ലൈലത്തുൽ ഖദ്ർ
ചില സമയങ്ങൾക്കും സ്ഥലങ്ങൾക്കും ഇസ്ലാമിൽ പ്രത്യേകതകൾ കൽപ്പിച്ചത് കാണാം. ലോകത്തെ ശ്രേഷ്ഠമായ പളളികളാണ് മസ്ജിദുൽ ഹറം, മസ്ജിദു ന്നബവി, മസ്ജിദുൽ അഖ്സ എന്നിവ.മറ്റു പളളികളെക്കാൾ ഇവക്ക് പ്രത്യേക തയും മഹത്വവും ഉണ്ട്. ദിവസങ്ങളുടെ കൂട്ടത്തിൽ വെള്ളിയാഴ്ച്ചക്ക് ശ്രേഷ്ഠത യുണ്ട്. അതു പോലെ ഏറെ പവിത്രയുണ്ടെന്ന് അല്ലാഹു പഠിപ്പിച്ച രാത്രിയാണ് ഖദ്റിന്റെ (നിർണയത്തിന്റെ) രാത്രി. മാനവ സമൂഹത്തെ നന്മയിലേക്ക് നയിക്കാൻ ഉപരിലോകത്ത് നിന്ന് മലക്ക് ജിബ്രീൽ (അ) മുഖേന അല്ലാഹു അവതരിപ്പിച്ച വിശുദ്ധ ക്വുർആൻ അവതീർണമായ രാത്രിയാണ് ഖദ്റിന്റെ രാത്രി എന്നു അറിയപ്പെടുന്നത്. സൂറത്തു ദുഖാനിലും സൂറത്തുൽ ഖദ്റിലും അല്ലാഹു ഇത് വിശദീകരിക്കുന്നുണ്ട്.
┈•✿❁✿•••
തീര്‍ച്ചയായും നാം ഇതിനെ (ഖുര്‍ആനിനെ) നിര്‍ണയത്തിന്റെ രാത്രിയില്‍ അവത രിപ്പിച്ചിരിക്കുന്നു. നിര്‍ണയത്തിന്റെ രാത്രി എന്നാല്‍ എന്താണെന്ന് നിനക്കറിയാ മോ? നിര്‍ണയത്തിന്റെ രാത്രി ആയിരം മാസത്തെക്കാള്‍ ഉത്തമമാകുന്നു. മലക്കുകളും റൂഹും(ആത്മാവും) അവരുടെ രക്ഷിതാവിന്റെ എല്ലാ കാര്യത്തെ സംബന്ധിച്ചുമുള്ള ഉത്തരവുമായി ആ രാത്രിയില്‍ ഇറങ്ങി വരുന്നു. പ്രഭാതോദയം വരെ അത് സമാധാനമത്രെ. (ഖു൪ആന്‍:97/1-5)
മുകളിലെ ആയത്തുകളിൽ നിന്ന് മനസ്സിലാകുന്നത്, ക്വുർആൻ അവതരിച്ച രാത്രിയും അനുഗ്രഹീതമായ രാത്രിയും ആയിരം മാസങ്ങളെക്കാൾ പണ്യമുളള രാത്രിയുമാണ് ഖദ്റിന്റെ രാത്രി.
┈•✿❁✿•••
ഈ ഒരു രാത്രിക്ക് ആയിരം മാസങ്ങളെക്കാൾ മഹത്വമുണ്ടെന്നുളളത് വലിയ പ്രധാന്യത്തോടെ വിശ്വാസികൾ കാണുകയും അതിന് വേണ്ടി പരിശ്രമിക്കുകയും വേണം. എന്നാണ് അത് സംഭവിക്കുക എന്ന് നബി (സ്വ) കൃത്യമായി പഠിപ്പിച്ചിട്ടില്ല. അത് എന്നാണ് എന്നു പഠിപ്പിക്കാൻ വേണ്ടി നബി (സ്വ) ഇറങ്ങി വരുന്ന ഒരു ചരിത്രം ഹദീസുകളിൽ നമുക്ക് വായിക്കാൻ സാധിക്കും.
ഉബാദത്തുബ്നു സ്വാമിത്തില്‍ (റ) നിന്ന് നിവേദനം: ലൈലത്തുൽ ഖദ്റിനെ കുറിച്ച് ഞങ്ങളെ അറിയിക്കുവാൻ നബി (സ്വ) ഒരിക്കൽ പുറപ്പെട്ടു. അപ്പോൾ മുസ്ലിംകളിൽ പെട്ട രണ്ടു പേർ തമ്മിൽ വഴക്ക് കൂടുകയുണ്ടായി. നബി (സ്വ) പറഞ്ഞു: ലൈലത്തുൽ ഖദ്റിനെ കുറിച്ച് നിങ്ങളെ അറിയിക്കുവാൻ വേണ്ടി ഞാൻ പുറപ്പെടുകയുണ്ടായി. അപ്പോൾ ഇന്നവനും ഇന്നവനും തമ്മിൽ വഴക്ക് കൂടുകയുണ്ടായി. അങ്ങനെ ആ വിജ്ഞാനം ഉയർത്തപ്പെട്ടു. ഒരു പക്ഷേ അതു നിങ്ങൾക്ക് ഗുണകരമാ യിരിക്കാം. അതുകൊണ്ട് നിങ്ങൾ അതിനെ ഒമ്പതിലും ഏഴിലും അഞ്ചിലും അന്വേഷിക്കുക. (ബുഖാരി 2023).
┈•✿❁✿•••
റമദാനിലെ അവസാനത്തെ പത്തിലെ ഒറ്റ വിട്ട രാത്രികളിൽ അതിനെ അന്വേഷിക്കാൻ നബി (സ്വ) പഠിപ്പിച്ചതു കാണാം. ഇബ്നു അബ്ബാസില്‍ (റ) നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു: റമദാനിലെ ഒടുവിലത്തെ പത്തിൽ നിങ്ങൾ ലൈലത്തുൽ ഖദ്ർ പ്രതീക്ഷിക്കുവിൻ, (മാസത്തിലെ) അവശേഷിക്കുന്ന ഒമ്പതാം നാളിലും ഏഴാം നാളിലും അഞ്ചാം നാളിലും കാത്തിരിക്കുക.(ബുഖാരി: 2021)
ലൈലത്തുൽ ഖദ്റിനെ നേടിയെടുക്കുക
നബി (സ്വ) റമദാനിലെ അവസാനത്തെ പത്ത് ദിവസങ്ങളിൽ പളളികളിൽ ഭജനമിരിക്കുകയും ആരാധനകൾ കൊണ്ട് കഠിനമായി പരിശ്രമിക്കുകയും ചെയ്തിരുന്നു. ആയിശ(റ)ൽ നിന്ന് നിവേദനം: നബി(സ്വ) റമദാനിലെ അവസാന ത്തെ പത്തിൽ ഇഅ്തികാഫ് ഇരിക്കാറുണ്ടായിരുന്നു. അവിടുന്ന് പറയും. നിങ്ങൾ ലൈലത്തുൽ ഖദ്റിനെ റമദാനിലെ അവസാനത്തെ പത്തിൽ പ്രതീക്ഷിക്കുക. (ബുഖാരി:2020)
ആയിശ (റ) തന്നെ പറയുന്ന മറ്റൊരു ഹദീസിൽ ഇങ്ങനെ കാണാം. നബി(സ്വ) അവസാന പത്തില്‍ മറ്റൊരു കാലത്തും ചെയ്യാത്ത വിധത്തില്‍ ആരാധനാ ക൪മ്മങ്ങളില്‍ കഠിനാധ്വാനം ചെയ്യാറുണ്ടായിരുന്നു. (മുസ്ലിം:1175)
അനുഗ്രഹീതമായ ഈ രാത്രിയെ ലഭിക്കാൻ വേണ്ടി റമദാനിലെ അവസാന പത്തു ദിവസങ്ങളെ നമുക്കും ഉപയോഗിക്കാം. എൺപത്തി മൂന്ന് വർഷക്കാലം ആരാധനകൾ ചെയ്ത നന്മകൾ ഒറ്റ രാത്രി കൊണ്ട് നേടിയെടുക്കാൻ സാധിക്കും. ലൈലത്തുൽ ഖദ്റിനെ കണ്ടെത്തുന്ന സൌഭാഗ്യവാന്മാരിൽ അല്ലാഹു
നമ്മെ ഉൾപ്പെടുത്തട്ടെ.
അല്ലാഹു അനുഗ്രഹിക്കട്ടെ.
സ്നേഹ പൂർവ്വം
സമീർ മുണ്ടേരി
ജുബൈൽ
00 Comments