ബലി അറുക്കുക
എല്ലാ സമുദയത്തിനും ബലി ക൪മ്മം നിശ്ചയിച്ചിട്ടുണ്ട്. ഇബ്രാഹിം നബി (അ) യോട് മകനെ അറുക്കാനാണ് കൽപ്പിച്ചത്. അദ്ദേഹം അതിന് സന്നദ്ധനായി എന്ന് ചരിത്രം പഠിപ്പിക്കുന്നു. അതിന് അദ്ദേഹം തയ്യാറായപ്പോൾ പകരമായി ആടിനെ അറുക്കാൻ അല്ലാഹു കൽപ്പിച്ചു.
ഉദ്ഹിയ്യത്ത് നി൪ബന്ധം?
ഉദ്ഹിയ്യത്ത് നി൪ബന്ധമാണോ എന്ന വിഷയത്തിൽ രണ്ടു അഭിപ്രായങ്ങൾ കാണാം. ഒരു വിഭാഗം പണ്ഡിതന്മാ൪ വാജിബാണ് എന്ന് പറയുന്നവരാണ്. മറ്റൊരു വിഭാഗം പ്രബലമായ സുന്നത്താണ് എന്നും വിശദീകരിക്കുന്നു.
ഇബ്‌നുസീരിനിൽ നിന്ന്: അദ്ദേഹം ഇബ്‌നു ഉമറിനോട് ചോദിച്ചു: ഉദ്‌ഹിയ്യത്ത് കർമം നിർബന്ധമാണോ? അദ്ദേഹം പറഞ്ഞു: പ്രവാചകരും മുസ്‌ലിംകളും നിർവഹിച്ചു വന്ന ആ ചര്യ ഇന്നും തുടർന്നു പോരുന്നു (ഇബ്‌നു മാജ).
ഇമാം അബൂഹനീഫയുടെയും, സുഫ്യാനു സൌരി (റ), ലൈസ് (റഹി), ശൈഖ് ഉസൈമീൻ (റഹി) എന്നീ പണ്ഡിതന്മാരെല്ലാം ഉദ്ഹിയത്ത് നിർബ ന്ധ ബാധ്യതയാണ് എന്ന അഭിപ്രായക്കാരാണ്. മഹാ പണ്ഡിതനായ ഇബ്നു തൈമിയ (റഹി) ഉദ്ഹിയത്ത് അറുക്കൽ വാജിബാണ് എന്ന് സമ൪ത്ഥിച്ചത് കാണാൻ കഴിയും.
ആ൪ക്കാണ് ഇത് വാജിബാകുന്നത്?
കഴിവുളളവ൪ക്ക് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ? നമസ്കാത്തിന്റെ റുക്നുകളിൽ പെട്ടതാണ് കഴിവുളളവൻ
നിന്നാണ് നമസ്കരിക്കേണ്ടത് എന്നത്. എന്നാൽ സാധിക്കാത്തവന് ഇരുന്നു നമസ്കാരിക്കാം അതു പോലെ ഉദ്ഹിയത്ത് അറുക്കാൻ കഴിയുന്നവൻ നി൪ബന്ധമായും അറുക്കണം. അല്ലാത്തവന്റെ
മേൽ കുറ്റമില്ല... (അല്ലാഹു അഅ്ലം)
ഉദ്ഹിയത്ത് അറുക്കാൻ കഴിവുണ്ടായിട്ടും അങ്ങനെ ചെയ്യാത്തവർ നമ്മുടെ നമസ്‌കാരത്തിലേക്ക് വരാതിരിക്കട്ടെ
എന്ന നബി (സ്വ) യുടെ വചനം ഈ കർമ്മത്തിന്റെ സ്ഥാനം എത്രയാണെന്ന് വ്യക്തമാക്കിതരുന്നു.
നബി (സ്വ) യുടെ ഉദ്ഹിയ്യത്ത്..
നബി (സ) ബലിപെരുന്നാൾ ദിനത്തിൽ രണ്ട് ആടുകളെ തനിക്കും തന്റെ കുടുംബത്തിനും വേണ്ടി ബലിയറുക്കുകയുണ്ടായി. എന്നിട്ട് ഇങ്ങനെ പ്രാർത്ഥിക്കുകയും ചെയ്തു. അല്ലാഹുവേ,ഇത് മുഹമ്മദിന്റെയും കുടുംബ ത്തിന്റെയും എന്റെ സമുദായത്തിൽ ബലിയറുക്കാൻ കഴിയാത്തവർക്കും വേണ്ടിയുള്ള ബലിയാകുന്നു. മറ്റൊരു ഹദീഥിൽ ഇപ്രകാരം വന്നിട്ടുണ്ട്.
നിശ്ചയം തൂ വെള്ള നിറമുള്ളതും കൊമ്പുകളുള്ളതുമായ രണ്ടു മുട്ടനാടുകളെ അറുത്തുകൊണ്ട് തിരുനബി ഉദ്ഹിയ്യത്ത് നടത്തി. നബി (സ്വ) തന്റെ കൈ കൊണ്ട് അവയെ അറുക്കുകയും ബിസ്മി ചൊല്ലുകയും തക്ബീർ മുഴക്കുകയും അവയുടെ പിരടികളിൽ തന്റെ കാലു വെക്കുകയും ചെയ്തു. (ഹദീസ്)
എന്തിനെയാണ് അറുക്കേണ്ടത് ?
അല്ലാഹു പറയുന്നത് കാണുക: ഓരോ സമുദായത്തിനും നാം ഓരോ ആരാധനാകർമ്മം നിശ്ചയിച്ചിട്ടുണ്ട്. അവർക്ക് ഉപജീവനത്തിനായി അല്ലാഹു അവർക്ക് നൽകിയിട്ടുള്ള കന്നുകാലിമൃഗങ്ങളെ അവന്റെ നാമം ഉച്ചരിച്ചുകൊണ്ട് അവർ അറുക്കേണ്ടതിനു വേണ്ടിയത്രെ അത്. (വി. ക്വു.)
ഒട്ടകം, മാട്, ആട് എന്നിവ കൊണ്ടല്ലാതെ ഉദ്ഹിയ്യത്ത് ശരിയാവുകയില്ല. എന്നാണ് പ്രമാണങ്ങൾ പഠിപ്പിക്കുന്നത്. നബി (സ്വ) യിൽ നിന്നും സ്വഹാബികളിൽ ഒരാളിൽ നിന്നും ഇവയല്ലാതെ ബലിയറുക്കപ്പെട്ടത് ഉദ്ധരിക്കപ്പെട്ടിട്ടുമില്ല.
ഒരു ഒട്ടകവും ഒരു മാടും ഏഴുപേർക്ക് ഉദ്ഹിയ്യക്കു മതിയാകുന്നതാണ്. ജാബിർ (റ) വിൽ നിന്നും നിവേദനം. അദ്ദേഹം പറഞ്ഞു: ഞങ്ങൾ നബി (സ്വ) യോടൊപ്പം ഹുദയ്ബിയ്യാ സന്ധിയുടെ വർഷം ഏഴുപേർക്ക് ഒരു ഒട്ടകത്തേയും ഏഴു പേർക്ക് ഒരു പശുവിനേയും അറുത്തിരുന്നു. എന്നാൽ ആടിനെ അറുക്കുന്നവ൪ക്ക് പങ്കുകാരെ ചേ൪ക്കാൻ തെളിവില്ല.
ബലിമൃഗത്തില് ശ്രദ്ധിക്കേണ്ടത്. എത്ര വയസുളളതിനെയാണ് അറുക്കേണ്ടത് ?
ഒട്ടകം: അഞ്ചു വയസ്സ് പൂർത്തിയാകണം. മാട്: രണ്ടു വയസ്സ് പൂർത്തിയാകണം. കോലാട്: ഒരു വയസ്സ് പൂർത്തിയാകണം.
അറുക്കുന്നവ൪ ഈ കാര്യം ശ്രദ്ധിക്കേണ്ടതാണ്. ന്യൂനതകളിൽ നിന്ന് ഒഴിവുളളവയാകണം..
മാംസം കുറയുവാൻ കാരണമാകുന്ന ന്യൂനതകളിൽ നിന്ന് ഒട്ടകം, മാട്, ആട് എന്നിവ സുരക്ഷിതമായിരിക്കണമെന്നതു ഉദ്ഹിയത്തിന്റെ ശ൪ത്വുക ളിൽ പെട്ടതാണ്. അതിനാൽ മെലിഞ്ഞൊട്ടിയത്, മുടന്തുള്ളത്, കാഴ്ച നഷ്ടപ്പെട്ടത്, രോഗിയായത് എന്നിവ ഉദ്ഹിയ്യത്ത് അറുക്കാൻ മതിയാവുകയില്ല. ഈ വചനം നോക്കൂ. നാലു കാലികൾ ഉദ്ഹീയത്തിന് മതിയാവുകയില്ല.
കാഴ്ച പോയെന്നു വ്യക്തമായത്, പ്രത്യക്ഷമായ രോഗമുള്ളത്, വ്യക്തമായി മുടന്തുള്ളത്, മെലിഞ്ഞു മജ്ജനശിച്ചത് എന്നിവയാണവ (നബി വചനം)
എപ്പോൾ അറുക്കണം?
പണ്ഡിതന്മാ൪ വിശദീകരിക്കുന്നത് പെരുന്നാൾ നമസ്കരിച്ചവർക്ക് നമസ്കാര ശേഷം മുതലും പെരുന്നാൾ നമസ്കരിച്ചിട്ടില്ലാത്തവന് പെരുന്നാൾ സുദിനം സൂര്യനുദിച്ച് രണ്ടു റക്അത്തുകൾക്കും രണ്ടു ഖുത്വുബകൾക്കും മതിയായ സമയം മുതലും ഉദ്ഹിയ്യത്ത് അറുക്കാവുന്നതാണ്.
നബി (സ്വ) പറഞ്ഞു: വല്ലവനും നമ്മുടെ നമസ്കാരം പോലെ നമസ്കരിക്കു കയും നമ്മുടെ ബലിപോലെ ബലി നൽകുകയും ചെയ്താൽ അവന്റെ ബലി സാധുവായതായി. വല്ലവനും നമസ്കാരത്തിനു മുമ്പ് ബലി നൽകിയാൽ അവന് അതിന്റെ സ്ഥാനത്ത് മറ്റൊരെണ്ണത്തെ ബലിയറുക്കട്ടെ. (ഹദീസ്)
അയ്യാമുത്തശരീക്വിന്റെ (ദുല്ഹിജ്ജ 11,12,13 ദിവസങ്ങൾ) അവസാനത്തെ അസ്തമയം
വരേക്കും ബലിയറുക്കാവുനന്താണ്,
വിതരണം
നാം അറുക്കുന്ന ബലി മൃഗത്തെ മൂന്നു ഭാഗമാക്കൽ സുന്നത്താകുന്നു. നബി (സ്വ) യുടെ ഉദ്ഹിയത്തിന്റെ രീതിയെ കുറിച്ചുള്ള ഇബ്നു അബ്ബാസി (റ) വിന്റെ ഹദീഥിൽ ഇപ്രകാരമുണ്ട്: അവന് മൂന്നിലൊന്ന് തന്റെ കുടുംബത്തെ ഭക്ഷിപ്പിക്കുകയും മൂന്നിലൊന്ന് തന്റെ അയൽ വാസികളിലെ അഗതികളെ ഭക്ഷിപ്പിക്കുകയും മൂന്നിലൊന്ന്
ചോദിക്കുന്നവർക്ക് ദാനം ചെയ്യുകയും ചെയ്യട്ടെ.
ബലി ഉദ്ദേശിക്കുന്നവന് അനിവാര്യമായ കാര്യങ്ങൾ:
ബലി അറുക്കുവാൻ ഉദ്ദേശിക്കുന്നവൻ അതു നൽകുന്നതുവരെ തന്റെ മുടിയോ നഖമോ എടുക്കൽ നിഷിദ്ധമാകുന്നു. ഉമ്മുസലമഃയിൽ നിന്നുള്ള ഹദീഥിൽ ഇപ്രകാരമുണ്ട്: ഒരാളുടെ അടുക്കൽ ബലിമൃഗം ഉണ്ടായിരിക്കെ ദുൽ ഹജ്ജ് പത്തു പ്രവേശിക്കുകയും അയാൾ ബലിറുക്കുവാന് ഉദ്ദേശിക്കുകയും ചെയ്താൽ അവന് തന്റെ മുടിയെടുക്കുകയോ നഖം വെട്ടുകയോ ചെയ്യരുത്. (നബി വചനം)
പ്രിയപ്പെട്ടവരെ, ഏറെ പുണ്യം ലഭിക്കുന്ന ഈ കർമ്മത്തിനു വേണ്ടി ഇപ്പോൾ തന്നെ തയ്യാറാവുക. സാധിക്കുന്നവർ ഒരു മൃഗത്തെ സ്വന്തമായി തന്നെ അറുക്കുക, സാധിക്കാത്തവർ പറ്റുന്ന രീതിയിൽ ബലി അറുക്കുവാൻ തയ്യാറുവുക. പവിത്രമായ ദുൽഹിജ്ജ മാസത്തിലെ ആദ്യ പത്തു ദിനങ്ങളിലെ പുണ്യങ്ങൾ കരസ്ഥമാക്കാൻ പരിശ്രമിക്കുക. അല്ലാഹു അനുഗ്രഹിക്കട്ടെ.
സ്നേഹപൂർവ്വം
സമീർ മുണ്ടേരി
00 Comments