കബറുകൾ
നമ്മെ ഓർമ്മിപ്പിക്കുന്നത്.
18 വർഷം മുമ്പ് തന്റെ പിതാവിനെ കബറടക്കിയ ഓർമകൾ ജുബൈലിലെ കബർ സ്ഥാനിലെ അനേകം കബറുകൾക്കിടയിൽ നിന്നുകൊണ്ട് അയാൾ സംസാരിച്ചു തുടങ്ങി. കഴിഞ്ഞ ദിവസം മരണപ്പെട്ട കായകുളം
സ്വദേശി അനസിന്റെ ജനാസ സംസ്കരണത്തിന് എത്തിയതാണ് ആ സഊദി സഹോദരൻ...
എല്ലാം മറന്ന് എല്ലാവരും ഓടുകയാണ്. ഈ കബറുകളിൽ കിടക്കുന്നവരെല്ലാം എന്തെല്ലാം സ്വപ്നങ്ങൾ കണ്ടവരായിരിക്കും. ജീവിതത്തിൽ തിരക്കില്ലാതെ ഓടുകയായിരുന്നു. ഒടുവിൽ ഇവിടെ എല്ലാവരും വന്നു കിടക്കും. അല്ലാഹു പറഞ്ഞത് എത്ര സത്യം....
അതില്‍ (ഭൂമിയില്‍) നിന്നാണ് നിങ്ങളെ നാം സൃഷ്ടിച്ചത്. അതിലേക്ക് തന്നെ നിങ്ങളെ നാം മടക്കുന്നു. അതില്‍ നിന്ന് തന്നെ നിങ്ങളെ മറ്റൊരു പ്രാവശ്യം നാം പുറത്തുകൊണ്ട് വരികയും ചെയ്യും. (ത്വഹ- 55)
അതെ, യാത്ര പോകേണ്ടവരാണ് നമ്മളും. എപ്പോഴാണ് എന്ന് നമുക്കാർ ക്കും അറിയില്ലെന്ന് മാത്രം. ഈ ലോക ജീവിതത്തിലെ കർമ്മങ്ങളുടെ സമാ പനമാണ് മരണം. മരണാനന്തര ജീവിതമാകട്ടെ ചെയ്ത കർമങ്ങളുടെ
പ്രതിഫലം കണ്ടെത്തുന്ന വേദിയും. മരണം വന്നു വിളിക്കുമ്പോൾ മാറി നിൽക്കാൻ സാധിക്കാത്തതു കൊണ്ടു തന്നെ മരണത്തിന് മുമ്പ് മരണാനന്തര ജീവിതത്തിലേക്ക് വേണ്ടി ഒരുക്കങ്ങൾ നടത്താൻ മറന്നു പോകരുത്.
മരിക്കണം വിശ്വാസിയായിക്കൊണ്ട്.
ഈ ലോകത്ത് നിന്ന് യാത്രയാകുമ്പോൾ പരിപൂർണ വിശ്വാസിയായി മരിക്കാൻ പരിശ്രമിക്കണം. അതിനു വേണ്ടി
എപ്പോഴും പ്രാർത്ഥിക്കണം. മരണ സമയത്ത് വിശ്വാസിയാകണമെങ്കിൽ നമ്മുടെ ജീവിതം വിശ്വാസ ത്തോടെയായിരിക്കണം. അല്ലാഹു നമുക്ക് നൽകിയ വസ്വീയത്ത് തന്നെ വിശ്വാസത്തോടെ
മരിക്കണെ എന്നുളളതാണ്. സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കേണ്ട മുറപ്രകാരം സൂക്ഷിക്കുക.
നിങ്ങള്‍ മുസ്ലിംകളായിക്കൊണ്ടല്ലാതെ മരിക്കാനിടയാകരുത്. (ഖു൪ആന്‍:3/102)
തൌബ ചെയ്യാൻ മറക്കരുത്.
മരണം തൊണ്ടകുഴിയിൽ എത്തുന്നതുവരെ അല്ലാഹു തൌബ സ്വീകരിക്കും എന്ന് നബി (സ്വ) പഠിപ്പിച്ചത് കാണാം.
അബ്ദുല്ലാഹി ബ്നു ഉമർ(റ) ൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു : റൂഹ് തൊണ്ടക്കുഴിയിൽ എത്തുന്നത് വരെ തന്റെ അടിമയുടെ പശ്ചാത്താപം അല്ലാഹു സ്വീകരിക്കുന്നതാണ്. (തിർമുദി: 3537)
മരണമെത്തും മുമ്പ് നാം പാപങ്ങളിൽ നിന്ന് ഖേദിച്ചു മടങ്ങണം. അറിഞ്ഞും അറിയാതെയും ഒറ്റക്കും കൂട്ടമായും
ജീവിതത്തിൽ പാപങ്ങൾ ധാരാളം ചെയ്തവരാണ് നാം. അതു കൊണ്ടു തന്നെ ചെയ്തു പോയ തെറ്റുകളിൽ നിന്ന് ഖേദിച്ചു മടങ്ങുകയും ആ തെറ്റുകളിലേക്ക് ഇനി മടങ്ങുകയില്ലെന്ന് തീരുമാനിക്കുകയും വേണം. തൌബ ചെയ്യാൻ വൈകിക്കൂടാ...
നിരാശ വേണ്ട, പ്രതീക്ഷയോടെ ജീവിക്കുക.
നിരാശകൾ അപകടത്തിലേക്ക് നമ്മെ നയിക്കും. പാപങ്ങൾ ഏറെ സംഭവിച്ചു. ഇനി എന്തു ചെയ്യും? രോഗം, സാമ്പത്തിക ബുദ്ധിമുട്ടുകൾ എന്നും പ്രശ്നങ്ങളാണ്. പലരും വേവലാധി പറയുന്നവരാണ്. വിശ്വാസി നിരാശയോടെ ജീവിക്കേണ്ടവരല്ല. പ്രതീക്ഷയുളളവരാണ്. അല്ലാഹുവിനെക്കുറിച്ച് നല്ല വിചാരവും റബ്ബെനിക്ക് വഴി കാണിച്ചു തരും, എന്റെ പ്രയാസങ്ങൾ തീർക്കും. എന്റെ പാപങ്ങൾ പൊറുത്തു തരും എന്നിങ്ങനെ എല്ലാ മേഖലകളിലും പ്രതീക്ഷയാണ് വിശ്വാസിയുടെ ആയുധം.
സമയം നഷ്ടപ്പെടുത്തരുത്...
നാം നശിപ്പിക്കുന്ന അനുഗ്രഹങ്ങളിലൊന്നാണ് സമയം.നഷ്ടപ്പെട്ടാൽ തിരി ച്ചു കിട്ടാത്ത മഹാത്തായ അനുഗ്രഹം. നമ്മുടെ ഓരോ ദിവസവും എങ്ങനെയാണ് കഴിഞ്ഞു പോകുന്നത്? അല്ലാഹുവിന്റെ തൃപ്തി ലഭിക്കുന്ന പ്രവർ ത്തനങ്ങളാണോ നാം ചെയ്തു കൊണ്ടിരിക്കുന്നത്? അതോ തിന്മകളുടെ ഏടുകളിൽ മലക്കുകൾക്ക് രേഖപ്പെടുത്താവുന്ന പ്രവർത്തങ്ങളോ? സമയം നന്മക്ക് വേണ്ടി ഉപയോഗിക്കുക. എത്ര കാലം നന്മകൾ ചെയ്യാൻ നമുക്ക് സാധിക്കുമെന്ന് അറിയില്ലല്ലോ. ജീവിതത്തിൽ സാധിക്കുന്നയത്ര നന്മകൾ ചെയ്യുക. ദിക്റുകളും ക്വുർആൻ പാരായണവും മതപഠനവും ആരാധനകളും കൊണ്ട് നമ്മുടെ സമയം ധന്യമാകട്ടെ.
പ്രിയപ്പെട്ടവരെ, നാം അറിയുന്ന നമ്മെ അറിയുന്ന പലരും ഈ ലോകത്ത് നിന്നും യാത്രയായി. പരീക്ഷണങ്ങളുടെ കാലഘട്ടത്തിലാണ് നമ്മുടെ ജീവിതം. മാറി ചിന്തിക്കാൻ ഇതിലും വലിയ ഒരു അവസരം ഇനി ലഭിക്കുമോ എന്ന് പറയാൻ സാധ്യമല്ല. മരണം സമീപത്താണ്. മറക്കാതിരിക്കുക. നാളേക്ക് വേണ്ടി നന്മകൾ പ്രവർത്തിക്കുക. അല്ലാഹു അനുഗ്രഹിക്കട്ടെ.
(മരണപ്പെട്ട അനസ് എന്ന സഹോദരന് അല്ലാഹു പൊറുത്തു കൊടുക്കു കയും സ്വർഗം നൽകി അനുഗ്രഹിക്കുകയും ചെയ്യട്ടെ. അദ്ദേഹത്തിന്റെ മരണത്തിലൂടെ പ്രയാസമനുഭവിക്കുന്ന കുടുംബത്തിന് അല്ലാഹു ക്ഷമിക്കാ നുളള കരുത്തു നൽകട്ടെ)
സ്നേഹ പൂർവ്വം
സമീർ മുണ്ടേരി.
00 Comments