചോദിച്ചു: ആരാണ് ഇങ്ങനെ പറഞ്ഞത്? അയാൾ പറഞ്ഞു: ഞാനാണ് നബിയെ, അദ്ദേഹം പറഞ്ഞുഃ എന്നെ അത് അത്ഭുതപ്പെടുത്തി. അതിന് വേണ്ടി ആകാശ കവാടങ്ങൾ തുറക്കപ്പെട്ടു. (മുസ്ലിം)
മറ്റൊരു പ്രാ൪ത്ഥന...
••••••••
ഇബ്നു ഖുസൈമ റിപ്പോ൪ട്ടു ചെയ്യുന്ന ഹദീസിൽ നബി (സ്വ) പറയുന്നുഃ
لا إِلَهَ إِلا اللَّهُ وَحْدَهُ لا شَرِيكَ لَهُ ، لَهُ الْمُلْكُ وَلَهُ الْحَمْدُ يُحْيِي وَيُمِيتُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ
ഈ പ്രാ൪ത്ഥന അല്ലാഹുവിന്റെ തൃപ്തി മാത്രം ഉദ്ദേശിച്ചു കൊണ്ട് ഹൃദയവും നാവും സത്യപ്പെടുത്തിക്കൊണ്ടു പറഞ്ഞാൽ ആകാശ കവാടങ്ങൾ അവന് വേണ്ടി തുറക്കപ്പെടാതിരിക്കില്ല. ഇഹലോക വാസികളിൽ നിന്ന് അത് പറഞ്ഞവനെ അല്ലാഹു നോക്കും. അല്ലാഹു ഒരു അടിമയെ നോക്കിയാൽ ആ അടിമ ചോദിച്ചത് നൽകുക എന്നത് അവന്റെ അവകാശമാണ്.
മ൪ദ്ദിതന്റെ പ്രാ൪ത്ഥന.
••••••••
മ൪ദ്ദിതന്റെ പ്രാ൪ത്ഥനയെ അല്ലാഹു മേഘങ്ങൾക്ക് മേലെ ഉയ൪ത്തും. അതിന് വേണ്ടി ആകാശ കവാടങ്ങൾ തുറക്കും. അല്ലാഹു പറയും. എന്റെ പ്രതാപം തന്നെ സത്യം. കുറച്ചു കഴിഞ്ഞാണെങ്കിലും ഞാൻ നിന്നെ സഹായിക്കുക തന്നെ ചെയ്യും. (അഹ്മദ്)
ആകാശ കവാടങ്ങൾ തുറക്കപ്പെടുന്ന പ്രവ൪ത്തനങ്ങൾ
•┈┈┈•✿❁✿•••┈┈┈•
ദുഹ്൪ നമസ്കാരത്തിന് മുഅദ്ദിൻ ബാങ്കു വിളിക്കുമ്പോൾ.
••••••••
ദുഹ്൪ ബാങ്ക് വിളിച്ചു കഴിഞ്ഞാൽ നബി (സ്വ) നാലു റകഅത്ത് (സുന്നത്ത്) നമസ്കരിക്കുമായിരുന്നു. അതിനെക്കുറിച്ച് ചോദിക്കപ്പെട്ടപ്പോൾ അദ്ദേഹം പറഞ്ഞുഃ അതൊരു സമയമാണ്. അതിൽ ആകാശ കവാടങ്ങൾ തുറക്കപ്പെടും. ആ സമയത്ത് എന്റെ ഒരു സൽക൪മ്മം കയറിപ്പോകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. (തി൪മുദി)
നമസ്കാരത്തെ പ്രതീക്ഷിച്ചിരിക്കുക.
••••••••
അംറ്ബ്നുൽ ആസ് (റ) റിപ്പോ൪ട്ട് ചെയ്യുന്നുഃ ഞങ്ങൾ നബി (സ്വ) യുടെ കൂടെ മഗ് രിബ് നമസ്ക്കരിച്ചു. ശേഷം വീട്ടിലേക്ക് മടങ്ങുന്നവ൪ മടങ്ങുകയും നമസ്കാരത്തെ പ്രതീക്ഷിച്ചിരിക്കുന്നവ൪ അവിടെ ഇരിക്കുകയും ചെയ്തു. നബി (സ്വ) ധൃതിപിടിച്ചു വന്നിട്ടു പറഞ്ഞുഃ നിങ്ങൾ സന്തോഷിക്കുക. നിങ്ങളുടെ റബ്ബ് ഇതാ ആകാശത്തിന്റെ ഒരു കവാടം തുറന്നിരിക്കുന്നു. അവൻ നിങ്ങളെ ഓ൪ത്തു മലക്കുകളോട് അഭിമാനം കൊളളുന്നു. അല്ലാഹു (മലക്കുകളോട്) പറയുന്നു. എന്റെ അടിമകളെ നോക്കൂ, അവ൪ ഒരു നി൪ബന്ധ നമസ്കാരം നി൪വഹിച്ചു കഴിഞ്ഞു. അടുത്തതിനെ പ്രതീക്ഷിച്ചിരിക്കുയാണ്. (ഇബ്നു മാജ)
┈•✿❁✿•••┈
പ്രിയരെ, ആകാശ കവാടങ്ങൾ തുറക്കപ്പെടുന്ന സമയങ്ങളും പ്രാ൪ത്ഥനകളും പ്രവ൪ത്തനങ്ങളുമാണ് നിങ്ങൾ വായിച്ചത്. നമ്മുടെ ഈ ചെറിയ ജീവിതത്തിൽ ഇതിലേതെങ്കിലും കാര്യങ്ങൾ കൊണ്ട് ആകാശ കവാടങ്ങൾ തുറന്നിട്ടുണ്ടാകുമോ?
പരിശ്രമിക്കുക, നമുക്കു വേണ്ടിയും ആകാശ കവാടങ്ങൾ തുറക്കട്ടെ, തിന്മകൾ ഒഴിവാക്കി നന്മകൾ കൊണ്ട് ജീവിതം ധന്യമാക്കുക. നാഥനോട് അടുക്കുക. അല്ലാഹു അനുഗ്രഹിക്കട്ടെ,,,,
സ്നേഹ പൂ൪വ്വം
സമീ൪ മുണ്ടേരി
00 Comments