നബി (സ്വ) പറഞ്ഞ കഥ;
┈•✿❁✿•••
അബൂഹുറൈ (റ) റിപ്പോർട്ട് ചെയ്യുന്നു. നബി (സ്വ) പറഞ്ഞു: അല്ലാഹു ആദം നബി (അ) യെ സൃഷ്ടിച്ചു കഴിഞ്ഞപ്പോൾ
അദ്ദേഹത്തിന്റെ പുറം തടവി. അപ്പോൾ അന്ത്യനാൾ വരെ അദ്ദേഹത്തിന്റെ സന്താന പരമ്പരകളിൽ നിന്ന്
അല്ലാഹു സൃഷ്ടിക്കാൻ പോകുന്നവരെല്ലാം പുറത്തു വന്നു. ഓരോരുത്തരുടെയും ഇരു കണ്ണുകൾക്കിടയിൽ
പ്രകാശം കൊണ്ടുളള ഒരു തിളക്കമുണ്ടായിരുന്നു. പിന്നെ അവരെ ആദം നബി (അ) ക്ക് മുമ്പിൽ പ്രദർശിപ്പിച്ചു.
അദ്ദേഹം ചോദിച്ചു റബ്ബേ, ആരാണിവരൊക്കെ? അല്ലാഹു പറഞ്ഞു: ഇവർ നിന്റെ സന്തതികളാണ്.
അപ്പോൾ അദ്ദേഹം അക്കൂട്ടത്തിൽ ഒരാളെ കണ്ടു. അയാളുടെ കണ്ണുകൾക്കിടയിലുളള തിളക്കം അദ്ദേഹത്തെ
ആശ്ചര്യപ്പെടുത്തി. അദ്ദേഹം ചോദിച്ചു: റബ്ബേ, ആരാണിത്? അല്ലാഹു പറഞ്ഞു; നിന്റെ സന്തതികളിൽ അവസാന സമുദായങ്ങളിൽ പെട്ട ഒരാളാണിത്. ദാവൂദ് എന്നാണ് പേര്. അദ്ദേഹം ചോദിച്ചു: റബ്ബേ, ഇദ്ദേഹത്തിന് നീ എത്രയാണ് ആയുസ് നിശ്ചയിച്ചത്? അല്ലാഹു പറഞ്ഞു: അറുപത് വർഷം. അദ്ദേഹം പറഞ്ഞു: റബ്ബേ, എന്റെ ആയുസിൽ നിന്ന് നാൽപ്പത് വർഷം അദ്ദേഹത്തിന് കൊടുക്കൂ.
അങ്ങനെ ആദം നബി (അ) യുടെ ആയുസിന്റെ അവധി എത്തിയപ്പോൾ അദ്ദേഹത്തിന്റെ അടുക്കൽ മലക്കുൽ മൌത്തു വന്നു. അദ്ദേഹം ചോദിച്ചു എന്റെ ആയുസിൽ നാൽപ്പത് വർഷം കൂടി അവശേഷിക്കുന്നില്ലേ?
മലക്കുൽ മൌത്ത് ചോദിച്ചു താങ്കൾ അത് താങ്കളുടെ മകൻ ദാവൂദിന് നൽകിയില്ലേ?
തിരുദൂതർ (സ്വ) പറഞ്ഞു; അങ്ങനെ ആദം നബി (അ) നിഷേധിച്ചു. അദ്ദേഹത്തിന്റെ സന്തതികളും നിഷേധിക്കുന്നു. അദ്ദേഹത്തിന് മറവി സംഭവിച്ചു. അദ്ദേഹത്തിന്റെ സന്തതികൾക്കും മറവി സംഭവിക്കുന്നു. അദ്ദേഹത്തിന് അബദ്ധം സംഭവിച്ചു. അദ്ദേഹത്തിന്റെ സന്തതികൾക്കും അബദ്ധം സംഭവിക്കുന്നു.
(ഇമാം തിർമുദി)
┈•✿❁✿•••
പ്രവാചക തിരുമേനി പഠിപ്പിച്ചഒരു സംഭവമാണ് മുകളിൽ നാം വായിച്ചത്. ഈ സംഭവത്തിൽ ഏറെ പഠിക്കാനും പകർത്താനുമുണ്ട്.
സൃഷ്ടിക്കാനും അന്ത്യ ദിനത്തിൽ പുനർജീവിപ്പിക്കാനുമുളള അല്ലാഹുവിന്റെ കഴിവ്.
വഴി തെറ്റിയവരുടെ ഹൃദയങ്ങളെ ശിർക്കും പാപങ്ങളും മലീമസമാക്കുന്നതിന് മുമ്പ് അവർ ശുദ്ധ പ്രകൃതയിലായിരുന്നു.
ആദം നബി (അ) തന്റെ സന്തതികളെ കണ്ടിട്ടുണ്ട്.
സ്വഭാവങ്ങളും പ്രകൃതങ്ങളും ചിലപ്പോൾ പിതാക്കളിൽ നിന്ന് മക്കളിലേക്ക് പകർന്നു കിട്ടിയേക്കാം.
സ്നേഹ പൂർവ്വം
സമീർ മുണ്ടേരി
ജുബൈൽ
00 Comments